യുദ്ധ രംഗത്തെ പുതിയ ഭടനാണിവന്‍. തീരെ കുഞ്ഞന്‍. ശത്രുവിന്‍റെ രഹസ്യങ്ങൾ ചോര്‍ത്താന്‍ മിടുമിടുക്കന്‍. പക്ഷേ. കുറ്റവാളികളുടെ കൈയിലെത്തിയാൽ അപകടകാരിയെന്ന് നെറ്റിസണ്‍സ്.

യുക്രൈന്‍ - റഷ്യ യുദ്ധവും ഇസ്രയേല്‍ - ഇറാന്‍ യുദ്ധവും വെളിപ്പെടുത്തിയ ഒന്നാണ് സൈനിക ശേഷിയേക്കാൾ സാങ്കേതിക മേന്മയുടെ ഗുണം. ഗാസയെ ആക്രമിക്കുന്നതിനെക്കാൾ കൂടുതല്‍ നാശനഷ്ടം ഇറാനെ ആക്രമിച്ചാല്‍ നേരിടേണ്ടിവരുമെന്നതാണ് ഇസ്രയേലിനെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിച്ച പ്രധാനഘടകം. അതേസമയം റഷ്യയാകട്ടെ 2022 ഫെബ്രുവരിയില്‍ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് യുക്രൈന്‍റെ സ്പൈഡ‍ർ വെബ് എന്ന് പേരിട്ട ഡ്രോണ്‍ ആക്രമണങ്ങളില്‍ യുദ്ധവിമാന ശേഷിയുടെ വലിയൊരു പങ്കും നഷ്ടപ്പെട്ട് നാണം കെട്ടത്. ഇതോടെ യുദ്ധമെന്നത് കാലാൾപ്പടയുടെത് മാത്രമല്ലെന്നും അത് സാങ്കേതിക വിദ്യയുടേത് കൂടിയാണെന്നും ലോക രാജ്യങ്ങളും ശരിവയ്ക്കുന്നു. ഇതിനിടെയാണ് ചൈന തങ്ങളുടെ രഹസ്യായുധങ്ങളിലൊന്ന് വികസിപ്പിച്ചെടുത്തത്. ഇത്തവണ അത് ഒരു ചാര കൊതുകാണ്.

അതെ കേട്ടത് ശരി തന്നെ, ചാര കൊതുക്. പക്ഷേ, ഈ കൊതുകിന് ജീവനില്ല. മറിച്ച് ഇത് പ്രവര്‍ത്തിക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഇലകൾ പോലുള്ള മഞ്ഞ ചിറകുകളും, നേർത്ത കറുത്ത ശരീരവും, മൂന്ന് വയർ പോലെയുള്ള കാലുകളുമുള്ള ഈ ചെറിയ ഡ്രോണിന് ഒരു യഥാർത്ഥ പ്രാണിയെപ്പോലെ തോന്നിപ്പിക്കാനും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പറക്കാനും കഴിയും. സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലാണ് ഈ കൊതുകിന്‍റെ ദൃശ്യങ്ങളുള്ളത്. കൊതുകിന് സമാനമായ റോബോട്ടിനെ ഉയർത്തിപ്പിടിച്ച് ഒരു സൈനിക യൂണിഫോമിട്ട ഒരാൾ നില്‍ക്കുന്നു. ഈ ചാര കൊതുകിനെ ഉപയോഗിച്ച് വിവിധ സൈനിക, സിവിലിയൻ പ്രവർത്തനങ്ങൾ നടത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ വിവരിക്കുന്നു.

Scroll to load tweet…

ഇതോടെ ചൈനയുടെ പുതിയ ചാര കൊതുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം ചാര ഉപകരണങ്ങൾ ഉപയോഗിച്ച് പാസ്‌വേഡുകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ കുറ്റവാളികൾക്ക് കഴിയുമെന്ന് പ്രതിരോധ ഗവേഷകനായ തിമോത്തി ഹീത്ത് മുന്നറിയിപ്പ് നൽകി. ഗൂഗിളിൽ മുമ്പ് ജോലി ചെയ്തിരുന്ന ഫ്യൂച്ചറിസ്റ്റായ ട്രേസി ഫോളോസ്, ഡ്രോണുകളിൽ അപകടകരമായ വസ്തുക്കൾ ഘടിപ്പിച്ചിരിക്കാമെന്ന് മുന്നറിയിപ്പ് നൽകി. മാരകമായ വൈറസുകളോ മറ്റ് ദോഷകരമായ വസ്തുക്കളോ അവയിൽ ഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത്തരം ഡ്രോണുകൾക്ക് ഒരു ദിവസം മുഴുവന്‍ മനുഷ്യന്‍റെ നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നെന്നും ചിലര്‍ കുറിച്ചു.

Scroll to load tweet…

അതേസമയം സംഭാഷണങ്ങൾ ട്രാക്ക് ചെയ്യുന്നതിനും പാസ്വേഡുകൾ മോഷ്ടിക്കാനും സ്വകാര്യ ദൃശ്യങ്ങൾ പകര്‍ത്തുന്നതിനും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത ഏറെയാണെന്നും ചിലര്‍ ആശങ്കപ്പെട്ടു. ഇത് ഒരു നിരുപദ്രവകാരിയായ പ്രാണിയാണെന്ന് തോന്നുമെങ്കിലും നിങ്ങളുടെ വീടിന് ചുറ്റും മുഴങ്ങുന്ന ഏറ്റവും അപകടകരമായ വസ്തുവായി ഇത്തരം ഡ്രോണുകൾ മാറിയേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ചൈനയ്ക്ക് ഇപ്പോൾ സ്വന്തമായ ചാര കൊതുകുകൾ യുഎസ്, ഫ്രഞ്ച്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങൾക്കുണ്ടെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.