പൂച്ചകളോടുള്ള ഇഷ്ടം മൂത്ത് ഒരു ചൈനീസ് യൂട്യൂബര്‍ നിർമ്മിച്ചത് മിനി  മെട്രോ സ്റ്റേഷന്‍. അതും പൂച്ചകൾക്ക് മാത്രം. 

ളർത്തുമൃഗങ്ങൾക്കായി മിനിയേച്ചറുകൾ സൃഷ്ടിക്കുന്നതിൽ പ്രശസ്തനായ ഒരു ചൈനീസ് യൂട്യൂബർ തന്‍റെ പ്രീയപ്പെട്ട വളര്‍ത്തു പൂച്ചകൾക്കായി ഒരുക്കിയ മെട്രോ സബ്‌വേ വാർത്തകളിൽ ഇടംപിടിച്ചു. മിനിയേച്ചർ മെട്രോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് രസകരമായ ഈ നിർമ്മിതിയിൽ കൗതുകം പ്രകടിപ്പിച്ചത്. യൂട്യൂബിൽ അദ്ദേഹം പങ്കുവച്ച 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഓടുന്ന മെട്രോ ട്രെയിനോട് കൂടിയ ഒരു മെട്രോ സ്റ്റേഷൻ എങ്ങനെ സൃഷ്ടിച്ചുവെന്നാണ് കാണിക്കുന്നത്. ഓടുന്ന ട്രെയിനിൽ തന്‍റെ പൂച്ചകൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളും ഇദ്ദേഹം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് യൂട്യൂബറായ സിംഗ് ഷിലിയാണ് തന്‍റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ മെട്രോ സ്റ്റേഷനും സബ്‌വേയും നിർമ്മിച്ചത്. സിംഗ്സ് വേൾഡ് എന്ന തന്‍റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ സിംഗ് ഷിലി പങ്കുവെച്ചു. വീഡിയോയിൽ മെട്രോ ട്രെയിനിൽ പൂച്ചകൾ യാത്ര ചെയ്യുന്നതും തങ്ങൾക്ക് മാത്രമായി നിർമ്മിച്ച സ്റ്റേഷനിനുള്ളിലൂടെ കൗതുകത്തോടെ നടക്കുന്നതും കാണാം. മൂന്ന് ലക്ഷത്തോളം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

YouTube video player

ചൈനയിലെ പൂച്ചകൾക്ക് അമേരിക്കയിലെ മനുഷ്യരേക്കാൾ മികച്ച പൊതുഗതാഗത സൗകര്യം ലഭിക്കുന്നുവെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. മറ്റൊരാൾ കുറിച്ചത്, എനിക്ക് അത്ഭുതം തോന്നുന്നു. വലുപ്പവും അളവുകളും വളരെ കൃത്യമാണ്. ഇത് അവിശ്വസനീയമായി തോന്നുന്നുവെന്നായിരുന്നു. കുറച്ച് കാലത്തിനിടയിൽ കണ്ട ഏറ്റവും കൗതുകകരമായ കാഴ്ച എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത്തരത്തിൽ ഒരു നിർമ്മിതിക്കായി സമയവും അധ്വാനവും ചെലവഴിച്ച വ്യക്തിയെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ലെന്നും നെറ്റിസൻസ് അഭിപ്രായപ്പെട്ടു.