റെഡ്ഡിറ്റിലൂടെ ഒരു യുവാവ് താൻ നേരിട്ട കടുത്ത തൊഴിലിട പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ജീവനക്കാരുടെ കമ്പ്യൂട്ടർ സ്ക്രീനുകൾ സിസിടിവി വഴി നിരീക്ഷിക്കുകയും വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്ത ബോസിനെതിരെയാണ് ആരോപണം. ഒടുവിൽ സഹികെട്ട് രാജിക്കത്ത് നൽകി യുവാവ് ഈ കോർപ്പറേറ്റ് ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇന്നുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിഷലിപ്തമായ തൊഴിലിടത്തിൽ നിന്നുള്ള തന്‍റെ പടിയിറക്കത്തെക്കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. റെഡ്ഡിറ്റിലെ 'Toxic Work place' എന്ന പേജിൽ 'Such_Cauliflower_937' എന്ന ഉപയോക്താവാണ് തനിക്ക് തൊഴിലിടത്തിൽ നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

കമ്പ്യൂട്ടർ സ്ക്രീൻ വരെ സൂം ചെയ്യും

സാധാരണ ഒരു കോർപ്പറേറ്റ് ജോലി പ്രതീക്ഷിച്ചാണ് സ്ഥാപനത്തിൽ ചേർന്നതെന്നും എന്നാൽ, കടുത്ത നിയന്ത്രണങ്ങളും അവിശ്വാസവും നിറഞ്ഞ അന്തരീക്ഷമാണ് അവിടെ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. ജീവനക്കാരുടെ കമ്പ്യൂട്ടർ സ്ക്രീനുകളിലേക്ക് റിയൽ - ടൈമായി സൂം ചെയ്യാനും, സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും, എന്തിന് ജോലിക്കാരുടെ കീബോർഡുകളുടെ ഓരോ ചലനവും നിരീക്ഷിക്കുകയും ഉയർന്ന സുരക്ഷാ സൗകര്യത്തിലെ തടവുകാരെപ്പോലെ തങ്ങളെ ചാരപ്പണി ചെയ്യാനുമായി ബോസ് ഓഫീസ് മുറിയിൽ ഹൈ - ഡെഫനിഷൻ സിസിടിവി ക്യാമറകൾ ഉപയോഗിച്ചിരുന്നതായി പോസ്റ്റിൽ ആരോപിക്കുന്നു.

ആഴ്ചയിൽ ഏഴ് ദിവസം ജോലി, ചിലപ്പോൾ രാത്രി 2 വരെ നീളും!

വാരാന്ത്യങ്ങളോ അവധി ദിവസങ്ങളോ പോലുമില്ലാതെ ആഴ്ചയിൽ ഏഴ് ദിവസവും ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നു. പലപ്പോഴും രാത്രി 2 മണി വരെ ജോലി നീണ്ടുനിന്നു. വൈകിയെത്തുന്നവരെ ഓഫീസിന് പുറത്ത് നിർത്തി ശിക്ഷിക്കുന്നതും പതിവായിരുന്നു. മാസങ്ങൾ നീണ്ട മാനസിക സമ്മർദ്ദത്തിനും തളർച്ചയ്ക്കും ഒടുവിൽ, തൊഴിലിടത്തിലെ ഈ മോശം പെരുമാറ്റങ്ങൾ ഓരോന്നായി അക്കമിട്ട് നിരത്തി യുവാവ് തന്‍റെ രാജി തയ്യാറാക്കി ടീമിലെ മുഴുവൻ ആളുകൾക്കും അയച്ചുകൊടുത്തു. പിറ്റേന്ന് രാവിലെ ബോസ് എത്തുന്നതിന് മുൻപ് ഓഫീസിലെത്തി തന്‍റെ സാധനങ്ങളെല്ലാം എടുത്ത്, യാതൊരു തർക്കങ്ങൾക്കും നിൽക്കാതെ അവിടെനിന്ന് ഇറങ്ങി. ഒരു കോർപ്പറേറ്റ് ജയിലിൽ നിന്നുള്ള തന്‍റെ അന്തിമ മോചനം എന്നാണ് അദ്ദേഹം ഈ പടിയിറക്കത്തെ വിശേഷിപ്പിച്ചത്.

മോശം തൊഴിൽ സംസ്കാരം

സ്ഥാപനത്തിലെ മോശം തൊഴിൽ സംസ്കാരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് നെറ്റിസൺസ് ഉയർത്തുന്നത്. "അയാൾ നിങ്ങളെ ഫോണിൽ വിളിക്കുകയോ രാജിക്കത്തിന് മറുപടി നൽകുകയോ ചെയ്തോ?" എന്ന് ഒരു ഉപയോക്താവ് ചോദിച്ചപ്പോൾ, "ഇല്ല, അയാളുടെ ഈഗോ മറ്റെന്തിനേക്കാളും വലുതാണ്" എന്നായിരുന്നു യുവാവിന്‍റെ മറുപടി. "ഈ രാക്ഷസന് അർഹിക്കുന്ന ശിക്ഷ ഉടൻ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അയാളെ പരസ്യമായി തുറന്നുകാട്ടുക. മാധ്യമങ്ങളെ സമീപിക്കുക," എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.