ഇന്ത്യ - പാക് സംഘർഷത്തിനിടെയാണ് പുതിയ പരസ്യവുമായി അമൂല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായത്. 


ർത്തമാന സാഹചര്യങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വ്വം പരസ്യം ചെയ്യാനുള്ള അമൂൽ പരസ്യ വിഭാഗത്തിന്‍റെ കഴിവ് നേരത്തെ തന്നെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ഒന്നാണ്. നിലവില്‍ പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നടന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയും ലോകം മുഴുവനും ആകാംഷയോടെയും ഭയത്തോടെയുമാണ് വിക്ഷിച്ചിരുന്നത്. ഈ സമയമാണ് അമൂലിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടിയത്. 

അമുൽ പരസ്യങ്ങളിലെ സ്ഥിരം സാന്നിധ്യമായ പെൺകുട്ടി ഇത്തവണത്തെ പരസ്യത്തിലും ഇടം പിടിച്ചു. തങ്ങളുടെ പുതിയ പരസ്യം എക്സിലൂടെയാണ് അമൂല്‍ പങ്കുവച്ചത്. ഏപ്രിൽ 22 ന് രാജ്യാതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ 26 പേരെയാണ് കൊലപ്പെടുത്തിയത്. 15 ദിവസങ്ങൾക്ക് ശേഷം മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പാക്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിടെ 9 തീവ്രവാദി കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന നിയന്ത്രിത ആക്രമണത്തിലൂടെ തകര്‍ത്തത്. ഇതിന് പിന്നാലെ ഇന്ത്യയുടെ നടപടിയെ ജനങ്ങളോട് വിശദീകരിച്ച് ഇന്ത്യന്‍ സൈന്യത്തെ പ്രതിനീധീകരിച്ചെത്തിയത് രണ്ട് വനിതകളായിരുന്നു, കേണൽ സോഫിയ ഖുറൈഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും. അമൂലിന്‍റെ പരസ്യത്തിലും ഉണ്ടായിരുന്നത് കേണൽ സോഫിയ ഖുറൈഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും ഒപ്പം അമൂല്‍ പെണ്‍കുട്ടിയും. 

Scroll to load tweet…

ഇന്ത്യന്‍ നടപടി വിശദീകരിച്ച് പോഡിയത്തിന് മുന്നില്‍ നില്‍ക്കുന്ന കേണൽ സോഫിയ ഖുറൈഷിയ്ക്കും വിംഗ് കമാൻഡർ വ്യോമിക സിംഗിനും സല്യൂട്ട് നല്‍കുന്ന അമൂല്‍ പെണ്‍കുട്ടിയുടെ പരസ്യമായിരുന്നു അത്. ഒപ്പം 'Send them pakking'. 'അമൂൽ, അഭിമാനിയായ ഇന്ത്യന്‍' എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഇതില്‍ ശ്രദ്ധേയമായ കാര്യം പാക്കിംഗ് (packing) എന്ന വാക്കിന് പകരം 'pakking' എന്ന വാക്കാണ് ഉപയോഗിച്ചത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍ പാകിസ്ഥാന്‍റെ ആദ്യ മൂന്ന് അക്ഷരങ്ങൾ കൂടി കടന്ന് വരുന്നു. ഏതാനും വാക്കുകളിലൂടെ ഒരു രാജ്യത്തിന്‍റെ വികാരം മുഴുവനും പകർത്താന്‍ പരസ്യത്തിന് കഴിഞ്ഞെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചു. ഒരു കാഴ്ചക്കാരന്‍ പരസ്യത്തെ ലവ്ലി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ചിലര്‍ അമൂലിനെ സ്നേഹിക്കാന്‍ ഓരോരോ കാരണങ്ങൾ എന്നായിരുന്നു എഴുതിയത്.