സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ച അപപാങ്, അലാങ്, അഹു എന്നീ മൂന്ന് അമുർ ഫാൽക്കണുകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ്. അറബിക്കടലിന് കുറുകെ 3,000 കിലോമീറ്റർ നിർത്താതെ പറക്കേണ്ട ഈ യാത്ര, ദേശാടനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ നൽകുന്നതിനൊപ്പം ഈ പക്ഷികളുടെ സംരക്ഷണ വിജയത്തെയും എടുത്തു കാണിക്കുന്നു.

വെറും 150 ഗ്രാം മാത്രം ഭാരമുള്ള മൂന്ന് അമുർ ഫാൽക്കണുകൾ (Amur falcons) തങ്ങളുടെ അതിസാഹസികമായ മടക്കയാത്രയിലാണ്. അപപാങ്, അലാങ്, അഹു എന്ന് പേരിട്ടിരിക്കുന്ന ഈ പക്ഷികൾ, ശീതകാലം ചെലവഴിച്ച ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള 3,000 കിലോമീറ്റർ നീളുന്ന അറബിക്കടൽ കടന്നുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നു.

അഞ്ച് ദിവസം കൊണ്ട് സോമാലിയയിൽ

മണിപ്പൂർ അമുർ ഫാൽക്കൺ ട്രാക്കിംഗ് പ്രോജക്ടിന്‍റെ ഭാഗമായി, 2025 നവംബറിലാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (WII) ശാസ്ത്രജ്ഞർ ഈ മൂന്ന് പക്ഷികളെയും മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിൽ വെച്ച് സാറ്റലൈറ്റ് ടാഗുകൾ ഘടിപ്പിച്ച് ട്രാക്ക് ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ നവംബറിൽ മണിപ്പൂരിൽ നിന്ന് സോമാലിയയിലേക്ക് വെറും അഞ്ച് ദിവസത്തിനുള്ളിൽ 5,000 കിലോമീറ്റർ ദൂരമാണ് ഇവ പിന്നിട്ടത്. ദിവസം ശരാശരി 1,000 കിലോമീറ്റർ വീതം പറന്ന ഇവ, പിന്നീട് ഡിസംബറിൽ സിംബാബ്‌വെ, കെനിയ തുടങ്ങിയ സ്ഥലങ്ങളിലേക്കായി വീണ്ടും 6,000 കിലോമീറ്റർ ദൂരം കൂടി പിന്നിട്ടു.

Scroll to load tweet…

മടക്ക യാത്രയ്ക്ക് കാത്തിരിപ്പ്

ബോട്സ്വാനയിലെയും സിംബാബ്‌വെയിലെയും പുൽമേടുകളിൽ നിന്ന് സോമാലിയൻ തീരത്തേക്ക് വടക്കോട്ട് സഞ്ചരിച്ച ഇവ, ഇപ്പോൾ അറബിക്കടലിന് കുറുകെ 3,000 കിലോമീറ്റർ നീളുന്ന അതികഠിനമായ യാത്രയ്ക്കായി അനുകൂലമായ കാറ്റിന് കാത്തിരിക്കുന്നത്. ഈ യാത്രയിൽ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ പക്ഷികൾക്ക് കഴിയില്ല. അറബിക്കടലിന് മുകളിലൂടെ നിർത്താതെയുള്ള പറക്കൽ മാത്രം. ഈ സംഘത്തിലെ അപപാങ് ഒരു പ്രായപൂർത്തിയായ ആൺപക്ഷിയും, അലാങ് ഒരു പെൺപക്ഷിയും, അഹു പ്രായപൂർത്തിയായ മറ്റൊരു പെൺപക്ഷിയുമാണ്. തമിഴ്‌നാട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു, 2026 ഏപ്രിൽ ആദ്യത്തോടെയുള്ള ഇവരുടെ സ്ഥാനങ്ങൾ വ്യക്തമാക്കുന്ന മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതിജീവനത്തിന്‍റെ കഥ

ഒരുകാലത്ത് വേട്ടയാടൽ കാരണം വംശനാശഭീഷണി നേരിട്ടിരുന്ന അമുർ ഫാൽക്കണുകളെ സംരക്ഷിക്കാൻ തദ്ദേശീയരായ ജനങ്ങളും സർക്കാരും ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ വലിയ വിജയം കണ്ടു. വടക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഓരോ വർഷവും തെക്കൻ ആഫ്രിക്കയിലേക്ക് കുടിയേറുന്ന ഇവ, മണിപ്പൂരിലെയും നാഗാലാൻഡിലെയും കുന്നുകളിൽ ശരത്കാലത്ത് വിശ്രമിക്കാനായി തിരിച്ചെത്തുന്നു. ഈ പക്ഷികളുടെ യാത്രാ പാതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ, ദീർഘദൂര ദേശാടനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിക്കാനും അവയ്ക്ക് വിശ്രമിക്കാൻ ആവശ്യമായ പ്രധാന ഇടങ്ങൾ സംരക്ഷിക്കാനും ഗവേഷകർക്ക് സാധിക്കുന്നു. പക്ഷികൾ സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രകൃതി സ്നേഹികളും.