തന്‍റെ പ്രീയപ്പെട്ട വളര്‍ത്തുമൃഗമായ ഓട്ടകത്തിന് യുവതി ഭക്ഷണം കൊടുക്കുകയായിരുന്നു. ഇതിനിടെയാണ് ഒട്ടകം യുവതിയുടെ തലയിൽ ആഞ്ഞ് കടിച്ചത്. 

വീട്ടിൽ വളർത്തിയിരുന്ന ഒട്ടകത്തിന്‍റെ കടിയേറ്റ് 54 -കാരിക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ചുരു ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ചുക്കി ദേവി എന്ന സ്ത്രീയുടെ തലയിലാണ് ഗുരുതരമായി പരിക്കേറ്റത്. വീട്ടിലെ കൃഷിയിടത്തിൽ വെച്ച് ഭക്ഷണം നൽകുന്നതിനിടെ ഒട്ടകം ചുക്കി ദേവിയുടെ തലയിൽ കടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വയലിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് ചുക്കി ദേവി തന്‍റെ പ്രിയപ്പെട്ട വളർത്തുമൃഗമായ ഒട്ടകത്തിന് ഭക്ഷണം നൽകാനായി പോയത്. കൃഷിയിടത്തിന് സമീപത്തായി തന്നെയായിരുന്നു ഒട്ടകത്തിനെയും കെട്ടിയിരുന്നത്. എന്നാൽ, ഭക്ഷണം നൽകുന്നതിനിടയിൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒട്ടകം പെട്ടെന്ന് അക്രമകാരിയായി മാറി. തുടർന്ന് ഇത് ചുക്കി ദേവിയുടെ തലയിൽ കടിക്കുകയായിരുന്നു. ഒട്ടകത്തിന്‍റെ പല്ലുകൾ തലയോട്ടിയിൽ തുളച്ച് കയറിയതിനെ തുടർന്ന് ഇവർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചുക്കി ദേവിയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ കുടുംബാംഗങ്ങളും പ്രദേശവാസികളും കണ്ടത് ഒട്ടകം ചുക്കിയെ ആക്രമിക്കുന്നതാണ്. തുടർന്ന് വടികൊണ്ട് അടിച്ച് ഒട്ടകത്തിനെ മാറ്റിയതിന് ശേഷമാണ് അവർക്ക് ചുക്കി ദേവിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഉടൻ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. തലയിൽ ആഴത്തിൽ ഒട്ടക പല്ലുകൾ ഇറങ്ങിയുള്ള മുറിവുകളുണ്ടെന്നും 20 തുന്നലുകൾ വേണ്ടിവന്നെന്നുമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ മുകേഷ് ഖേദർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

തലയുടെ ആന്തരിക പരിക്കുകൾ പരിശോധിക്കാൻ സിടി സ്കാന്‍ നടത്തി. ചുക്കി ദേവി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഒട്ടകങ്ങൾ ഇത്തരത്തിൽ ആക്രമകാരികളാകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അപകടത്തിന്‍റെ ഞെട്ടലിൽ തന്നെയാണ് ഇവരിപ്പോഴും. ഒട്ടകങ്ങൾ പോലുള്ള വലിയ മൃഗങ്ങൾ, സമ്മർദ്ദം, കടുത്ത ചൂട് അല്ലെങ്കിൽ പെട്ടെന്നുള്ള എന്തെങ്കിലും പ്രകോപനം എന്നിവ കൊണ്ട് ആക്രമണകാരികൾ ആകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വളർത്തുമൃഗങ്ങളാണെങ്കിൽ പോലും, മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും മുൻകരുതുകൾ സ്വീകരിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും സംഭാവത്തിന്‍റെ പശ്ചാത്തലത്തിൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി.