അടിസ്ഥാനപരമായ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് അവർ തുടങ്ങുന്നത്. വളരെ ശ്രദ്ധാപൂർവമാണ് കാൻഡേസ് ഓരോ വാക്കും ഉച്ചരിക്കുന്നത് എന്നും കാണാം. ആ സമയം അവളുടെ പങ്കാളി കർണെയുടെ മുഖത്ത് പുഞ്ചിരിയാണ്.
തന്റെ ഇന്ത്യൻ ഭർത്താവിനോട് സംസാരിക്കാനും അദ്ദേഹത്തെ സന്തോഷിപ്പിക്കാനും വേണ്ടി മറാത്തി പഠിക്കുന്ന ഒരു അമേരിക്കൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാൻഡേസ് കർണെ എന്ന യുവതിയാണ് ഇന്ത്യക്കാരനായ തന്റെ ഭർത്താവ് അനികേത് കർണെയ്ക്ക് വേണ്ടി മറാത്തി പഠിക്കുന്നത്.
കാൻഡേസ് ഭർത്താവിനൊപ്പം മറാത്തി പരിശീലിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുന്നത്. കാൻഡേസ് ആദ്യം തന്നെ ചോദിക്കുന്നത്, 'ഗുഡ്മോർണിംഗ് സുഖമാണോ' എന്നാണ്. ഇത്തരം അടിസ്ഥാനപരമായ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് അവർ തുടങ്ങുന്നത്. വളരെ ശ്രദ്ധാപൂർവമാണ് കാൻഡേസ് ഓരോ വാക്കും ഉച്ചരിക്കുന്നത് എന്നും കാണാം. ആ സമയം അവളുടെ പങ്കാളി കർണെയുടെ മുഖത്ത് പുഞ്ചിരിയാണ്.
തിരികെ കർണെ മറാത്തിയിലാണ് മറുപടി നൽകുന്നത്. അത് തനിക്കത്ര മനസിലായില്ല എന്ന് കാൻഡേസ് സമ്മതിക്കുന്നുണ്ട്. പിന്നീട് ഓരോ ദിവസവും ആവശ്യമായി വരുന്ന 'നമസ്കാർ' (ഹലോ) പോലുള്ള ചെറിയ ചെറിയ വാക്കുകളെല്ലാം അവൾ പറഞ്ഞു നോക്കുന്നുണ്ട്. തുടർന്ന് 'രാത്രിയിൽ ഡിന്നറിന് വേണ്ടി എന്താണ്' എന്ന് അവൾ ചോദിക്കുന്നതും കേൾക്കാം.
താൻ ഇറച്ചിക്കറി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഭർത്താവിന്റെ മറുപടി. അപ്പോൾ അവൾ സന്തോഷത്തോടു കൂടി 'ധന്യവാദ്' (നന്ദി) എന്ന് പറയുന്നതും കേൾക്കാം. ഞാനത്ര പെർഫെക്ടല്ല, എന്നാലും ശ്രമിക്കുന്നുണ്ട്, തന്നോട് ക്ഷമയോടെ പെരുമാറണം എന്ന കാപ്ഷനോടെയാണ് കാൻഡേസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
യുവതിയുടെ പരിശ്രമത്തെ നിരവധിപ്പേരാണ് കമന്റുകളിലൂടെ അഭിനന്ദിച്ചത്. ഒപ്പം യുവതിക്ക് ഭർത്താവിനോട് പറയാൻ പറ്റുന്ന ചില മറാത്തി വാക്കുകളും പലരും കമന്റ് ബോക്സിൽ നിർദ്ദേശിച്ചിട്ടുണ്ട്.
