മലിനമായ ജലാശയങ്ങൾ സ്വന്തം നിലയിൽ വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു തബാഹിക്ക് സാമ്പത്തിക സഹായവുമായി ബെംഗളൂരു വ്യവസായി സിദ്ധാർഥ് ദിയാലാനി രംഗത്തെത്തി. അജ്നാർ നദി ഉൾപ്പെടെ ശുചീകരിച്ച ബിട്ടുവിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ചർച്ചകളും ഇതോടെ സജീവമായി.
മാലിന്യം നിറഞ്ഞ ജലാശയങ്ങൾ സ്വന്തം നിലയിൽ വൃത്തിയാക്കി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ബിട്ടു തബാഹി എന്ന സുരേന്ദ്ര സിങ് ചൗധരിക്ക് പിന്തുണയുമായി ബെംഗളൂരു ആസ്ഥാനമായ സംരംഭകൻ സിദ്ധാർഥ് ദിയാലാനി. ബിട്ടുവിന്‍റെ പ്രവർത്തനങ്ങളിൽ പ്രചോദനം തോന്നിയെന്നും അദ്ദേഹത്തിന്‍റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ താൽപര്യമുണ്ടെന്നും ദിയാലാനി എക്സിൽ കുറിച്ചു. ബിട്ടുവുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളോട് അഭ്യർഥിച്ചു.
കുളങ്ങൾ വൃത്തിയാക്കുന്ന ബിട്ടു
‘ഇന്ത്യയിലെ ശുചിത്വ പ്രവർത്തനങ്ങൾക്കായി കൂടുതൽ ചെയ്യാൻ ബിട്ടുവിന്‍റെ പ്രവർത്തനം എന്നെ പ്രേരിപ്പിക്കുന്നു’ എന്നായിരുന്നു ദിയാലാനി എക്സിൽ കുറിച്ചത്. ബിട്ടു ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് സമാന ചിന്താഗതിയുള്ളവരിൽ നിന്ന് പണം സമാഹരിച്ച് അദ്ദേഹത്തെ സഹായിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ സുരേന്ദ്ര സിങ് ചൗധരിയാണ് സമൂഹ മാധ്യമങ്ങളിൽ ‘ബിട്ടു തബാഹി’എന്ന പേരിൽ അറിയപ്പെടുന്നത്. മലിനമായ കുളങ്ങളും നദികളും വൃത്തിയാക്കുന്ന വീഡിയോകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. അജ്നാർ നദി ശുചീകരണത്തിനായി മാസങ്ങളോളം നടത്തിയ പ്രവർത്തനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ ദൗത്യത്തിനായി സ്വന്തം നിലയിൽ ഏകദേശം 30,000 രൂപയോളം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
പിന്തുണയുമായി കൂടുതൽ പേർ
ദിയാലാനിയുടെ സഹായ വാഗ്ദാനം വന്നതോടെ ബിട്ടുവിന്‍റെ പ്രവർത്തനങ്ങൾക്ക് എങ്ങനെ കൂടുതൽ വ്യാപിപ്പിക്കാമെന്ന ചർച്ചയും സമൂഹ മാധ്യമങ്ങളിൽ സജീവമായി. ഒരാളെ മാത്രം ആശ്രയിക്കാതെ ഓരോ പ്രദേശത്തെയും ജനങ്ങളും സ്വന്തം നാട്ടിലെ ജലാശയങ്ങളുടെ സംരക്ഷണത്തിൽ പങ്കാളികളാകണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ക്രമബദ്ധമായ ധനസഹായവും പ്രാദേശിക കൂട്ടായ്മകളും ഉപയോഗിച്ച് ബിട്ടുവിന്‍റെ മാതൃക കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നിർദേശവും ഉയർന്നു. നേരത്തെ ബിട്ടുവിന്‍റെ പ്രവർത്തനങ്ങളെ വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ പ്രസംശിച്ചിരുന്നു. അതേസമയം 20,000 കോടി രൂപയുടെ കേന്ദ്രസർക്കാർ പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ അവസ്ഥയെന്തെന്നും ചിലർ ചോദിച്ച് കൊണ്ട് രംഗത്തെത്തി.


