പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍.
പരീക്ഷകൾ ഇന്നും വിദ്യാര്‍ത്ഥികൾക്ക് ആധി കൂട്ടുന്ന ഒന്നാണ്. പഠിച്ച ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമോ ? ഇനി അത് തന്നെ വന്നാല്‍ ഉത്തരം ഓര്‍ത്തിരിക്കുമോ എന്നങ്ങനെ നിരവധി ആശങ്കകളാണ് കുട്ടികൾക്ക്. പല വിദ്യാര്‍ത്ഥികളും സ്വകാര്യമായും പരസ്യമായും ഈ ആശങ്കകൾ ഒഴിവാക്കാനുള്ള ചില സൂത്രപ്പണികൾക്ക് ശ്രമിക്കുന്നു. അമ്പലത്തിലും പള്ളികളിലും പ്രാര്‍ത്ഥിക്കുന്നത് മുതല്‍ പേനകൾ പൂജിക്കുന്നത് വരെയെത്തുന്നു ആ ആശങ്കകൾ. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. അടുത്തിടെ പങ്കുവയ്ക്കപ്പെട്ട സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടി. അവരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടത് 'അവനാണ് യഥാര്‍ത്ഥ ബാക്ക് ബെഞ്ചരെന്ന്'.
അശ്വിനി മാഗാ ഓഫീഷ്യൽ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍, പരീക്ഷാ ദിവസം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ സ്കൂൾ യൂണിഫോം ധരിച്ച ഒരു ആണ്‍കുട്ടി പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോകും മുമ്പ് വീട്ടില്‍ വച്ച ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നത് കാണാം. സ്കൂൾ ബാഗൊക്കെ ധരിച്ച് സ്കൂളിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയുടെ ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നത്. കണ്ണടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്ന അവന്‍, ഇടയ്ക്ക് കൂപ്പിയ കൈ തലയ്ക്ക് മുകളിലേക്ക് ഉയർത്തുന്നതും കാണാം. ഈ സമയം അമ്മ പ്രാര്‍ത്ഥിച്ചത് മതിയെന്ന് പറയുന്നത് കേൾക്കാം. പിന്നാലെ ഫോട്ടോകൾ വച്ച കബോഡ് അടച്ച് അതിന്‍റെ വാതില്‍ പിടിപ്പിച്ചിരുന്ന മണികളില്‍ മുട്ടി കുട്ടി ഒച്ചയുണ്ടാക്കുന്നു.
കുട്ടിയുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടി. നിരവധി പേര്‍ തങ്ങളുടെ കുട്ടിക്കാല വിശ്വാസങ്ങളെ കുറിച്ച് എഴുതി. മറ്റ് ചിലര്‍ തങ്ങൾ ഒടുവില്‍ ഒരു ബാക്ക് ബെഞ്ചറെ കണ്ടെത്തിയെന്ന് കുറിച്ചു. മറ്റ് ചിലര്‍ ഇവനാണ് യഥാര്‍ത്ഥ ബാക്ക് ബെഞ്ചറെന്ന് തറപ്പിച്ച് അവകാശപ്പെട്ടു. 'ബ്രോ വ്യക്തിപരമായി ദൈവത്തിന് ഒരു സന്ദേശം കൈമാറി, അത്യാവശ്യത്തിന് വേണ്ടി അവനിൽ നിന്നുള്ള അറിയിപ്പുകൾ ഓണാക്കിയെന്നായിരുന്നു കുട്ടിയുടെ മണിയടിയെ കുറിച്ച് ഒരു കാഴ്ചക്കാരനെഴുതിയത്. പരീക്ഷകളിൽ ആവശ്യമായ സഹായത്തിനായി ദൈവത്തോടുള്ള ഓർമ്മപ്പെടുത്തലാണ് അവസാനത്തെ മണിയെന്ന് മറ്റൊരു കാഴ്ചക്കാരനും തറപ്പിച്ച് പറഞ്ഞു. അതേസമയം മറ്റ് ചില ദോഷൈകദൃക്കുകൾ പ്രാര്‍ത്ഥനാ വേളയില്‍ കുട്ടി ഷൂ ധരിച്ചെന്ന കുറ്റപ്പെടുത്തലുമായെത്തി. ഇത്തരക്കാരെ മറ്റ് കാഴ്ചക്കാര്‍ കണക്കിന് പരിഹസിക്കുന്ന കുറിപ്പുകളും വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടു. ഏതാണ്ട് എട്ട് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.


