" അച്ഛനുവേണ്ടി ഈ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ അച്ഛനെ അവസാനമായി കണ്ടത് 2013 -യിലാണ്. പട്ടാളം പിടിച്ചുകൊണ്ടുപോയി തുറുങ്കിലടച്ചതാണ്. പിന്നെ ഞാൻ കണ്ടിട്ടില്ല. ജീവനോടെ ഉണ്ടോ എന്നുപോലും എനിക്കറിവില്ല..! " 

ഇത് ജെവ്ഹർ ടോഹ്തിയുടെ  വാക്കുകളാണ്. അച്ഛൻ ഇൽഹാം ടോഹ്തിയ്ക്ക് ലഭിച്ച വിശ്രുതമായ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി വേദിയിൽ വെച്ച് അവർ പറഞ്ഞ വാക്കുകളാണിത്. അറിയപ്പെടുന്ന ഒരു എക്കണോമിക്സ് വിശാരദനാണ്. ഉയിഗുർ-ഹാൻ വംശജർക്കിടയിലെ ബന്ധങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങൾ ഏറെ ശ്രദ്ധേയമാണ്. എന്നാൽ സ്വന്തം നാട്ടിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്  ടോഹ്തി ഏറെക്കാലമായി. രാജ്യത്തിനുള്ളിൽ വിഘടനപ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണത്തിന്മേൽ ചൈന 2014 മുതൽ തടവിലിട്ടിരിക്കുകയാണ് ജെവ്ഹറിന്റെ അച്ഛനെ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ. പടിഞ്ഞാറൻ സിൻജിയാങ്ങ് പ്രവിശ്യയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പൊലീസും പട്ടാളവും ചേർന്ന് പ്രവർത്തിക്കുന്ന മനുഷ്യാവകാശ  ലംഘനങ്ങളുടെ പേരിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ചൈനയിലെ സർക്കാർ.

വീടിനുള്ളില്‍ ഒരു കമ്യൂണിസ്റ്റ് ചാരന്‍; ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിം ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്! 


 

2014 -ൽ ടോഹ്തിയെ വിചാരണ ചെയ്ത പ്രോസിക്യൂട്ടർമാർ ആരോപിച്ചത് ഉയിഗുർ ജനതയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കണം എന്നമട്ടിലുള്ള പ്രചാരണങ്ങൾ ടോഹ്തി തന്റെ വെബ്‌സൈറ്റ് വഴി നടത്തി എന്നാണ്. എന്നാൽ ടോഹ്തിയുടെ വെബ്‌സൈറ്റ് ഹാൻ, ഉയിഗുർ വംശജർക്ക് സാമൂഹികവിഷയങ്ങളിൽ അവബോധവും വിദ്യാഭ്യാസവും നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്ഥാപിക്കപ്പെട്ടതാണ്. ചൈനയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മിതവാദിയായാണ് ടോഹ്തി അറിയപ്പെട്ടിരുന്നത്. 

യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് ചിന്താസ്വാതന്ത്ര്യ പുരസ്കാരത്തിനാണ് ടോഹ്തി അര്ഹനായിരിക്കുന്നത്.  ഉയിഗുർ വംശജരെ മറ്റുള്ള തദ്ദേശീയരുടെ ചേർന്നുപോകാൻ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം പ്രസ്തുത പുരസ്‌കാരത്തിന് അർഹനായത് എന്ന് യൂറോപ്യൻ പാര്ലമെന്റ് അദ്ദേഹത്തിന് നൽകിയ അഭിനന്ദന സന്ദേശത്തിൽ പറയുന്നു. എന്നാൽ, ചൈനീസ് സർക്കാരിന്റെ അഭിപ്രായം തികച്ചും വ്യത്യസ്തമാണ്. 'അക്രമകാരിയായ ഒരു തീവ്രവാദി, സമൂഹമനസ്സാക്ഷിയെ ബാധിച്ച പുഴുത്ത വ്രണം, അടിയന്തരമായി വൃത്തിയാക്കി എടുക്കേണ്ട ഒരു തലച്ചോർ' എന്നൊക്കെയാണ് ചൈനീസ് സർക്കാർ ഇൽഹാം ടോഹ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടവരുടെ ഭാര്യമാരുടെ കിടക്കയിലേക്കും ഗവണ്‍മെന്‍റ് ചാരന്മാര്‍; ചൈനയിലെ ഉയിഗുര്‍ ജീവിതം

 

 

അച്ഛനെപ്പറ്റി രണ്ടുവാക്ക് പറയാൻ ഒരു അന്താരാഷ്ട്ര വേദി ഒരുക്കിത്തന്നതിന് നന്ദി എന്ന് തുടക്കത്തിലേ അറിയിച്ച ജെവ്ഹർ, ചൈനയിൽ ഇങ്ങനെ ഒരു വേദി തനിക്ക് ഒരിക്കലും കിട്ടില്ല എന്ന് അടിവരയിട്ടു പറഞ്ഞു. അച്ഛന് ഒരിക്കലും തിരോധാനത്തിൽ നിന്ന് മടങ്ങിവന്നു കൊണ്ട് തന്റെ കഥപറയാൻ പറ്റിക്കൊള്ളണം എന്നുമില്ല. ഇൽഹാം ടോഹ്തിയ്ക്കുവേണ്ടി സൂചനാത്മകമായി ഒരു കസേര ഒഴിച്ചിട്ടുകൊണ്ടാണ് പുരസ്‌കാര ദാന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. 

" ഇന്നത്തെ ദിവസം സന്തോഷത്തിന്റെതാകേണ്ടതാണ്. കാരണം, ഇന്ന് ഇവിടെ ആദരിക്കപ്പെടുന്നത് മനുഷ്യാവകാശത്തിന്റെയും, മാനവസ്നേഹത്തിന്റെയും പതാകാവാഹകനായ ഒരാളാണ്. എന്നാൽ ഇന്ന് നമ്മുടെ ആഘോഷങ്ങൾ സങ്കടത്തിൽ മുങ്ങിപ്പോയിരിക്കുകയാണ്. കാരണം, ഈ കസേര ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്. കാരണം, നമ്മൾ ഇന്ന് ജീവിക്കുന്ന ലോകത്ത് സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്കിടയിലും, യഥാർത്ഥത്തിലുള്ള സ്വാതന്ത്ര്യമെന്നത് മനുഷ്യർക്ക് അപ്രാപ്യമാണ്..!" 

കഴിഞ്ഞ വർഷത്തെ സഖറോവ് സമാധാന പുരസ്‌കാര ജേതാവായ ഉക്രെയിനിയൻ സംവിധായകൻ ഒലെഗ് സെന്റോവ്‌ ഇക്കൊല്ലം മോചിതനായത് തനിക്കും പ്രതീക്ഷ നൽകുന്നുണ്ട് എന്ന്  ജെവ്ഹർ ടോഹ്തി പറഞ്ഞു. " എന്റെ അച്ഛനും അടുത്ത വർഷത്തേക്ക് സ്വതന്ത്രനാകുമെന്ന് ഞാൻ സ്വപ്നം കാണുന്നു." അവർ പറഞ്ഞു. 

പത്തുലക്ഷത്തിലധികം ഉയിഗുർ മുസ്ലിങ്ങളാണ് സിൻജിയാങ് പ്രവിശ്യയിലെ ക്യാമ്പുകളിൽ കഴിയുന്നത്. അവിടെ ചൈനീസ് സർക്കാരിന്റെ നിർബന്ധിതമായ 'ചൈനീസ് വൽക്കരണ' ക്‌ളാസ്സുകൾക്ക് വിധേയരാകുകയാണ്, സ്വന്തം മത, സാംസ്കാരിക അസ്തിത്വം ഉള്ളിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്ന പ്രക്രിയക്ക് വിധേയരാകുകയാണ് ഉയിഗുറുകൾ. ഭീകരവാദത്തിലേക്ക് വഴുതിവീഴാൻ പോകുന്ന ഒരു ജനതയെ അവർ അത് പ്രവർത്തിക്കും മുമ്പ് കണ്ടെത്തി, തിരുത്തി ചൈനീസ് മുഖ്യധാരയിലേക്ക് ഇഴുകിച്ചേർന്നു ജീവിക്കാൻ വേണ്ട അവശ്യപരിശീലനം മാത്രമേ തങ്ങൾ നൽകുന്നുള്ളൂ എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത് എങ്കിലും, സ്വതന്ത്ര ചിന്താഗതിയുള്ള ഇൽഹാം ടോഹ്തിയെപ്പോലുള്ളവർ കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ വിധേയരാകുന്നുണ്ട് എന്നും, അവരിൽ പലരെയും ചൈനീസ് പട്ടാളം വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട് എന്നുമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്. അത്തരം ആരോപണങ്ങളെ എല്ലാം തന്നെ ശക്തിയുക്തം നിഷേധിക്കുകയാണ് ചൈനയിലെ സർക്കാർ എന്നും ചെയ്തുപോന്നിട്ടുള്ളത്. 

നഷ്ടപ്പെട്ട പ്രിയരെ ടിക്ടോകിൽ തിരിച്ചുപിടിക്കാൻ ശ്രമിച്ച് ഉയിഗുറുകൾ