സ്കാനിംഗ് മെഷ്യന്‍ പ്രവര്‍ത്തിപ്പിക്കവെയാണ് ഇയാൾ ലോഹ ചെയിന്‍ ധരിച്ച് മുറിയിലേക്ക് കയറിയത്. പിന്നാലെയായിരുന്നു അപകടം. 

എംആര്‍ഐ സ്കാനിംഗിന് മുമ്പ് രോഗി ധരിച്ചിരിക്കുന്ന എല്ലാ ലോഹ വസ്തുക്കളും അഴിച്ച് വയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടും. കാരണം എംആര്‍ഐ സ്കാനിംഗ് മെഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ കാന്തങ്ങൾ ഉപയോഗിച്ചാണ്. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതോടെ കാന്തം സജീവമാകും. ഇതോടെ മുറിയിലുള്ള എല്ലാ ലോഹ വസ്തുക്കളെയും യന്ത്രം തന്നിലേക്ക് വലിച്ച് അടുപ്പിക്കും. കാരണം അത്രയ്ക്കും ശക്തിയേറിയ കാന്തമാണ് എംആര്‍ഐ സ്കാനിംഗ് മെഷ്യനിൽ പ്രവര്‍ത്തിപ്പിക്കുന്നത്.

ജൂലൈ 16 വൈകീട്ട് നാലരയോടെ യുഎസിലെ വെസ്റ്റ്ബറി ഗ്രാമത്തിലെ നസ്സാവു ഓപ്പൺ എംആർഐ റൂമിലേക്ക് കയറി 61 -കാരന്‍ യന്ത്രത്തിനുള്ളില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായി. എംആര്‍ഐ യന്ത്രം പ്രവര്‍ത്തിക്കവെ കഴുത്തില്‍ വലിയ ലോഹ ചെയിന്‍ ധരിച്ച് ഇദ്ദേഹം മുറിയിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു അപകടമെന്ന് നസ്സാവു കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. യന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കവെ ലോഹ ചെയിന്‍ ധരിച്ചെത്തിയ ഇദ്ദേഹം, കാന്തത്തിന്‍റെ ശക്തിയില്‍ പെട്ടെന്ന് യന്ത്രത്തിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെ നീങ്ങുകയായിരുന്നു.

61 -കാരന്‍ യന്ത്രത്തില്‍ അകപ്പെട്ടതിന് പിന്നാലെ മുറിയിലുണ്ടായിരുന്ന നേഴ്സുമാര്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലാത്ത 61 -കാരന്‍റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം എംആര്‍ഐ യന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ഒരാൾ, അതും വലിയൊരു ലോഹ ചെയിന്‍ ധരിച്ചയാൾ എങ്ങനെ മുറിയിലേക്ക് കയറി എന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല. അദ്ദേഹം രോഗിയോ, എംആര്‍ഐ സ്കാനിംഗിനായി എത്തിയ ആളോ എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.