റോഡിന്റെ അവസ്ഥ അതിലൂടെയുള്ള യാത്ര ഒരു പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്.

കേരളത്തിലാണെങ്കിലും കേരളത്തിന് പുറത്താണെങ്കിലും ചിലപ്പോൾ റോഡിന്റെ അവസ്ഥ വളരെ മോശമാകാറുണ്ട്. അധികൃതരുടെ ശ്രദ്ധയിൽ ഇത് പെടുത്തിയാലും ചിലപ്പോൾ പരിഹാരം ഉണ്ടാവണം എന്നില്ല. എന്നാൽ, ഇന്ന് പല സ്ഥലങ്ങളിലും വളരെ ക്രിയാത്മകമായ പ്രതികരണങ്ങളും സമരങ്ങളും ഇതിനെതിരെ നടക്കാറുണ്ട്. റോഡിലെ കുഴിയിൽ വാഴ നടുക, കുഴിയിൽ നിറയുന്ന വെള്ളത്തിൽ കുളിക്കുക തുടങ്ങി അതങ്ങനെ നീണ്ടു പോകുന്നു. അതുപോലെ ബെം​ഗളൂരുവിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

പൊട്ടിപ്പൊളിഞ്ഞ് ​ഗർത്തങ്ങൾ രൂപപ്പെട്ട റോഡിന്റെ അവസ്ഥയിൽ ആകെ നിരാശരായിരുന്നു ബെം​ഗളൂരുവിൽ നിന്നുള്ള ആളുകൾ. ഒടുവിൽ അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത് തികച്ചും വേറിട്ടൊരു രീതിയിലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ആകൃതിയിലുള്ള കേക്ക് മുറിച്ചു കൊണ്ടാണ് അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. 

എസ്-ക്രോസ് റോഡിൻ്റെ ശോച്യാവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനായിട്ടായിരുന്നത്രെ ഈ പ്രതിഷേധം. ഗുഞ്ചൂർ, വർത്തൂർ, ബെലഗെരെ എന്നിവിടങ്ങളെ ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ 1.5 കിലോമീറ്റർ ദൂരത്തിലുള്ള യാത്ര മിക്കവാറും യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ വളരെ പരിതാപകരമായിരുന്നു അവസ്ഥ. റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞ് കുഴിയായിക്കിടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഒരു വർഷം മുമ്പ്, 2023 ഡിസംബർ 14 -ന്, റോഡ് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെലഗെരെ-പാണത്തൂർ പാതയിൽ ആളുകൾ മനുഷ്യച്ചങ്ങല രൂപീകരിച്ച് പ്രതിഷേധിച്ചിരുന്നു. 500 -ലധികം ആളുകൾ ഇതിൽ പങ്കെടുത്തു. എന്നാൽ, ഇപ്പോൾ ഒരു വർഷത്തിനുശേഷവും ഇവിടുത്തുകാർക്ക് ഇതേ ആവശ്യത്തിന് വേണ്ടി പ്രതിഷേധിക്കേണ്ടി വന്നിരിക്കയാണ്. ഇത്തവണ അവർ മറ്റൊരു പ്രതിഷേധരീതിയാണ് സ്വീകരിച്ചത് എന്ന് മാത്രം. 

Scroll to load tweet…

കർണാടക പോർട്ട്ഫോളിയോ പങ്കുവച്ച വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റിട്ടത്. റോഡിന്റെ അവസ്ഥ അതിലൂടെയുള്ള യാത്ര ഒരു പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്ക് വലിയ ഭയമാണ് ഇതിലൂടെ പോകാനെന്നും പലരും പറഞ്ഞു. 

ഇതൊരു വേറിട്ട അനുഭവം; ഓട്ടോ ഡ്രൈവർ എങ്ങനെ തന്നെ 'പറ്റിക്കാതിരുന്നു', കുറിപ്പുമായി യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം