Asianet News MalayalamAsianet News Malayalam

മൃഗങ്ങളുടെ കാടിറക്കം തടയാം, ഒപ്പം മൃഗവേട്ടയും; 'ക്യാമറ ട്രാപ്പു'മായി ഹാക്ക് ദി പ്ലാനറ്റ്

ക്യാമറയിലെ സെന്‍സറുകള്‍ വഴി ലഭിക്കുന്ന വിവരങ്ങളെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് അപഗ്രഥിച്ച് പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് മനുഷ്യരുടെയും വിവിധ മൃഗങ്ങളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് ക്യാമറ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നു.

Hack the planets camera trap to prevent animal poaching bkg
Author
First Published Mar 10, 2023, 11:15 AM IST


കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ പ്രശ്നമെങ്കില്‍ ആഫ്രിക്കയില്‍ കാട് കയറുന്ന മനുഷ്യന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. അനധികൃത മൃഗവേട്ട ആഫ്രിക്കയിലെ പല മൃഗങ്ങളെയും വംശനാശ ഭീഷണിയിലേക്ക് തള്ളിവിട്ടു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഏറെ നാളായി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടെങ്കിലും ഓരോ പ്രതിബന്ധങ്ങളെയും തകിടം മറിച്ച് വേട്ടക്കാര്‍ നിര്‍ബാധം വേട്ട തുടരുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം. ഇതിന്‍റെ ഭാഗമായി പുതിയൊരു 'സ്മാര്‍ട്ട് ക്യാമറ' സംവിധാനം വികസിപ്പിച്ചെടുത്തു. 

നെതർലാൻഡ്സ് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഹാക്ക് ദി പ്ലാനറ്റ് എന്ന സ്ഥാപനമാണ് പുതിയ കണ്ടുപടിത്തത്തിന് പിന്നില്‍. ക്യാമറയിലെ സെന്‍സറുകള്‍ വഴി ലഭിക്കുന്ന വിവരങ്ങളെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് അപഗ്രഥിച്ച് പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് മനുഷ്യരുടെയും വിവിധ മൃഗങ്ങളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് ക്യാമറ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നു. ഈ "ക്യാമറ ട്രാപ്പ്" ആഫ്രിക്കയിലെ ദേശീയ പാർക്കുകൾ പോലെയുള്ള വിശാലമായ വനപ്രദേശങ്ങളിൽ ഉപയോഗപ്രദമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍,  

കൂടുതല്‍ വായനയ്ക്ക്: കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍;  കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !

വിദൂര പ്രദേശങ്ങളിലുള്ള ആളുകളെയോ മൃഗങ്ങളെയോ തത്സമയം ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സ്മാർട്ട് ക്യാമറ സിസ്റ്റമാണ് വികസിപ്പിച്ചെടുത്തതെന്ന് ഹാക്ക് ദി പ്ലാനറ്റ് എഞ്ചിനീയർ തിജ്‌സ് സുജിറ്റൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇങ്ങനെ കണ്ടെത്തുന്ന മനുഷ്യരെ കുറിച്ചും മൃഗങ്ങളെ കുറിച്ചും സിസ്റ്റം ഉടൻ തന്നെ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത് തത്സമയം ഇടപെടാന്‍ വനം ഉദ്യോഗസ്ഥരെ സഹായിക്കുന്നു. 

സ്മാർട്ട് ക്യാമറ ഉപഗ്രഹവുമായി അപ്‌ലിങ്ക് ചെയ്താണ് ഈ സാങ്കേതീകത ഉപയോഗപ്പെടുത്തിയത്. വൈഫൈ നെറ്റ്‌വർക്കിന്‍റെ ആവശ്യമില്ലാതെ സ്ഥലം നോക്കാതെ ക്യാമറയ്ക്ക് കണക്‌റ്റ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. സോളാർ പാനലുകൾ ഉപയോഗിച്ചാണ് പ്രവർത്തനം. അതിനാല്‍ പ്രത്യേകിച്ച് മറ്റ് വൈദ്യുതിയുടെ ആവശ്യം വരുന്നില്ല. ഈ ക്യാമറകള്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ട്രാക്ക് ചെയ്യാനും സാധിക്കുന്നു. അതുവഴി പെട്ടെന്ന് തന്നെ അധികാരികള്‍ക്ക് പ്രദേശത്ത് എത്തിചേരുന്നതിനും മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതും ഈ ഉപകരണം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

കൂടുതല്‍ വായനയ്ക്ക്: ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ! 

സ്‌കോട്ട്‌ലൻഡിലെ സ്റ്റിർലിംഗ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഹാക്ക് ദി പ്ലാനറ്റിന്‍റെ ക്യാമറാ ട്രാപ്പിന്‍റെ പരീക്ഷണം ഗാബോണിലെ ലോപ് നാഷണൽ പാർക്കിൽ വച്ച് നടത്തി. 72 ദിവസം നീണ്ടുനിന്ന പഠനത്തിൽ, മനുഷ്യ ഇടപെടലില്ലാതെ കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രവർത്തിക്കാൻ സ്മാർട്ട് ക്യാമറ സംവിധാനത്തിന് കഴിയുമെന്ന് കണ്ടെത്തി. 72 ദിവസത്തിനിടെ 217 ആനകളുൾപ്പെടെ 800-ലധികം ഫോട്ടോകൾ ഇത് വഴി ലഭിച്ചു. ആനകളെ തിരിച്ചറിയുന്നതിൽ നിയന്ത്രിത ബുദ്ധി 82% കൃത്യത കൈവരിച്ചെന്ന് ഹാക്ക് ദി പ്ലാനറ്റ് അവകാശപ്പെട്ടു. ചിത്രമെടുത്ത് അതിലെ വിവരങ്ങള്‍ അപഗ്രഥിച്ച് വനം അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി സംവിധാനം ശരാശരി എടുത്തത് ഏഴ് മിനിറ്റ് മാത്രമാണ്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ (IUCN) സമീപകാല പഠനം അനുസരിച്ച്, 2018 നും 2021 നും ഇടയിൽ 2,707 കാണ്ടാമൃഗങ്ങളാണ് ആഫ്രിക്കയിലെ അനധികൃത വേട്ടയാടലില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും ദക്ഷിണാഫ്രിക്കയിലാണ്. 

കൂടുതല്‍ വായനയ്ക്ക്: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ വീഡിയോ കാണൂ !
 

Follow Us:
Download App:
  • android
  • ios