ബെംഗളൂരുവിൽ താമസിക്കുന്ന ഡാന മാരി എന്ന അമേരിക്കൻ യുവതി, ഇന്ത്യയിലെയും അമേരിക്കയിലെയും വയോജന പരിചരണ രീതികൾ താരതമ്യം ചെയ്യുന്ന വീഡിയോ പങ്കുവെച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും പ്രായമായവരുടെ ഏകാന്തതയെ കുറിച്ച് യുവതി വീഡിയോയിൽ താരതമ്യം ചെയ്യുന്നു.
ഒരു സമൂഹം അതിലെ പ്രായമായവരോട് എങ്ങനെ പെരുമാറുന്നു എന്നത് ആ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു അമേരിക്കൻ യുവതി, ഇന്ത്യയിലും അമേരിക്കയിലും പ്രായമായവരെ പരിചരിക്കുന്ന രീതിയിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഓൺലൈനിൽ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്‍റെ ഇന്ത്യൻ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ഡാന മാരി എന്ന അമേരിക്കൻ യുവതിയാണ് ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്ത് കൊണ്ടുള്ള വീഡിയോയും പങ്കുവെച്ചത്.
വൃദ്ധരോടുള്ള സമീപനം യുഎസിലും ഇന്ത്യയിലും
വീഡിയോയിൽ ഡാന പ്രധാനമായും ചൂണ്ടിക്കാട്ടിയത് അമേരിക്കയിലെയും ഇന്ത്യയിലെയും വയോജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയിലെ വ്യത്യാസമാണ്. അമേരിക്കയിലുള്ളവർക്ക് കടുത്ത ഏകാന്തതയിലാണ് കഴിയുന്നതെന്നും അവിടെ ആശുപത്രികളിൽ പ്രായമായ രോഗികൾ ഒറ്റയ്ക്ക് വരുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ടെന്നും യുവതി പറയുന്നു. വയോജന പരിപാലന കേന്ദ്രങ്ങളിൽ കഴിയുന്നവരിൽ പലരും മാസങ്ങളോളം കുടുംബാംഗങ്ങളിൽ നിന്ന് ഒരു ഫോൺ വിളിയോ സന്ദർശനമോ ഇല്ലാതെ കഴിയുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നും ഇവർ പറയുന്നു.
അവരുടെ ആ കാത്തിരിപ്പ് ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുന്നതാണെന്നും ഡാന പറയുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതം ഡാനക്ക് വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഇതേക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ "ആശുപത്രിയിൽ പ്രായമായ ഒരാളെ കാണുമ്പോഴെല്ലാം, അവരെ ആരൊക്കെയോ അനുഗമിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ മക്കൾ, ചിലപ്പോൾ പേരക്കുട്ടികൾ, പലപ്പോഴും ഒന്നിലധികം ബന്ധുക്കൾ ഒരുമിച്ച്. അവർ രോഗികൾക്കൊപ്പം ഇരിക്കുന്നു, കൈകളിൽ പിടിക്കുന്നു, അവരോട് സംസാരിക്കുന്നു, അവർ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുവരുത്തുന്നു, ഒരു കുടുംബം മുഴുവൻ അവരുടെ പരിചരണത്തിൽ പങ്കാളികളാകുന്നതായി തോന്നുന്നു.”
ഇന്ത്യന്‍ കുടുംബം
'കുടുംബം' ആദ്യമെന്ന ഇന്ത്യയുടെ സാംസ്കാരിക മുൻഗണനയാണ് ഇത് പ്രതിഫലിക്കുന്നതെന്നും, ഇവിടെ പ്രായമായവരെ പരിപാലിക്കുന്നത് സ്ഥാപനങ്ങളെ മാത്രം ഏൽപ്പിക്കാതെ കുടുംബത്തിന്‍റെ ഉത്തരവാദിത്തമായി കാണുന്നത് ഏറെ നല്ല കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഡാന തന്‍റെ വീഡിയോ അവസാനിപ്പിച്ചത് ഒരു ചോദ്യത്തോടെയാണ്: “നിങ്ങൾക്ക് പ്രായമാകുമ്പോൾ, ഇതിൽ ഏത് രീതിയാണ് നിങ്ങൾ ഇഷ്ടപ്പെടുക?” ലളിതമായ ഈ ചോദ്യം, അവരുടെ വ്യത്യസ്തമായ അനുഭവങ്ങളുമായി ചേർത്തുവെച്ചപ്പോൾ കാഴ്ചക്കാരിൽ പലരെയും ചിന്തിപ്പിച്ചു. വളരെ വേഗത്തിലാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ കുടുംബ കേന്ദ്രീകൃതമായ വയോജന പരിചരണ രീതി കൂടുതൽ ഹൃദ്യവും മാനുഷികവുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, നഗരവൽക്കരണവും ആധുനിക ജീവിതശൈലിയും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഈ പാരമ്പര്യത്തെ സാവധാനം മാറ്റുന്നുണ്ടെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. കുടുംബ ഘടനകൾ മാറിക്കൊണ്ടിരുന്നാൽ യുഎസിലേതിന് സമാനമായ സ്ഥാപനവൽകൃത പരിചരണം ഇന്ത്യയിലും സാധാരണമായേക്കാമെന്നും വീഡിയോയിൽ ഡാന മുന്നറിയിപ്പ് നൽകുന്നുണ്ട്.


