വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് കടത്തിയത്. 200 കിലോ വരെ കൊക്കൈന്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഉപകരിക്കുന്നതാണ് ഈ ഡ്രോണുകള്‍. 

മയക്കുകള്ളക്കടത്ത് പോലെ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്ന മറ്റ് മേഖലകളില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ക്കും മനസ്സിലാവാത്ത വിധം മയക്കുമരുന്ന് ഒളിപ്പിച്ചും ആര്‍ക്കും കണ്ടെത്താനാവാത്ത വിധം വാഹനങ്ങളിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മറ്റും നിര്‍മിച്ച അറകളില്‍ മയക്കുമരുന്ന് സൂക്ഷിച്ചും പൊലീസിനെ വെട്ടിക്കാനുള്ള അനേകം ശ്രമങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ പുതിയൊരു കള്ളക്കടത്ത് പരീക്ഷണം പൊളിച്ചുകൊടുത്തിരിക്കുകയാണ് ഇപ്പോള്‍ സ്പാനിഷ് പൊലീസ്. ഫ്രഞ്ചു പൊലീസുമായി സഹകരിച്ച് 14 മാസമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അവര്‍ നൂതനമായ മയക്കുമരുന്ന് കടത്ത് രീതി കണ്ടെത്തിയതും അതിനു പിന്നിലെ സംഘത്തെ പിടികൂടിയതും. 

കോടികള്‍ വില മതിക്കുന്ന കൊക്കൈന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഒരു കുഞ്ഞുപോലുമറിയാതെ ലക്ഷ്യത്തില്‍ എത്തിക്കാനാണ് മയക്കുമരുന്ന് മാഫിയ പുതിയ സംവിധാനം ഉപയോഗിച്ചത്. ആകാശത്തിലോ മണ്ണിലോ അല്ല ഈ പുതിയ കള്ളക്കടത്ത് പരീക്ഷണം അരങ്ങു തകര്‍ത്തത്, കടലിലാണ്. 

അതെ, കടലിനുള്ളില്‍. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്പാനിഷ് സംഘം മയക്കുമരുന്ന് കടത്തിയത്. 200 കിലോ വരെ കൊക്കൈന്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഉപകരിക്കുന്നതാണ് ഈ ഡ്രോണുകള്‍. പലതാണ് ഇതിന്റെ സൗകര്യങ്ങള്‍. ഒന്ന്, റിമോട്ട് കണ്‍ട്രോള്‍ വഴി ഇതിനെ നിയന്ത്രിക്കാം. രണ്ട്, വളരെ കൃത്യമായി ലക്ഷ്യ സ്ഥാനത്തെത്തിക്കാം. മൂന്ന്, ആളില്ലാതെ സഞ്ചരിക്കുന്നതായതിനാല്‍ പൊലീസ് പിടിച്ചാലും ആളെക്കിട്ടില്ല. 

Scroll to load tweet…

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്പാനിഷ് പൊലീസ് കടലിനടിയിലൂടെ മയക്കുമരുന്നുമായി പാഞ്ഞ മൂന്ന് ഡ്രോണുകളെ പൊക്കുക തന്നെ ചെയ്്തു. ഒപ്പം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മയക്കുമരുന്ന് സംഘത്തെയും അവര്‍ വലയിലാക്കി. മയക്കുമരുന്ന് കടത്തുന്നതിന് പറ്റുന്ന വിധത്തില്‍ ഡ്രോണുകളെ മാറ്റിയെടുത്ത സാങ്കേതിക വിദഗ്ധരെയും അവര്‍ പിടികൂടി. ആറംഗ സംഘമാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷത്തോളമായി ഫ്രഞ്ച് പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പുതിയ രീതിയിലുള്ള കള്ളക്കടത്ത് സ്പാനിഷ് പൊലീസ് പിടികൂടിയത്. 

ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെയാണ് ഈ അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ പാഞ്ഞുപോയത്. ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന് കൊക്കൈന്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ കുറേ കാലമായി വിവിധ രാജ്യങ്ങളിലുള്ള മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഈ മാര്‍ഗത്തിലൂടെ സംഘം മയക്കുമരുന്ന് എത്തിച്ചതായി പൊലീസ് പറഞ്ഞു. ഇറ്റലി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മയക്കമരുന്ന് മാഫിയകളുമായി ഈ സംഘത്തിന് ബന്ധമുണ്ട്. അതുപോലെ, സ്‌പെയിനിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളും ഇവരുമായി സഹകരിക്കുന്നുണ്ട്. 

Scroll to load tweet…

ബാഴ്‌സലോണ, മലാഗ, കാഡിസ് എന്നിവിടങ്ങളിലുള്ള എട്ടു പേരെയാണ് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 145 കിലോ ഹഷീഷ്, എട്ടു കിലോ മരിജുവാന എന്നിവയും 157,370 യൂറോയും (1.2 കോടി രൂപ) ഇവരില്‍നിന്നും പിടിച്ചെടുത്തു. ഇവര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ആളില്ലാ ഡ്രോണുകള്‍ ആണ് പിടിച്ചെടുത്തത്. ഫ്രഞ്ച് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എത്തിക്കാനുള്ള കൊക്കൈന്‍ ഡ്രോണുകളില്‍നിന്നും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

ബോട്ടുകളില്‍ രഹസ്യഅറകള്‍ നിര്‍മിക്കുക, കാറുകളിലും ട്രെയിലറുകളിലും ആര്‍ക്കും കണ്ടെത്താനാവാത്ത വിധത്തിലുള്ള രഹസ്യ അറകള്‍ ഘടിപ്പിക്കുക തുടങ്ങിയ ജോലികള്‍ ചെയ്തുവരുന്ന സംഘമാണ്, അണ്ടര്‍വാട്ടര്‍ ഡ്രോണുകളെ മയക്കുമരുന്ന് കടത്തിന് പറ്റുന്നതാക്കി മാറ്റിയത്. ഇതിനായി പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്.