ഭഗൽപൂരിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയാണ് ബിഹ്പൂർ ബ്ലോക്കിലെ കഹാർപൂർ എന്ന ഗ്രാമം. 2020 -ൽ ഇവിടെ കോസി നദിയിലെ ജലനിരപ്പ് ഉയരുകയും സ്കൂൾ വെള്ളത്തിൽ മുങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു.
വിദ്യാലയം എന്നത് ഇന്നും സ്വപ്നമായി മാറുന്ന പലരുമുണ്ട്. അതുപോലെ തന്നെ കിലോമീറ്ററുകളോളം സഞ്ചരിച്ച് വിദ്യ നേടേണ്ടി വരുന്ന കുട്ടികളും നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ, അങ്ങനെയുള്ള കുട്ടികൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ഇവിടെ ഒരു കർഷകൻ. എട്ട് ലക്ഷം രൂപയെങ്കിലും കിട്ടുന്ന തന്റെ സ്ഥലമാണ് കർഷകൻ ഗ്രാമത്തിൽ സ്കൂൾ പണിയുന്നതിന് വേണ്ടി വിട്ടുകൊടുത്തത്.
ഭഗൽപൂർ ജില്ലയിലെ ബിഹ്പൂർ ബ്ലോക്കിലെ കഹാർപൂർ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ സുബോധ് യാദവ് എന്ന കർഷകനാണ് തന്റെ 11 സെന്റ് ഭൂമി സ്കൂൾ പണിയുന്നതിന് വേണ്ടി വിട്ടുകൊടുത്തിരിക്കുന്നത്. അമ്മ ചന്ദ്രികാ ദേവിയുടെ ആഗ്രഹപ്രകാരമാണ് മകനായ സുബോധ് തന്റെ പേരിലുള്ള ഭൂമി ബിഹാർ ഗവൺമെന്റിന് ഗ്രാമത്തിൽ സ്കൂൾ പണിയുന്നതിന് വേണ്ടി വിട്ടുകൊടുത്തിരിക്കുന്നത്. ആ ഭൂമിക്ക് എട്ട് ലക്ഷം രൂപയെങ്കിലും വില വരും എന്നും സുബോധ് മാധ്യമങ്ങളോട് പറഞ്ഞു.
ഭഗൽപൂരിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയാണ് ബിഹ്പൂർ ബ്ലോക്കിലെ കഹാർപൂർ എന്ന ഗ്രാമം. 2020 -ൽ ഇവിടെ കോസി നദിയിലെ ജലനിരപ്പ് ഉയരുകയും സ്കൂൾ വെള്ളത്തിൽ മുങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു. ഇതോടെ, ഇവിടെ നിന്നുള്ള കുട്ടികൾക്ക് പഠിക്കാൻ വളരെ ദൂരത്തേക്ക് പോകേണ്ടി വന്നു. ആ യാത്രകൾ വളരെ കഷ്ടപ്പാട് നിറഞ്ഞതും ദുഷ്കരവുമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന സ്കൂൾ നശിച്ച് പോയതോടെ സർക്കാർ പുതുതായി സ്കൂൾ നിർമ്മിക്കാൻ വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടായിരുന്നു.
ഈ ഘട്ടത്തിലാണ് ചന്ദ്രികാ ദേവി മകൻ സുബോധിനോട് സ്ഥലം സ്കൂൾ പണിയുന്നതിന് വേണ്ടി വിട്ടുകൊടുക്കാൻ പറയുന്നത്. സുബോധ് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. തന്റെ അമ്മയെ അങ്ങനെ എന്നും ഗ്രാമം ഓർമ്മിക്കുമല്ലോ എന്നാണ് സുബോധ് പറയുന്നത്. ഭഗൽപൂർ ഡിഇഒ സഞ്ജയ് കുമാർ പറയുന്നത് സ്കൂളിന് വേണ്ടി സ്ഥലം വിട്ട് നൽകിയതിനാൽ ആ സ്കൂൾ ചന്ദ്രികാ ദേവിയുടെ പേരിൽ അറിയപ്പെടും എന്നാണ്.
