അനാഥ കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് ദത്ത് നല്‍കുന്നത് സര്‍ക്കാര്‍ കൈ അയച്ച് പ്രോത്സാഹിപ്പിച്ചു. അതുവഴി, 1,70,000 മുതല്‍ 2,00,000 വരെ കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് കയറിപ്പോയി. പക്ഷേ, അതില്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ട് പോയി വില്‍ക്കുകയായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
1975 -ല്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ വീട്ടു മുറ്റത്ത് ആറ് വയസുകാരിയായ മകൾ, കയുങ് ഹാ കളിച്ച് കൊണ്ട് നില്‍ക്കുമ്പോഴാണ് അമ്മ, ഹാൻ ട്യേ-സൂൺ സാധനങ്ങൾ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോയത്. അല്പ സമയത്തിനുള്ളില്‍ തിരിച്ചെത്തിയെങ്കിലും മകളെ വീട്ടിലെവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അമ്പത് വർഷം നീണ്ട അന്വേഷണം. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റിലൂടെ അമ്മയ്ക്ക് തന്‍റെ മകളെ തിരിച്ച് കിട്ടിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 -ല്‍ മകളെ തേടിയുള്ള അന്വേഷണത്തിനിടെ ഹാൻ ട്യേ-സൂൺ '325 കർമ്മ' എന്ന സംഘടനയിലും പേര് രജിസ്റ്റര്‍ ചെയ്തു. ദത്ത് നല്‍കപ്പെട്ട കുട്ടികളെ അവരുടെ യഥാര്‍ത്ഥ കുടുംബങ്ങളെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടെത്താന്‍ സഹായിക്കുന്ന ദക്ഷിണ കൊറിയയിലെ സംഘടനയാണ് 325 കർമ്മ. ഡിഎന്‍എ ടെസ്റ്റിലൂടെ ഹാൻ ട്യേ-സൂൺ മകളെ കണ്ടെത്തിയതാകട്ടെ യുഎസിലെ കാലിഫോർണിയയില്‍ നിന്നും. അമ്പത് വര്‍ഷം മുമ്പ് കൈവിട്ട് പോയ അമ്മയെ കണ്ടെത്തുമ്പോൾ കയുങ് ഹായുടെ പേര് ലാറി ബെൻഡർ എന്ന് മാറിയിരുന്നു. ഒപ്പം അവര്‍ കാലിഫോർണിയയില്‍ ഒരു നേഴ്സായി ജോലി ചെയ്യുകയായിരുന്നു.
അമ്മയെ കാണാനായി ലാറി ബെൻഡർ കാലിഫോർണിയയില്‍ നിന്നും സോളിലേക്ക് പറന്നു. ഒടുവില്‍ സോളിൾ എയർപോര്‍ട്ടിന് പുറത്ത് വച്ച് അമ്പത് വര്‍ഷങ്ങൾക്ക് ശേഷം ആ അമ്മയും മകളും ആദ്യമായി കണ്ടുമുട്ടി. തട്ടിക്കൊണ്ട് പോയി അനാഥാലയത്തിലാക്കപ്പെട്ട കുട്ടിയെ പിന്നീട് യുഎസ് ദമ്പതികൾ ദത്തെടുത്തെടുക്കുകയായിരുന്നു. പക്ഷേ, ആ അമ്മ വെറുതെയിരുന്നില്ല. അവര്‍ സര്‍ക്കാറിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. നിയമ വിരുദ്ധമായ ദത്തെടുക്കല്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് കേസ്.
ദക്ഷിണി കൊറിയിയില്‍ 1950 -കളും 2000 -ത്തിന്‍റെ തുടക്കത്തിലുമായി ഏതാണ്ട് 1,70,000 മുതൽ 2,00,000 വരെ കുട്ടികളെ ദത്ത് നല്‍കിയതിലൂടെ വിദേശത്തേക്ക് അയച്ചിരുന്നു. ഈ ദത്ത് നല്‍കലില്‍ സര്‍ക്കാർ ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കുടുംബങ്ങളുടെ സമ്മതം ചോദിച്ചില്ലെന്നും ഒപ്പം ലാഭത്തിനായി കുട്ടികളെ 'വന്‍തോതിൽ കയറ്റുമതി ചെയ്യുക'യായിരുന്നെന്നും ഇവര്‍ ആരോപിച്ചു. ഹാൻ ട്യേ-സൂണിന്‍റെ പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തില്‍ ദക്ഷിണ കൊറിയൻ സർക്കാരുകൾ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി.
ദത്ത് കൊടുക്കാന്‍ അധികാരമുണ്ടായിരുന്ന ഏജന്‍സികൾ, തെറ്റായ രേഖകൾ ഉണ്ടാക്കി കുട്ടികളെ ദത്ത് നല്‍കിയെന്നും ഇതിനായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളെ വരെ ഇവര്‍ പണം നല്‍കി ഉപയോഗിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അടുത്ത മാസം ഹാൻ ട്യേ-സൂണിന്‍റെ പരാതി കോടതി വാദം കേൾക്കാനിരിക്കുകയാണ്. ഇതിനിടെ സമാന പരാതികളുമായി നിരവധി പേരെത്തിയത് ദക്ഷിണ കൊറിയന്‍ സര്‍ക്കാറില്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.


