അമ്മയുടെ വെള്ളി ആഭരണങ്ങൾ തനിക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം ശവസംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഇയാൾ, അമ്മയ്ക്കായി ഒരുക്കിയ ചിതയിൽ കയറിക്കിടക്കുകയായിരുന്നു.
മരിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്താൻ തയ്യാറാകാതെ അവരുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. രാജസ്ഥാനിലെ കോട്പുട്‌ലി - ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ആഭരണങ്ങൾ തനിക്ക് നൽകിയില്ലെങ്കിൽ ശവസംസ്കാരം നടത്താൻ അനുവദിക്കുകയില്ലെന്ന് മക്കളിൽ ഒരാൾ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് ഇയാൾ കയറി കിടക്കുകയും ചെയ്തു.
മെയ് മൂന്നിന് ലീല കാ ബസ് കി ധനി ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആഭരണങ്ങൾ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു മകൻ ശവസംസ്കാര ചിതയിൽ കിടക്കുന്നത് വീഡിയോയിൽ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴാണ് ഇയാൾ ചിത കൈയടക്കി, അതില്‍ കിടന്നത്. ചിത്രമൽ റേഗറിന്‍റെ ഭാര്യ ഭൂരി ദേവി മെയ് 3 -നാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ ഏഴ് ആൺമക്കളിൽ ആറ് പേർ ഗ്രാമത്തിൽ ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാൽ, അഞ്ചാമത്തെ മകൻ ഓംപ്രകാശ് സ്വത്ത് തർക്കത്തെ തുടർന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണ ശേഷം ചില ചടങ്ങുകൾക്ക് ശേഷമാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ മൂത്തമകൻ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളിൽ കയറി കിടക്കുകയുമായിരുന്നു. വെള്ളി വളകൾ തനിക്ക് കൈമാറിയില്ലെങ്കിൽ ശവസംസ്കാരം നടത്താൻ സമ്മതിക്കുകയില്ല എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഗ്രാമവാസികളും കുടുംബാംഗങ്ങളും ഇയാളെ സമാധാനിപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവിൽ, ആഭരണങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുവന്ന് ഇയാൾക്ക് കൈമാറിയതിന് ശേഷം മാത്രമാണ് ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാന്‍ കഴിഞ്ഞതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.


