ഇടുക്കി സ്വദേശിനിയായ 71-കാരി ലീല ജോസ് ദുബായിൽ 13,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തി ചരിത്രം കുറിച്ചു. ഇതോടെ കേരളത്തിൽ നിന്ന് ഔദ്യോഗികമായി സ്കൈ ഡൈവിംഗിന് രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ മാറി.
സ്കൈ ഡൈവിംഗ് യുവാക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന ധാരണയുണ്ടെങ്കില്‍ മാറ്റിക്കോളൂ. അങ്ങ് ദുബായിൽ വച്ച് 13,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു മലയാളി സ്ത്രീ. കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ മകനെ കാണാനായി ദുബായില്‍ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയത്. തന്‍റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാല്‍ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.
ആഗ്രഹം
ഇതോടെ കേരളത്തിൽ നിന്ന് സ്കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ലീല ജോസഫ് മാറി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനടെയാണ് എല്ലാം തുടങ്ങിയതെന്ന് ലീല പറയുന്നു. തന്‍റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പലരും പ്രായം പറഞ്ഞ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്കൈഡൈവിംഗ് ചെയ്യണമെന്ന് അവര്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു. അങ്ങനയൊണ് കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകന്‍ അവിടെ ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. പക്ഷേ ലീല ഞെട്ടിയത് പിന്നെയായിരുന്നു. കാരണം ആ സ്ലോട്ട് മകന് വേണ്ടിയായിരുന്നില്ല. മറിച്ച് ലീലയ്ക്ക് വേണ്ടിയായിരുന്നു.
അടുത്തത്
സ്കൈഡൈവിംഗിനായി അവിടെ എത്തയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് തന്നെ. എന്നാല്‍ 13,000 അടി മുകളില്‍ നിന്നും ലീല താഴെ ഭൂമിയിലേക്ക് ചാടി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റില്‍ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവര്‍ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിന്‍റെ തന്നെ ഭാഗമാകാന്‍ ലീലയ്ക്ക് കഴിഞ്ഞു. പക്ഷേ അവിടെ കൊണ്ടും തീരുന്നില്ലെന്നാണ് ലീലയുടെ നിലപാട്. സാധ്യമാകുമെങ്കില്‍ തനിക്ക് ബഹിരാകാശത്തേക്ക് ഒന്ന് പോകണമെന്ന് ലീല ആഗ്രഹം പ്രകടിപ്പിച്ചെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.


