ബേസ് ക്യാമ്പിലെത്തിയ ശേഷമാണ് ബിയാങ്ക വീഡിയോ റെക്കോർഡു ചെയ്‌തിരിക്കുന്നത്. ഈ വീഡിയോയിൽ, അവൾ ശ്വസിക്കാൻ പാടുപെടുന്നതായി കാണാം. തണുത്ത കാറ്റ് കാരണം അവളുടെ മുഖം ചുവന്നും വീർത്തുമിരിക്കുകയാണ്.
എവറസ്റ്റ് ഡെത്ത് സോണിൽ നിന്ന് ഓസ്‌ട്രേലിയക്കാരിയായ ഒരു പെൺകുട്ടി ഷെയർ ചെയ്ത ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബിയാങ്ക അഡ്‌ലറെന്ന മെൽബണിൽ നിന്നുള്ള 17 വയസുകാരി ഷെയർ ചെയ്ത വീഡിയോ 22 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് ബിയാങ്ക എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചത്. കൊടുമുടിയിൽ നിന്ന് ഏകദേശം 400 മീറ്റർ താഴെയായി 8,450 മീറ്റർ ഉയരത്തിൽ വരെ അവളെത്തിയെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ അവൾക്ക് പിന്മാറേണ്ടി വരികയായിരുന്നു.
ബേസ് ക്യാമ്പിലെത്തിയ ശേഷമാണ് ബിയാങ്ക വീഡിയോ റെക്കോർഡു ചെയ്‌തിരിക്കുന്നത്. ഈ വീഡിയോയിൽ, അവൾ ശ്വസിക്കാൻ പാടുപെടുന്നതായി കാണാം. തണുത്ത കാറ്റ് കാരണം അവളുടെ മുഖം ചുവന്നും വീർത്തുമിരിക്കുകയാണ്. വീഡിയോയിൽ അവൾ പറയുന്നത്, ഞാൻ ക്യാപ് 2 -ൽ നിന്നും തിരിച്ചെത്തി. ഇപ്പോൾ ബേസ് ക്യാമ്പിലാണ്, 'എനിക്കിത് ഭീകരമായ അനുഭവമായി തോന്നുന്നു. കഴുത്തും, തൊണ്ടയും, ശ്വാസകോശവും ഒക്കെ വേദനിക്കുന്നതായി തോന്നുന്നു. എനിക്ക് ശ്വാസം മുട്ടുന്നു, ഇന്നലെ ഞാൻ 8000 മീറ്ററിൽ ആയിരുന്നിട്ടു കൂടിയും' എന്നാണ് ബിയാങ്കയുടെ വീഡിയോയിൽ പറയുന്നത്.
'മൂന്ന് രാത്രികൾ ക്യാമ്പിൽ ചെലവഴിച്ചു, കൊടുമുടി കയറാനുള്ള രണ്ട് ശ്രമങ്ങൾ നടത്തി. എന്നാൽ, കാലാവസ്ഥ മോശമായത് കാരണം പരാജയപ്പെട്ടു പോവുകയായിരുന്നു. ഞാൻ ബേസ് ക്യാമ്പിലേക്ക് തിരിച്ചുവന്നു. പല കാരണങ്ങൾ കൊണ്ടും എനിക്ക് വളരെയധികം വിഷമം തോന്നുന്നു' എന്നാണ് അവൾ പറയുന്നത്. വളരെ മോശം അവസ്ഥയിലാണ് അവൾ ഉള്ളത് എന്നും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. എവറസ്റ്റ് കയറുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പലരും പറഞ്ഞിരിക്കുന്നത്.


