പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ ഓഫീസിലെ പൊതു സ്ഥലത്ത് നിന്നും ചിത്രീകരിച്ചവയാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

മുന്‍ പങ്കാളി തന്നെ അപമാനിക്കുന്നതിനായി തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിട്ടെന്ന യുവതിയുടെ പരാതി തള്ളി കോടതി. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ നഷ്ടപരിഹാരത്തിന് യോഗ്യമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പരാതിക്കാരി തന്‍റെ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ വച്ചാണ് സ്വകാര്യ ചിത്രങ്ങൾ ചിത്രീകരിച്ചതെന്നും പിന്നീട് അവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തില്‍ പങ്കുവയ്ക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ അവയ്ക്ക് നഷ്ടപരിഹാരം നേടിത്തരാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി വിധി.

പരസ്പരം ബന്ധത്തിലുണ്ടായിരുന്ന കാലത്താണ് യുവതി, തന്‍റെ പങ്കാളിക്കായി സ്വകാര്യ ചിത്രങ്ങൾ പകര്‍ത്തി അയച്ച് നല്‍കിയത്. എന്നാല്‍, ബന്ധം വേര്‍പിരിഞ്ഞപ്പോൾ ഇയാൾ ഈ സ്വകാര്യ ചിത്രങ്ങൾ തങ്ങളുടെ തൊഴിലുടമയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. ഇത് തന്‍റെ വിശ്വാസ്യത തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജോലി സ്ഥലത്ത് മറ്റ് ജീവനക്കാര്‍ക്കും കയറി ചെല്ലാന്‍ പറ്റുന്ന പൊതു ഇടത്ത് വച്ചാണ് യുവതി സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും ഇത് പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണ് പങ്കുവയ്ക്കപ്പെട്ടതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചതെന്ന് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എംആര്‍ എന്ന ഇനീഷ്യലുകളിൽ പരാമർശിക്കുന്ന പരാതിക്കാരി, പ്രവൃത്തി സമയങ്ങളിൽ ഫ്രണ്ട് കൗണ്ടർ പോലുള്ള പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഓണ്‍ലൈന്‍ സ്ഥലങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബന്ധം തകർന്ന ശേഷം കോടതി രേഖകളില്‍ എസ്എസ് എന്ന് വിശേഷിപ്പിക്കപ്പെട്ട യുവതിയുടെ മുന്‍ പങ്കാളി ഈ ചിത്രങ്ങൾ 'ജോലിസ്ഥലത്തെ മോശം പെരുമാറ്റം' എന്ന കുറിപ്പോടെ തങ്ങളുടെ തൊഴിലുടമയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധം വേര്‍പിരിഞ്ഞതില്‍ അസ്വസ്ഥനായ മുന്‍ പങ്കാളി തന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് തൊഴിലുടമയ്ക്ക് അയച്ച് കൊടുത്തതെന്നും യുവതി വാദിച്ചു. അതേസമയം തൊഴിലിടത്തിലെ പൊതു സ്ഥലത്ത് വച്ച് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ പൊതുജനങ്ങൾക്കും ലഭ്യമാകുന്ന ഇടങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ ചിത്രങ്ങൾക്ക് സ്വാകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.