ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്ത നടപടി വലിയ വിവാദമായി. മൃഗസ്നേഹികൾ ഇതിനെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിക്കുമ്പോൾ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നായ്ക്കളെ മാറ്റിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഈ സംഭവം പൊതുജന സുരക്ഷയും മൃഗസംരക്ഷണവും തമ്മിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് നിന്ന് തെരുവുനായ്ക്കളെ കൂട്ടത്തോടെ നീക്കം ചെയ്ത നടപടി സമൂഹ മാധ്യമങ്ങളഇൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. മൃഗസ്‌നേഹികൾ നടപടിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ക്രൂരമായ ഒഴിപ്പിക്കലെന്ന്

മൃഗസംരക്ഷണ പ്രവർത്തകയായ പ്രിയാൻഷി സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാതിയാണ് സംഭവത്തിന്‍റെ കേന്ദ്രബിന്ദു. വിമാനത്താവള പരിസരത്ത് 14 വർഷത്തോളമായി കഴിഞ്ഞിരുന്ന 'കഡു' എന്ന പ്രായമായ നായയെ മാർച്ച് 26 മുതൽ കാണാനില്ലെന്ന് അവർ ആരോപിക്കുന്നു. അന്താരാഷ്ട്ര ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് നായ്ക്കളെ അവിടെ നിന്ന് മാറ്റിയത്. വന്ധ്യംകരണവും വാക്സിനേഷനും പൂർത്തിയാക്കിയ, ശാന്ത സ്വഭാവമുള്ള നായ്ക്കളെപ്പോലും ക്രൂരമായാണ് അധികൃതർ കൈകാര്യം ചെയ്തതെന്ന് പ്രിയാൻഷി ആരോപിച്ചു. നായ്ക്കളെ വാഹനത്തിൽ നിന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങളിൽ അവ അതീവ അവശരായാണ് കാണപ്പെട്ടത്. ഇത് അവയ്ക്ക് മയക്കുമരുന്ന് നൽകിയതാണെന്ന സംശയത്തിനും ഇടയാക്കിയിട്ടുണ്ട്.

Scroll to load tweet…

വലിയ പ്രതിഷേധം

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമായി. "മനുഷ്യരൂപത്തിലുള്ള ക്രൂരതയാണ് ഇവിടെ നടക്കുന്നത്" എന്നും "ലോകം മനുഷ്യരുടേത് മാത്രമാണെന്ന ഭാവം അധികൃതർ ഉപേക്ഷിക്കണം" എന്നും മൃഗസ്‌നേഹികൾ കുറിച്ചു. പല്ല് പോലുമില്ലാത്ത ഒരു വയസ്സൻ നായയെ അപകടകാരിയായി ചിത്രീകരിച്ചതിനെതിരെയും പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും പലരും കമന്‍റുകളിൽ ഓർമ്മിപ്പിച്ചു.

Scroll to load tweet…

ഔദ്യോഗിക വിശദീകരണം

വിമർശനങ്ങൾ കടുത്തതോടെ ദില്ലി വിമാനത്താവള അധികൃതർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. "വീഡിയോയിലുള്ള നായ മാർച്ച് 30, 31 തീയതികളിൽ രണ്ട് യാത്രക്കാരെ കടിച്ചിരുന്നു. ഏപ്രിൽ 2 -ന് ഇതേ നായ യാത്രക്കാരെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് പരിശീലനം ലഭിച്ച സംഘം അതിനെ സുരക്ഷിതമായി പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിമാനത്താവള പരിസരത്ത് മുപ്പതിലധികം നായ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്." എന്ന് അധികൃതർ വ്യക്തമാക്കി

Scroll to load tweet…

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും നായ്ക്കളെ പിടികൂടിയത് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ, വർഷങ്ങളായി തങ്ങൾ പരിപാലിക്കുന്ന നായ്ക്കൾ പെട്ടെന്ന് അപ്രത്യക്ഷമായതിന്‍റെയും അവയോടുള്ള പെരുമാറ്റത്തിന്‍റെയും സങ്കടത്തിലാണ് മൃഗസ്‌നേഹികൾ. ഈ വിഷയം ഇപ്പോൾ തെരുവുനായ്ക്കളുടെ സംരക്ഷണവും പൊതുജന സുരക്ഷയും തമ്മിലുള്ള വലിയൊരു സംവാദമായി മാറിയിരിക്കുകയാണ്.