രാജസ്ഥാനിലെ മൗണ്ട് അബുവിന് സമീപം ഒരു പുള്ളിപ്പുലി മനുഷ്യർ ഉപേക്ഷിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്നതിൻ്റെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ചു.
രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബുവിന് സമീപം ഒരു പുള്ളിപ്പുലി മനുഷ്യർ തള്ളിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്നവീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ. വീഡിയോയില്‍ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് പുള്ളിപ്പുലി മാലിന്യം തിന്നുന്നത് കാണാം. ചുറ്റും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കൂടിയിരിക്കുന്നു. ഇതിനിടെയിൽ നിന്നാണ് ഒരു പുള്ളിപ്പുലി തന്‍റെ വിശപ്പടക്കാനായി എന്തോ കഴിക്കുന്നത്.
വീഡിയോ
വെറും 17 സെക്കന്‍റ് മാത്രമുള്ള വീഡിയോ നമ്മളോട് നിരവധി കാര്യങ്ങളാണ് പറയാതെ പറയുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്നതിനിടെ നമ്മുടെ ശ്രദ്ധയില്ലായ്മ മുതല്‍ വന സംരക്ഷണത്തിലെ നമ്മുടെ കെടുകാര്യസ്ഥത വരെ നീളുന്നു അത്. "എന്തൊരു ദുഃഖകരമായ ദൃശ്യം. മൗണ്ട് അബുവിന് സമീപം ശിവാൻഷ് സാഹ ഈ #പുലിയെ റെക്കോർഡ് ചെയ്‌തു. നമ്മുടെ മാലിന്യം കാട്ടിലേക്ക് എങ്ങനെ എത്തുന്നുവെന്ന് നോക്കൂ" വീഡിയോ പങ്കുവച്ച് കൊണ്ട് എന്ന് കാസ്വാൻ എഴുതി. ഇതിനികം അരലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു.
പ്രതികരണങ്ങൾ
'നമ്മൾ ലജ്ജിക്കണം' വീഡിയോ കണ്ട നിരവധി പേര്‍ കുറിച്ചു. വേദനാജനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയർത്തിയത്. മനുഷ്യർ വന്യജീവി ആവാസവ്യവസ്ഥയെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. പലരും ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു. മാലിന്യത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് വളരെ അപകടകരമാണെന്ന് ഒരാൾ എഴുതുന്നു. വളരെ സങ്കടകരമാണ്. ഒരു കാര്യം വ്യക്തമാണ്. നമ്മൾ സ്വമേധയാ നമ്മുടെ പൗരബോധം മാറ്റില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. താമസിയാതെ കാട്ടുമൃഗങ്ങൾ മനുഷ്യ ശീലങ്ങൾ പഠിക്കുകയും നമ്മളെപ്പോലെ മടിയന്മാരാകുകയും ചെയ്യും. നമ്മൾ സ്വിഗ്ഗിയെയോ സൊമാറ്റോയെയോ കാത്തിരിക്കുന്നതുപോലെ വന്യമൃഗങ്ങളും മാലിന്യത്തിനായി കാത്തിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി.


