ബംഗളൂരുവിലെ ഒരു ദമ്പതികൾ സ്വന്തം ചെലവിനേക്കാൾ കൂടുതൽ തുക വളർത്തുനായയ്ക്കായി ചെലവഴിക്കുന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. കുട്ടികളില്ലാത്ത, ഇരട്ട വരുമാനമുള്ള ദമ്പതികൾക്കിടയിൽ വളരുന്ന ഈ 'DINKWAD' ട്രെൻഡ് ഇന്ത്യയിലെ പെറ്റ് കെയർ വിപണിയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്.

സ്വന്തം ഭക്ഷണത്തിനേക്കാൾ കൂടുതൽ തുക വളർത്തുനായയുടെ ആഡംബരങ്ങൾക്കായി ചെലവഴിക്കുന്ന ബംഗളൂരുവിലെ ഒരു ദമ്പതികളുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ദിരാനഗറിലെ ഒരു ഗോൾഡൻ റിട്രീവർ ഉടമകളായ ദമ്പതികളെ സന്ദർശിച്ച വിശേഷങ്ങൾ 'GoQuest' സ്ഥാപകൻ ഗഗൻ അറോറ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെയാണ് ഈ പുതിയ ട്രെൻഡ് പുറംലോകമറിഞ്ഞത്.

പ്രത്യേക പരിചരണം

ഈ ദമ്പതികൾ തങ്ങളുടെ നായയ്ക്കായി മാസംതോറും 12,000 രൂപ മുതൽ 15,000 രൂപ വരെയാണ് ചെലവഴിക്കുന്നത്. നായയുടെ ഭക്ഷണത്തിനായി മാത്രം ഫ്രിഡ്ജിൽ ഒരു പ്രത്യേക ഷെൽഫ് തന്നെയുണ്ട്. ഓരോ ദിവസത്തേക്കും ആവശ്യമായ ഓർഗാനിക് ഭക്ഷണം അളന്ന് ലേബൽ ചെയ്താണ് ഇതിൽ സൂക്ഷിക്കുന്നത്. 3 കിലോയ്ക്ക് 2,400 രൂപ വിലവരുന്ന പ്രീമിയം ഡോഗ് ഫുഡ്, സന്ധികളുടെ ആരോഗ്യത്തിനായുള്ള പ്രത്യേക സപ്ലിമെന്‍റുകൾ, കൃത്യമായ ഇടവേളകളിലുള്ള ഗ്രൂമിംഗ് സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പലപ്പോഴും ഈ തുക ദമ്പതികളുടെ സ്വന്തം പലചരക്ക് ചെലവിനേക്കാൾ കൂടുതലാണെന്നതാണ് കൗതുകകരം.

എന്താണ് ഈ 'DINKWAD' ട്രെൻഡ്?

അറോറ ഈ പ്രവണതയെ 'DINKWAD' (Double Income, No Kids, With A Dog) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, രണ്ടുപേർക്കും വരുമാനമുള്ള, കുട്ടികളില്ലാത്ത, എന്നാൽ ഒരു നായയെ വളർത്തുന്ന ദമ്പതികൾ. ഇത്തരക്കാർക്കിടയിൽ വളർത്തുമൃഗങ്ങൾ വെറും മൃഗങ്ങളല്ല, മറിച്ച് തങ്ങളുടെ "രോമക്കുപ്പായമിട്ട മക്കളാണ്" . കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചെലവില്ലാത്തതിനാൽ, തങ്ങളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഇവർ പ്രീമിയം പെറ്റ് കെയർ ഉൽപ്പന്നങ്ങൾക്കായി മാറ്റിവെക്കുന്നു. ഉപഭോക്താക്കളുടെ ഈ സ്വഭാവമാറ്റം ഇന്ത്യയിലെ പെറ്റ് കെയർ വിപണിയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സ്വന്തം ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുമ്പോൾ വില കുറഞ്ഞത് നോക്കുന്നവർ പോലും, വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഗുണനിലവാരത്തിനും വിശ്വാസത്തിനുമാണ് മുൻഗണന നൽകുന്നത്.

വിപണിയിലെ സ്വാധീനം

എന്തിനേറെ പറയുന്നു 'Drools'എന്ന കമ്പനി 1 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനമായി മാറുകയും നെസ്‌ലെ (Nestlé) പോലുള്ള വമ്പന്മാർ അതിൽ ഓഹരികൾ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലയൻസ് 'Waggies' എന്ന ബ്രാൻഡ് ആരംഭിച്ചപ്പോൾ, ഗോദ്‌റെജ് ഈ മേഖലയിൽ 500 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. 2022 -നും 2025 -നും ഇടയിൽ പെറ്റ് കെയർ സ്റ്റാർട്ടപ്പുകൾ 124 മില്യൺ ഡോളറിലധികം നിക്ഷേപം സമാഹരിച്ചു. ചുരുക്കത്തിൽ, ഇന്ത്യയിലെ പെറ്റ് കെയർ മേഖല ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി മാറിക്കഴിഞ്ഞു.