സിംഗപ്പൂരിൽ കള്ളം പറഞ്ഞതിന് ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ലിഫ്റ്റിൽ കയറ്റിയ പിതാവിന് ആറ് മാസം തടവ്. ഒപ്പമുണ്ടായിരുന്ന ഏഴ് വയസ്സുകാരിയായ മകളോട് ഈ ദൃശ്യങ്ങൾ പകർത്താൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചതായി കോടതി കണ്ടെത്തി.

കള്ളം പറഞ്ഞതിന്‍റെ പേരിൽ ഒമ്പത് വയസ്സുകാരനായ മകന് ക്രൂരമായ ശിക്ഷ നൽകിയ 40 വയസ്സുകാരനായ പിതാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. കുട്ടിയെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് ലിഫ്റ്റിലൂടെ ഫ്ലാറ്റിന്‍റെ താഴത്തെ നിലയിലേക്ക് അയക്കുകയും, ഈ ദൃശ്യങ്ങൾ പകർത്താൻ ഏഴ് വയസ്സുകാരിയായ മകളോട് ആവശ്യപ്പെടുകയും ചെയ്തെന്ന കേസിലാണ് കോടതിയുടെ നടപടി. കുട്ടികളെ ദേഹോപദ്രവത്തിന് ഇരയാക്കിയ കേസിൽ നവംബർ 26-ന് പ്രതി കുറ്റം സമ്മതിച്ചെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി കോടതിയുടെ വിലക്കുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവങ്ങളുടെ തുടക്കം

2025 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പൂരിലെ ഹൗസിങ് ബോർഡ് ഫ്ലാറ്റ് സമുച്ചയത്തിലെ എട്ടാം നിലയിലായിരുന്നു പിതാവും മക്കളും താമസിച്ചിരുന്നത്. മകൻ കള്ളം പറഞ്ഞതിൽ പ്രകോപിതനായ പിതാവ്, അവന്‍റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് പോകാനും അതിന് ശേഷം മാത്രം വീട്ടിൽ കയറിയാൽ മതിയെന്നും ഒമ്പത് വയസ്സുകാരനോട് ആജ്ഞാപിക്കുകയായിരുന്നു.

സഹോദരന് നൽകിയ ഈ ശിക്ഷ മൊബൈൽ ഫോണിൽ വീഡിയോയായി ചിത്രീകരിക്കാൻ ഏഴ് വയസ്സുകാരിയായ മകളോടും ഇയാൾ ആവശ്യപ്പെട്ടു. പെൺകുട്ടി പിതാവിന്‍റെ നിർദേശം അനുസരിച്ചു. പൂർണ്ണ നഗ്നനായി ഇടനാഴിയിലൂടെ ഓടിയ കുട്ടി പിന്നീട് ലിഫ്റ്റിൽ കയറി. ഈ സമയം ലിഫ്റ്റിലേക്ക് കയറിയ രണ്ട് പേർ കുട്ടിയെ ഈയവസ്ഥയിൽ കാണാനിടയായി. ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ശേഷം കുട്ടി അതേ ലിഫ്റ്റിൽ തന്നെ എട്ടാം നിലയിലെ തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ക്രൂരത

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് അധികൃതർ ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഒരു മാസത്തിനുശേഷം ഇയാൾ ഏഴ് വയസ്സുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ചു. യാത്രയ്ക്കിടെ ചാംഗി വിമാനത്താവളത്തിൽ വെച്ച് പെൺകുട്ടി ഛർദ്ദിച്ചതിനെത്തുടർന്നായിരുന്നു മർദ്ദനം. പ്രകോപിതനായ പിതാവ്, വിമാനത്താവളത്തിൽ വച്ച് കുട്ടിയെ അടിക്കുകയും ഇടിക്കുകയും ചെയ്തതായി റിപ്പർട്ടുകളിൽ പറയുന്നു.

കോടതിയുടെ നിരീക്ഷണങ്ങൾ

പ്രതിക്ക് ഒമ്പത് മാസം തടവുശിക്ഷ നൽകണമെന്നാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ കരോലിൻ ലിം കോടതിയിൽ വാദിച്ചത്. കുട്ടിക്ക് ഏറ്റവും കൂടുതൽ വിശ്വാസവും സുരക്ഷിതത്വവും നൽകേണ്ട വ്യക്തി തന്നെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. നിലവിൽ 15,000 സിംഗപ്പൂർ ഡോളറിന്‍റെ ജാമ്യത്തിലിറങ്ങിയ പ്രതി, ഡിസംബർ ഒന്നിന് ആറ് മാസത്തെ തടവുശിക്ഷ അനുഭവിച്ച് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.