ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് മന്ത്രി പങ്കിട്ടത്. ട്രെയിനിൽ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. റൊട്ടിയും പരിപ്പും ചോറും മറ്റ് ചില കറികളും പ്ലേറ്റിലുണ്ടായിരുന്നു.

ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ചുകൊണ്ട് നാഗാലാന്റ് മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വൈറൽ ആകുകയാണ്. പോസ്റ്റ് കണ്ട രാജധാനി എക്സ്പ്രസ്സിലെ സ്ഥിരം യാത്രക്കാർക്ക് തെല്ലൊന്നുമല്ല സന്തോഷം. രാജാധാനി എക്സ്പ്രസ്സിലെ തന്റെ യാത്രയ്ക്കിടയിൽ എടുത്ത ചിത്രത്തിനൊപ്പം ആണ് മന്ത്രി തന്റെ യാത്രാ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

രാജധാനി എക്സ്പ്രസ്സിൽ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുള്ളവരായിരിക്കും ഇന്ത്യക്കാരിൽ ഏറിയ പങ്കും. ഇനി യാത്ര ചെയ്തിട്ടില്ലെങ്കിൽ സ്ഥിരമായി കേട്ടിട്ടെങ്കിലും ഉണ്ടാകും. ഏതായാലും നാഗാലാന്റ് മന്ത്രി ടെംജെൻ ഇമ്‌ന അലോംഗിന്റെ കഴിഞ്ഞ ദിവസത്തെ ട്വിറ്റർ പോസ്റ്റ് രാജാധാനി എക്സ്പ്രസ്സിന്റെ ഫാൻസിന് നന്നേ ബോധിച്ചു. മുമ്പ് ട്രെയിനിൽ യാത്ര ചെയ്തിരുന്നവർ പോലും പോസ്റ്റ് വൈറലായതോടെ പഴയ യാത്രാ ഓർമ്മകൾ പങ്കിടുകയാണ് ഇപ്പോൾ.

ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് മന്ത്രി പങ്കിട്ടത്. ട്രെയിനിൽ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. റൊട്ടിയും പരിപ്പും ചോറും മറ്റ് ചില കറികളും പ്ലേറ്റിലുണ്ടായിരുന്നു.

Scroll to load tweet…

“ജീവിതം ഒരു യാത്രയാണ്, യാത്ര ആസ്വദിക്കൂ; ഭക്ഷണമാണ് ജീവിതം, ഒരിക്കലും നിങ്ങളുടെ ഭക്ഷണം ഒഴിവാക്കരുത് “ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. റെയിൽവേ തനിക്ക് നൽകിയ ഭക്ഷണത്തിന് ഹൃദയപൂർവം നന്ദി എന്നു പറഞ്ഞ അദ്ദേഹം പോസ്റ്റിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് ചെറിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. പോസ്റ്റിന് നിരവധി പ്രതികരണങ്ങളും 3.4k ലൈക്കുകളും ലഭിച്ചു. ചില കമന്റുകൾക്ക് ടെംജെൻ ഇമ്ന അലോംഗും മറുപടി നൽകിയിട്ടുണ്ട്.