അന്വേഷണത്തിൽ അവരുടെ തോണി ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. അതിൽ മീനുകളുമുണ്ടായിരുന്നു. അതുപോലെ മീൻ പിടിക്കുന്നതിനായി വലയും ഇട്ടിട്ടുണ്ടായിരുന്നു. 

മീൻ പിടിക്കാൻ പോയതിനിടയിൽ കാണാതായ സ്ത്രീയെ ഒടുവിൽ കണ്ടെത്തിയത് ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം. സംഭവം നടന്നത് ബ്രസീലിലാണ്. ഹൃദയാഘാതത്തെ തുടർന്നാണ് സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടത്. 68 വയസ്സുള്ള മരിയ ദാസ് ഗ്രാസ് മോട്ട ബെർണാഡോയും ജോസ് നിൽസൺ ഡി സൗസ ബെർണാർഡോയും മാർച്ച് 28 -ന് പതിവുപോലെ തന്നെ മീൻ പിടിക്കാൻ വേണ്ടി പോയതാണ്. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം മീനുമായി വീട്ടിലേക്ക് മടങ്ങാനായിരുന്നു ദമ്പതികളുടെ പദ്ധതി. ബ്രസീലിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള റിയോ നീഗ്രോ എന്ന ആമസോൺ നദിയിൽ നിന്നും തിരികെ പോരാനായിരുന്നു പദ്ധതി. ഒരു ബോട്ടും വനമുള്ള ഭാ​ഗത്ത് കടക്കാനായി ചെറിയ തോണിയുമാണ് അവർ കരുതിയിരുന്നത്. 

എന്നാൽ, തിരികെ എത്താനുള്ള സമയമായിട്ടും ദമ്പതികൾ വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് വീട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. അന്വേഷണത്തിൽ അവരുടെ തോണി ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. അതിൽ മീനുകളുമുണ്ടായിരുന്നു. അതുപോലെ മീൻ പിടിക്കുന്നതിനായി വലയും ഇട്ടിട്ടുണ്ടായിരുന്നു. 

ഉടനെ തന്നെ പൊലീസും ഫയർ സർവീസും നേവിയും കൂടി തിരച്ചിൽ ഊർജ്ജിതമാക്കി. പിന്നാലെ, അവർ പോയ സ്ഥലത്ത് നിന്നും 100 മൈൽ അകലെ അവരുടെ ബോട്ട് കണ്ടെത്തുകയായിരുന്നു. ബോട്ടിൽ മരിയയും ഒപ്പം ഭർത്താവിന്റെ മൃതദേഹവുമാണ് ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ മാർ​ഗം ഇവരെ കരയിലെത്തിച്ചു. 

വെള്ളത്തിൽ വച്ച് ഭർത്താവ് നെഞ്ചുവേദന വന്നതായി പറയുകയായിരുന്നു എന്ന് മരിയ പറയുന്നു. പിന്നാലെ, അദ്ദേഹം മരണത്തിന് കീഴടങ്ങിയതോടെ മരിയ മൃതദേഹത്തോടൊപ്പം വെള്ളത്തിൽ തന്നെ കുടുങ്ങി എന്നാണ് പറയുന്നത്. എന്തായാലും സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം മൃതദേഹത്തിന്റെ ഓട്ടോപ്സിയും നടക്കും.