ബോധം പോയ പാമ്പിന് സിപിആർ നൽകി പൊലീസുകാരൻ, വീഡിയോ വൈറൽ
ഏതായാലും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. മിക്കവർക്കും ഒരു മനുഷ്യൻ പാമ്പിന് കൃത്രിമശ്വാസം നൽകുന്നത് വിശ്വസിക്കാനായില്ല.

ചില ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ ഇങ്ങനെയും മനുഷ്യർ ഈ ലോകത്തുണ്ടോ എന്ന് നമുക്ക് തോന്നിപ്പോകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. മധ്യപ്രദേശിലുള്ള ഒരു പൊലീസുകാരൻ ബോധം നഷ്ടപ്പെട്ട ഒരു പാമ്പിന് അതിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സിപിആർ നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്.
മധ്യപ്രദേശിലെ നർമദാപുരത്താണ് സംഭവം നടന്നത് എന്ന് പറയുന്നു. പൊലീസുകാരൻ ബോധം ഇല്ലാതായ ഒരു പാമ്പിന് കൃത്രിമശ്വാസം നൽകുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്ക് അതിന്റെ മുകളിൽ വെള്ളം തളിക്കുന്നും ഉണ്ട്. വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കയാണ്.
എക്സ് യൂസറായ Anurag Dwary -യാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. “കീടനാശിനി കലർന്ന വെള്ളത്തിൽ വീണതിനെ തുടർന്ന് ബോധരഹിതനായി വീണ പാമ്പിന് ഒരു പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്ന വീഡിയോ നർമ്മദാപുരത്ത് നിന്ന് വൈറലായിരിക്കുന്നു” എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിലുള്ള കോൺസ്റ്റബിളിന്റെ പേര് അതുൽ ശർമ്മ എന്നാണെന്നും പിന്നീട് വ്യക്തമായി. സ്വന്തമായി പരിശീലിച്ച ശേഷം പാമ്പിനെ റെസ്ക്യൂ ചെയ്യുന്ന ഒരാൾ കൂടിയാണ് അതുൽ ശർമ്മ. ഡിസ്കവറി ചാനലിൽ നിന്നുമാണത്രെ അദ്ദേഹം ഇത് പഠിച്ചെടുത്തത്.
ഏതായാലും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. മിക്കവർക്കും ഒരു മനുഷ്യൻ പാമ്പിന് കൃത്രിമശ്വാസം നൽകുന്നത് വിശ്വസിക്കാനായില്ല. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പൊലീസ് കോൺസ്റ്റബിളായ അതുൽ ശർമ്മയെ പ്രശംസിച്ചു കൊണ്ടാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്. ഒരു പാമ്പിന്റെ ജീവൻ രക്ഷിക്കാൻ ഇത്രയും ചെയ്തയാളെന്ന നിലയിൽ ഒരുപാട് അഭിനന്ദനങ്ങളും അദ്ദേഹത്തെ തേടി വന്നു.
വായിക്കാം: 99 കോടി ലോട്ടറിയടിച്ചു, ഒറ്റരൂപ കിട്ടിയില്ല, 'ഭാഗ്യക്കേടി'ന്റെ കഥ 31 വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി 77 -കാരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: