Asianet News MalayalamAsianet News Malayalam

ആദ്യമായി സ്കൂളിൽ പോയ, ബിരുദം നേടിയ കിരീടാവകാശി! എലിസബത്ത് രാജ്ഞിയെ പോലെ ഇഷ്ടങ്ങളും ശാഠ്യങ്ങളുമുള്ള മകൻ ചാൾസ്

റാണിക്ക് മുമ്പേ വട്ടം കൂടി നടന്നു പോയ കോർഗി കൂട്ടത്തെ റാണിയുടെ ചലിക്കുന്ന കാർപറ്റ് എന്നാണ് പുത്രവധു ഡയാന വിശേഷിപ്പിച്ചത്. നായപ്രേമം കൂടുതലുള്ള മകൻ ആൻഡ്രൂവും ഭാര്യയായിരുന്ന സാറ ഫെർഗുസണുമാണ് ഇനി റാണിയുടെ കോർഗികളെ പരിപാലിക്കുക

comparison between Queen Elizabeth and King Charles III, so many similarities and stubborn
Author
First Published Sep 15, 2022, 8:45 PM IST

ബ്രിട്ടീഷ് രാജസിംഹാസനത്തിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന എലിസബത്ത് രാജ്ഞിക്കായാലും പിന്തുടർച്ചയായി പിൻഗാമിയായി അധികാരമേറ്റ ചാൾസ് രാജകുമാരന് ആയാലും ഒട്ടേറെ ഇഷ്ടങ്ങളുണ്ട്. വിഷയങ്ങളുണ്ട്. ചില ശാഠ്യങ്ങളും. കൂട്ടുകാരിൽ ചിലരുടെ ഓമനയായിരുന്ന കോർഗി പട്ടികളെ കണ്ട് ഇഷ്ടം തോന്നി അച്ഛനോട് പറഞ്ഞ് ഒരെണ്ണം സ്വന്തമാക്കുന്പോൾ എലിസബത്ത് രാജകുമാരിക്ക് പ്രായം ഏഴു വയസ്സ്. അവിടം മുതൽ തൊണ്ണൂറ്റി ആറാം വയസ്സിൽ കണ്ണടയും വരെ അവരുടെ ഏറ്റവും വലിയ ഓമനകളായിരുന്നു കോർഗി ഇനത്തിൽ പെട്ട കുഞ്ഞു പട്ടികൾ. കൊട്ടാരത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങളിലും ഫോട്ടോകളിലും എല്ലാം കോർഗികളെ കാണാം. പതിനെട്ടാം വയസ്സിൽ സമ്മാനമായി കിട്ടിയ സൂസൻ എന്ന കോർഗിയുടെ അനന്തരാവകാശികളാണ് അവയിൽ കൂടുതലും. രാഞ്ജി കൊട്ടാരങ്ങൾ മാറുമ്പോഴും യാത്ര ചെയ്യുമ്പോഴും അവധിക്കാലം ആഘോഷിക്കുമ്പോഴും എല്ലാം കോർഗികൾ ഒപ്പമുണ്ടായിരുന്നു. റാണിക്ക് മുമ്പേ വട്ടം കൂടി നടന്നു പോയ കോർഗി കൂട്ടത്തെ റാണിയുടെ ചലിക്കുന്ന കാർപറ്റ് എന്നാണ് പുത്രവധു ഡയാന വിശേഷിപ്പിച്ചത്. നായപ്രേമം കൂടുതലുള്ള മകൻ ആൻഡ്രൂവും ഭാര്യയായിരുന്ന സാറ ഫെർഗുസണുമാണ് ഇനി റാണിയുടെ കോർഗികളെ പരിപാലിക്കുക. മൂത്ത മകൻ ചാൾസിനും ഓമനകളായിട്ടുള്ളത് പട്ടികളാണ്. പക്ഷേ രണ്ടെണ്ണം മാത്രം. കോർഗിയല്ല ഇനം താനും.

ചാൾസ് അധികാരമേൽക്കുമ്പോൾ, കൂടെയുണ്ടായിരുന്നവർക്ക് ജോലി പോകും! ഇടിത്തീയായി നോട്ടീസ്, തുടക്കത്തിലേ കല്ലുകടിയോ?

ചാൾസിന്റെ ചില വിചിത്ര ശീലങ്ങളും ഇഷ്ടങ്ങളുമൊക്കെ നാട്ടാര് കൂടുതൽ അറിഞ്ഞത് 2015ലെ ഒരു ഡോക്യുമെന്ററിയിലൂടെ. Serving the Royals: Inside the Firm എന്ന ഡോക്യുമെന്ററി ചാൾസ് മൂന്നാമൻ രാജാവ് വെയ്ൽസ് രാജകുമാരൻ ആയിരിക്കുന്ന സമയത്താണ് പുറത്തിറങ്ങുന്നത് (ആമസോൺ പ്രൈമിലുണ്ട് ഡോക്യുമെന്‍ററി). യാത്രക്ക് പോകുമ്പോൾ സ്വന്തം ടോയ്‍ലറ്റ് സീറ്റ് കവറും ക്ലീനെക്സ് വെൽവെറ്റ് ടോയ്‍ലറ്റ് പേപ്പറും നിർബന്ധമായും കൂടെക്കൊണ്ടു പോകുന്ന വൃത്തിരാക്ഷസനാണ് പുതിയ രാജാവ്. ഷൂ ലേസ് ഇസ്തിരിയിട്ട് വെടുപ്പാക്കിയിട്ടേ ഉപയോഗിക്കൂ. കുളിക്കാനുള്ള വെള്ളം തണുപ്പു വിടാനേ പാടൂ, അധികം ചൂടാകരുത്. ബാത്ത് ടബ്ബ് പകുതിയേ നിറക്കാവൂ. ഒരിഞ്ച് നീളത്തിൽ വേണം ബ്രഷിലെ പേസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ആരോഗ്യപരമായിരിക്കണം. പഴക്കഷ്ണങ്ങളും ജ്യൂസും നിർബന്ധം. യാത്രാവേളകളിൽ കൂടെ കരുതാൻ ഒരു പ്രത്യേക ബ്രേക്ക് ഫാസ്റ്റ് പെട്ടിയുണ്ട് പുള്ളിക്ക്. ആറിനം തേൻ, പ്രിയപ്പെട്ട മുസ്ലി, ഉണങ്ങിയ പഴങ്ങൾ ഇത്യാദികളാണ് ആ പെട്ടിയിലുള്ളത് (ചെല്ലുന്നിടത്തെ
ഭക്ഷണം പിടിച്ചില്ലെങ്കിൽ പിടിച്ചുനിൽക്കാൻ!).

എലിസബത്ത് റാണിയുടെ വിദ്യാഭ്യാസം കൊട്ടാരത്തിനകത്ത് ആയിരുന്നു. അധ്യാപകർ കൊട്ടാരത്തിലെത്തിയാണ് അവശ്യപാഠങ്ങൾ പഠിപ്പിച്ചത്. ആദ്യമായി സ്കൂളിൽ പോയി തന്നെ പഠിച്ച കിരീടാവകാശി ആയിരുന്നു ചാൾസ് രാജകുമാരൻ. മാത്രമല്ല, സ്കൂൾ പഠനത്തിന് ശേഷം സേനയിൽ ചേരുന്ന പതിവ് മാറ്റി സർവകലാശാലയിൽ പഠനം തുടരാൻ പോയി. കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ചു. ബിരുദം നേടുന്ന ആദ്യ കിരീടാവകാശിയുമായി.

രാജകുടുംബത്തിൽ നിന്ന് സൈന്യത്തിൽ ചേരുന്ന ആദ്യ വനിതയായിരുന്നു എലിസബത്ത് റാണി. 1945ൽ യുദ്ധകാലത്ത് ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്ന എലിസബത്ത് മെക്കാനിക്ക് ആയി ജോലി ചെയ്തു. മകൻ ചാൾസ് ആകട്ടെ സൈനികപൈലറ്റ് ആയി പരിശീലനം നേടി. ഒട്ടുമിക്ക യുദ്ധവിമാനങ്ങളെല്ലാം ചാൾസിന് പറപ്പിക്കാൻ അറിയാം. ഫിലിപ്പ് രാജകുമാരനുമായുള്ള എലിസബത്ത് റാണിയുടെ ദാമ്പത്യം ഏറെക്കാലം നീണ്ടുനിന്നു. പ്രണയത്തിന്റേയും മനസ്സിലാക്കലിന്റേയും എക്കാലത്തെയും ജനപ്രിയ പ്രണയകഥയായിരുന്നു അവരുടേത്. അതേസമയം മൂത്ത മകൻ ചാൾസ് ആകട്ടെ വിവാഹമോചനം നേടുന്ന ആദ്യ കിരീടാവകാശിയായി. റാണിയുടെ ഇളയ മകൻ ഒഴികെ മറ്റ് രണ്ടു മക്കളും വിവാഹമോചനം നേടിയവരാണ്. ചാൾസും സഹോദരി ആനും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. പരിസ്ഥിതി, കെട്ടിടനിർമാണമേഖലയിൽ സക്രിയമായി ഇടപെടുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ആളാണ് ചാൾസ് രാജാവ്. ഡോർച്ചെസ്റ്ററിൽ പൗണ്ട്ബറി എന്ന പേരിൽ ഒരു പട്ടണം തന്നെ ഉണ്ടാക്കിയ ആൾ. പൂന്തോട്ട പരിപാലനം ഇഷ്ട വിനോദം. ഓർഗാനിക് കൃഷിയുടെ പ്രചാരകൻ. Duchy Originals എന്ന പേരിൽ കൃത്രിമം ഇല്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ വിൽക്കാനുള്ള കമ്പനിയുണ്ട്. അത്യാവശ്യം നന്നായി ചിത്രം വരക്കുകയും ചെയ്യും. കൂടുതലും ജലച്ചായചിത്രങ്ങൾ. 97മുതൽ ചിത്രം വിൽപനയുമുണ്ട്. ഏതാണ് മുപ്പത് ലക്ഷം അമേരിക്കൻ ഡോളറിനാണ് ചാൾസിന്റെ ചിത്രങ്ങൾ വിറ്റുപോയത്. ജെയിംസ് ബോണ്ടിന്റെ ഒപ്പം അഭിനയിച്ച, സരസയെന്ന് പ്രശസ്തയായ അമ്മയുടെ മകൻ മോശമല്ല എന്നർത്ഥം.

കുടുംബത്തിനകത്തും പുറത്തും പ്രതിസന്ധികൾ ഏറെ, 73-ാം വയസിലെ രാജപദവിക്കൊപ്പം ചാൾസ് മൂന്നാമനെ കാത്തിരിക്കുന്നത്!

Follow Us:
Download App:
  • android
  • ios