Asianet News MalayalamAsianet News Malayalam

പൊലീസുകാർ ഇൻഷുറൻസ് ഏജന്റുമാരായി വേഷമിട്ടു, അന്വേഷണത്തിൽ തെളിഞ്ഞത് 25 വർഷം പഴക്കമുള്ള കേസ്

ഫെബ്രുവരി 4 ന് അയാൾ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു, അവിടെ കിഷൻ ലാലിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും പണവുമായി രക്ഷപ്പെടുകയും ലഖ്‌നൗവിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിൽ താമസിക്കുകയും ആയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

police pose as insurance agents proved 25 year old murder case
Author
First Published Sep 19, 2022, 3:20 PM IST

ഡൽഹി പൊലീസുകാർ ഇൻഷുറൻസ് ഏജന്റുമാരായി വേഷമിട്ട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് 25 വർഷം പഴക്കമുള്ള കൊലപാതക കേസ്. സിനിമയെ വെല്ലുന്ന ആ കേസന്വേഷണ കഥ ഇങ്ങനെ.

ഡൽഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്ത് താമസിച്ചിരുന്ന കിഷൻ ലാൽ 1997 ഫെബ്രുവരിയിലെ ഒരു തണുത്ത രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. ഒരുപാട് നാളുകൾ നീണ്ട അന്വേഷണങ്ങൾ നടത്തിയെങ്കിലും കൊലയാളിയെ കണ്ടെത്താനായില്ല.

കൂലിപ്പണിക്കാരനായിരുന്നു കിഷൻ ലാൽ, ആ സമയത്ത് ആദ്യ കുഞ്ഞിനെ ഗർഭിണിയായിരുന്ന ഭാര്യ സുനിതയെ ഇയാൾ ഉപേക്ഷിച്ചിരുന്നു. കൊലക്കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംശയിച്ചത് കിഷൻ ലാലിന്റെ അയൽവാസിയായ രാമു എന്ന ദിവസ വേതനക്കാരനെയായിരുന്നു. പക്ഷേ, ഒളിവിൽ പോയ രാമുവിനെ പൊലീസിന് പിടികൂടാൻ ആയില്ല. അങ്ങനെ കേസിന്റെ ചുരുളുകൾ അഴിയാതെ എങ്ങും എത്താതെ ആ കേസ് അവിടെ കിടന്നു.

പഴയ കേസുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ഡൽഹി പൊലീസിന്റെ നോർത്ത് ഡിസ്ട്രിക്റ്റിന്റെ ഒരു സംഘം 2021 ഓഗസ്റ്റിൽ അതിൽ കൈ വയ്ക്കുന്നതുവരെ ഡിജിറ്റലിന് മുമ്പുള്ള കിഷൻ ലാൽ കൊലപാതക കേസ് ഫയൽ രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ചു കിടന്നു.

എത്രയും പെട്ടെന്ന് ഡൽഹിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വർഷം മുൻപ് സുനിതയ്ക്ക് ഒരു ഫോൺകോൾ വന്നു. ഡൽഹി പൊലീസിൽ നിന്നായിരുന്നു ആ ഫോൺ കോൾ. ഭർത്താവിന്റെ കൊലയാളിയെന്ന് കരുതിയ 50 വയസ്സുകാരനെ ഡൽഹി പൊലീസ് പിടികൂടിയെന്നും സംശയിക്കുന്നയാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കണമെന്നും അവർ സുനിതയോടാവശ്യപ്പെട്ടു.

24 -കാരനായ മകൻ സണ്ണിക്കൊപ്പമാണ് അന്ന് സുനിത പൊലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് പിടികൂടിയ ആൾ രാമുവാണെന്ന് സ്ഥിരീകരിച്ച സുനിത അവിടെ തലകറങ്ങി  വീണു. ആ സ്ത്രീക്ക് നീതി ലഭിക്കുമെന്ന എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി ബന്ധപ്പെട്ട് അവളുടെ വീട്ടിലെത്തിയ പൊലീസിന് മുന്നിൽ നിരവധി തവണ അവൾ വാതിലടക്കുകയും ചെയ്തു. വർഷങ്ങളായി നീതി നിഷേധിക്കപ്പെട്ട ഒരാളുടെ പ്രതിഷേധം മാത്രമായാണ് ഇതിനെ കാണുന്നതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

ഡൽഹിയിലെ ഉത്തം നഗറിൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരായി എത്തുകയായിരുന്നു പൊലീസ് സംഘം. മരിച്ചവരുടെ ബന്ധുക്കൾക്ക് പണം നൽകാനെന്ന വ്യാജേന രാമുവിന്റെ ഒരു ബന്ധുവിനെ അവർ കണ്ടെത്തി. അവിടെ വച്ചാണ് രാമുവിന്റെ മകൻ ആകാശിന്റെ മൊബൈൽ നമ്പർ പൊലീസിന് ലഭിച്ചത്.  കൂടാതെ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് കണ്ടെത്തി. 

തുടർന്ന് പൊലീസ് ആകാശിനെ കാണുകയും പിതാവ് രാമു എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു.  താൻ വളരെക്കാലമായി തന്റെ പിതാവിനെ കണ്ടിട്ടില്ലെന്നും ലഖ്‌നൗവിലെ ജാങ്കിപുരം പ്രദേശത്ത് ഉപജീവനത്തിനായി ഇപ്പോൾ ഇ-റിക്ഷ നടത്തുന്നുണ്ടെന്ന് മാത്രമേ അറിയൂവെന്നും അദ്ദേഹം ടീമിനോട് പറഞ്ഞു. രാമുവിൻറെ ഇപ്പോഴത്തെ പേര്  അശോക് യാദവ് എന്നാണെന്നും മകനിൽ നിന്നും പൊലീസ് അറിഞ്ഞു.

ഇത് കേസന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിച്ചു. പൊലീസ് സംഘം ഒരു ഇ-റിക്ഷാ കമ്പനിയുടെ ഏജന്റുമാരുടെ വേഷം തിരഞ്ഞെടുക്കുകയും ജാങ്കിപുരം പ്രദേശത്തെ നിരവധി ഡ്രൈവർമാരുമായി ബന്ധപ്പെടുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ കീഴിൽ പുതിയ ഇ-റിക്ഷയ്ക്ക് സബ്‌സിഡി നൽകാമെന്ന വ്യാജേന അവർ അവരുമായി ആശയവിനിമയം നടത്തി.  

അത്തരമൊരു ആശയവിനിമയത്തിനിടെ, ഒരു ഇ-റിക്ഷാ ഡ്രൈവർ അവരെ സെപ്തംബർ 14 ന് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന അശോക് യാദവിന്റെ (രാമു) അടുത്തേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനായി അയാളെ പിടികൂടി. എന്നാൽ പൊലീസിനോട് അയാൾ രാമുവാണെന്ന് സമ്മതിച്ചില്ല. രാമുവിനെ തിരിച്ചറിയാൻ ഫറൂഖാബാദിലെ ബന്ധുക്കളുമായി പൊലീസ് സംഘം ബന്ധപ്പെടുകയും ഭർത്താവിന്റെ ഘാതകൻ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഡൽഹിയിൽ നിന്ന് സുനിതയെ വിളിക്കുകയും ചെയ്തിരുന്നു.

ഒടുവിൽ തന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചപ്പോൾ, 1997 ഫെബ്രുവരിയിൽ ഒരു “കമ്മിറ്റി” (ഒരു ചെറിയ കൂട്ടം ആളുകൾക്കിടയിലുള്ള ഒരു ചിട്ടി-ഫണ്ട് സംവിധാനം) പണത്തിന് വേണ്ടിയാണ് താൻ ലാലിനെ കൊലപ്പെടുത്തിയതെന്ന് രാമുവും (50) സമ്മതിച്ചു.

ഫെബ്രുവരി 4 ന് അയാൾ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു, അവിടെ കിഷൻ ലാലിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും പണവുമായി രക്ഷപ്പെടുകയും ലഖ്‌നൗവിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിൽ താമസിക്കുകയും ആയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒളിവിൽ കഴിയുമ്പോൾ രാമുവിന് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകൾ ലഭിച്ചിരുന്നു, അശോക് യാദവ് എന്ന പേരിൽ പുതിയതും എന്നാൽ വ്യാജവുമായ ഐഡന്റിറ്റി ഉപയോഗിച്ചാണ് രാമു ഇവയെല്ലാം ഉണ്ടാക്കിയെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

25 വർഷം പഴക്കമുള്ള കൊലപാതക കേസിന്റെ നിയമനടപടികൾ തിമർപൂർ പൊലീസ് സ്റ്റേഷനിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios