മാസങ്ങളോളം അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്. അവിടെ കണ്ട കാഴ്ച അതീവ ദയനീയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യുഎസിലെ മിസിസിപ്പി നദീതീരത്തുള്ള ലൂസിയാന നഗരത്തിലെ ന്യൂ ഓർലാന്‍സില്‍ നിന്നും അസാധാരണമായൊരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ചു. ഒമ്പത് മാസം മുമ്പ് മരിച്ച മകന്‍റെ മമ്മിഫൈ ചെയ്ത മൃതദേഹത്തിനൊപ്പം താമസിക്കുന്ന മുന്‍ ഡോക്ടർ കൂടിയായ അമ്മയെ പോലീസ് കണ്ടെത്തിയെന്നതായിരുന്നു അത്. ഏതാണ്ട് 600 പൗണ്ട് (272 കിലോയോളം) ഭാരമുണ്ടായിരുന്ന, പാതിയും ഡീകമ്പോസ്ഡ് ചെയ്യപ്പെട്ട മമ്മിഫൈ ചെയ്ത മൃതദേഹ അവശിഷ്ടമാണ് പോലീസ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അയൽവാസികൾ മാസങ്ങളായി പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഏറെ ജനസാന്ദ്രതയുള്ള മേഖലയില്‍ നിന്നും അസാധാരണമായ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
മാസങ്ങൾ നീണ്ട പരാതിക്കൊടുവില്‍, ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന അന്വേഷണത്തിലാണ് സിറ്റി കോഡ് എന്‍ഫോസ്മെന്‍റ് ഓഫീസർ ന്യൂ ഓർലാന്‍സിലെ വീട്ടിലെത്തിയത്. എന്നാല്‍, വീട്ടിനുള്ളില്‍ ഒരു മാലിന്യക്കുമ്പാരമാണ് കണ്ടതെന്ന് ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിയും എലിയും പാഞ്ഞ് നടക്കുന്ന മുറികൾ. എല്ലാ മുറിയിലും മാലിന്യം നിറച്ചിരുന്നു. ഒരു മുറിയില്‍ മമ്മിഫൈ ചെയ്ത മൃതദേഹം. വീട്ടിനുള്ളിലേക്ക് കയറാന്‍ പോലും പറ്റാത്ത അവസ്ഥ. വൃദ്ധയായ ബാര്‍ബാറ ഹൈന്‍സ്വര്‍ത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെ കണ്ടതും മൃതദേഹം ചൂണ്ടി, 'അത് എന്‍റെ മകന്‍, അവന്‍ ഒമ്പത് മാസം മുമ്പ് മരിച്ചു.' എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടറായിരുന്ന ബാര്‍ബാറ ഹൈന്‍സ്വര്‍ത്തിന്‍റെ മെഡിക്കല്‍ ലൈസന്‍സ് 10 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടിരുന്നു. ബാര്‍ബാറയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും റിപ്പോര്‍ട്ടുണ്ട്. സിറ്റി കോഡ് എന്‍ഫോസ്മെന്‍റ് ഓഫീസ് വീട് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും അതിനാല്‍ ഇടിച്ച് നിരത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു പദ്ധതി നഗര ഭരണാധികാരികൾക്ക് ഇല്ല. മറിച്ച് മാലിന്യം നീക്കം ചെയ്ത് ബാത്ത് റൂമിലെ കുഴി അടച്ച് വീട് വൃത്തിയാക്കി, പോലീസിന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കുമെന്ന് നഗരാധികാരികൾ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മെയ് ആറാം തിയതി. ബാര്‍ബാറയെ പോലീസ് കണ്ടെത്തിയതിന് തൊട്ട് അടുത്ത ദിവസം അവരെ പൊതു ശല്യമായി പ്രഖ്യാപിച്ച് 6125 ഡോളര്‍ (ഏതാണ്ട് 5,25,000 രൂപ) പിഴ ഈടാക്കിയെന്ന് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഒരു മെഡിക്കല്‍ സംഘം ബാര്‍ബാറയുടെ മാനസികനില പരിശോധിക്കാനെത്തിയെന്നും എന്നാല്‍ അവരെ അറസ്റ്റ് ചെയ്യുകയോ അവര്‍ക്കെതിരെ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം സംഭവിത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.


