ഏറെ ക്ഷമയോടെ കാത്ത് നിന്ന് അവസരം കിട്ടിയപ്പോൾ കണ്ടക്ടറുടെ ഫോണും മോഷ്ടിച്ച് കടന്നു കളയുന്ന യുവാവിന്‍റെ വീഡിയോ വൈറൽ.
മോഷണം ഒരു കലയാണെന്ന് റോമന്‍റിസൈസ് ചെയ്ത് പറയാറുണ്ട്. അതിനൊരു കാരണം ഏതൊരു കലയ്ക്കും ആവശ്യമായ കൈയൊതുക്കവും ജാഗ്രതയും ക്ഷമയും ആവശ്യമായ ഒന്നാണ് മോഷണം എന്നത് കൊണ്ടാവാം. ബസ് യാത്രയ്ക്കിടെ, ട്രെയിന്‍ യാത്രയ്ക്കിടെ എന്തിന് നഗരത്തിലൂടെ നടന്ന് പോകുന്നതിനിടെ വിദഗ്ധനായ ഒരു മോഷ്ടാവിന്‍റെ കൈ നിങ്ങളുടെ ശരീരത്തിന് സമീപത്ത് കൂടി കടന്ന് പോയിട്ടുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളുടെ വില പിടിപ്പുള്ള എന്തോ വസ്തു നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കൂന്നുവെന്ന്. സമാനമായ ഒരു മോഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ മോഷ്ടാവിന്‍റെ കൈയടക്കത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണെത്തിയത്.
ഖർ കെ കലേഷ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഓടുന്ന ബസിലെ കണ്ടക്ടറുടെ ഫോണ്‍ മോഷ്ടിക്കുന്ന യുവാവിന്‍റെ വീഡിയോയാണുള്ളത്. ബസില്‍ വലിയ തിരക്കില്ല. കണ്ടക്ടർ തനിക്ക് അനുവദിക്കപ്പെട്ട സീറ്റില്‍ ഇരിക്കുന്നു. തൊട്ട് പുറകിലായി ഒരു യുവാവ് കൈയും കെട്ടി നില്‍ക്കുന്നത് കാണാം. കണ്ടക്ടർ മുന്നിലുള്ള ആരോടോ എന്തോ നിർദ്ദേശം പങ്കുവയ്ക്കുന്നു. ഇതിനിടെ യുവാവ് കണ്ടക്ടറോട് ചേര്‍ന്ന് നില്‍ക്കുന്നു.
കണ്ടക്ടർ മുന്നിലേക്ക് ശ്രദ്ധിച്ചിരിക്കുന്നതിനിടെ ബസ് നിര്‍ത്തുന്നു. നിമിഷാര്‍ദ്ധത്തിനിടെ കണ്ടക്ടറുടെ ഇടത് വശത്ത് വച്ചിരിക്കുന്ന ബാഗില്‍ നിന്നും ഫോണ്‍ കൈക്കലാക്കി മോഷ്ടാവ് പുറത്തിറങ്ങുന്നു. അതേ വഴിയിലൂടെ മറ്റ് യാത്രക്കാര്‍ ബസിലേക്ക് കയറുമ്പോൾ വീഡിയോ അവസാനിക്കുന്നു. ക്ഷമയോടെ തന്‍റെ സമയത്തിനായി കാത്തിരുന്ന് ഉചിതമായ സമയത്ത് കൃത്യം നിര്‍വഹിച്ച് ആരുമറിയാതെ കടന്ന് പോയ മോഷ്ടാവിന്‍ ജോലിയോടുള്ള ആത്മാര്‍ത്ഥയെ നിരവധി പേര്‍ അഭിനന്ദിച്ചു. പക്ഷേ. ബസിനുള്ളില്‍ സിസിടിവിയുള്ള ഉള്ളത് ശ്രദ്ധിക്കാതിരുന്ന മോഷ്ടാവ് അത്ര നല്ലൊരു മോഷ്ടാവല്ലെന്ന് ചിലര്‍ തിരുത്തി. അയാൾക്ക് ചുറ്റുപാടിനെ കുറിച്ച് അത്ര ശ്രദ്ധ പോരെന്നായിരുന്നു മറ്റ് ചിലരെഴുതിയത്.