Asianet News MalayalamAsianet News Malayalam

വീടിനകത്തെ ക്യാമറ എല്ലാം പകര്‍ത്തി, വളർത്തുനായ ബാറ്ററി കടിച്ചു പൊട്ടിച്ചു, പിന്നാലെ വീടിന് തീപിടിച്ചു

ദൃശ്യങ്ങളിൽ വീടിനുള്ളിലെ സ്വീകരണമുറിയിൽ രണ്ട് നായ്ക്കളെയും ഒരു പൂച്ചയെയും കാണാം. നായ്ക്കൾ രണ്ടും സ്വീകരണമുറിയിലെ സോഫയിൽ കിടന്നു വിശ്രമിക്കുന്നതും അതിൽ ഒരു നായ എന്തോ ചവച്ചരക്കുന്നതും കാണാം.

pet dog chewing on lithium ion battery causes fire
Author
First Published Aug 8, 2024, 2:36 PM IST | Last Updated Aug 8, 2024, 2:36 PM IST

വളർത്തുനായ്ക്കളുടെ വിശ്രമവേളയിലെ ചെറിയ കുസൃതി ഒരു വലിയ അപകടത്തിൽ കലാശിച്ചു. വിശ്രമിക്കുന്നതിനിടെ ഒരു നായ പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി കടിച്ചു പൊട്ടിച്ചതോടെ അപ്രതീക്ഷിതമായി വീടിന് തീപിടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

അമേരിക്കയിലെ  ഒക്‌ലഹോമയിൽ ആണ് വളർത്തുനായ ബാറ്ററി കടിച്ചു പൊട്ടിച്ചതോടെ വീടിനുള്ളിൽ തീ പടർന്നത്. തുൾസ ഫയർ ഡിപ്പാർട്ട്‌മെൻ്റ് (TFD) അടുത്തിടെ ഈ ഭയാനകമായ സംഭവം പുറത്തുവിട്ടത്. ഡിപ്പാർട്ട്മെൻറ് സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ പങ്കുവച്ചതോടൊപ്പം ലിഥിയം അയൺ ബാറ്ററികൾ വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും ലഭ്യമാകാതെ സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

വീട്ടിനകത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് മെയ് മാസത്തിൽ സംഭവിച്ച തീപിടുത്തത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവന്നത്. ദൃശ്യങ്ങളിൽ വീടിനുള്ളിലെ സ്വീകരണമുറിയിൽ രണ്ട് നായ്ക്കളെയും ഒരു പൂച്ചയെയും കാണാം. നായ്ക്കൾ രണ്ടും സ്വീകരണമുറിയിലെ സോഫയിൽ കിടന്നു വിശ്രമിക്കുന്നതും അതിൽ ഒരു നായ എന്തോ ചവച്ചരക്കുന്നതും കാണാം. പെട്ടെന്ന് ആ നായ കടിച്ചുകൊണ്ടിരുന്ന സാധനം പൊട്ടിത്തെറിക്കുകയും സോഫയിലും മുറിക്കുള്ളിലും തീ ആളിപ്പടരുകയും  ചെയ്യുന്നു. 

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ മൃഗങ്ങൾ പരിഭ്രാന്തരാകുന്നതും രക്ഷപ്പെടാനായി ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. തീപിടുത്തത്തിൽ വീടിനുള്ളിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആ സമയം മുറിയിൽ ഉണ്ടായിരുന്ന വളർത്തുമൃഗങ്ങൾ കൃത്യസമയത്ത് പുറത്ത് കടക്കാൻ സാധിച്ചതിനാൽ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഗ്‌നിശമന സേനയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീ അണക്കാൻ സാധിച്ചത്.

വീടിനുള്ളിൽ തീ പടർന്നത് വീട്ടുകാർ കൃത്യസമയത്ത് കണ്ടതാണ് വലിയ അപകടം ഒഴിവാക്കിയത് എന്നാണ് അഗ്നിശമന സേനാംഗങ്ങൾ പറയുന്നത്. ഒരുപക്ഷേ വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു അപകടം സംഭവിക്കുന്നതെങ്കിൽ വലിയ ദുരന്തമായി ഇത് മാറുമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എല്ലാവരും മനസ്സിലാക്കിയിരിക്കണം എന്നും വളർത്തു മൃഗങ്ങൾക്കോ കുട്ടികൾക്കോ കിട്ടത്തക്ക വിധത്തിൽ അലക്ഷ്യമായി വീട്ടിൽ സൂക്ഷിക്കരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ബാറ്ററിയാണ് ലിഥിയം അയൺ ബാറ്ററികൾ.

Latest Videos
Follow Us:
Download App:
  • android
  • ios