ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ആന്റണി എന്നയാളായിരുന്നു അവളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ടെ​ഗൻ അപകടത്തിൽ പെട്ടത് കണ്ടപ്പോൾ അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നേ കരുതിയുള്ളൂ എന്ന് ആന്റണി പറയുന്നു.

നാം മരണത്തെ മുന്നിൽ കാണുന്ന ചില നേരങ്ങളുണ്ട്. അന്ന് ചിലപ്പോൾ നമ്മെ രക്ഷിക്കാൻ എത്തുക ഏതെങ്കിലും അപരിചിതനായിരിക്കും. ടെഗൻ ബഥാം എന്ന യുവതിയുടെ ജീവിതത്തിലും സംഭവിച്ചത് അത് തന്നെയാണ്. മരണത്തിന്റെ തൊട്ടു മുമ്പ് വരെ എത്തിയ ടെഗനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് അവൾ അന്ന് വരെ കാണാത്ത ഒരാളായിരുന്നു. അവളെ സുരക്ഷിതമാക്കിയ ഉടനെ തന്നെ അയാൾ അവിടെ നിന്നും മറയുകയും ചെയ്തു. ഇപ്പോൾ‌ ബിബിസിയുടെ ടിവി ഷോ ആയ 'റീ യൂണിയൻ ഹോട്ടൽ' ഇരുവർക്കും വീണ്ടും കണ്ടുമുട്ടാൻ അവസരം ഒരുക്കി കൊടുത്തിരിക്കയാണ്. 

അന്ന് സംഭവിച്ചത്

കഴിഞ്ഞ വർഷം ജൂലൈ 10 -ന് നടന്ന വയർലെസ് ഫെസ്റ്റിവലിൽ നിക്കി മിനാജിന്റെ പ്രകടനം കാണാൻ സൗത്ത് വെയിൽസിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു ടെഗൻ. അന്ന് കിംഗ്സ് ക്രോസ് സെന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷനിലെ വിക്ടോറിയ ലൈൻ പ്ലാറ്റ്‌ഫോമിലൂടെ നടക്കുകയായിരുന്നു അവൾ. പെട്ടെന്നാണ് ട്രാക്കിലേക്ക് വീണു പോയത്. ട്രാക്കിലേക്ക് വീണു എന്ന് മാത്രമല്ല. ഒരു ട്രെയിൻ അങ്ങോട്ട് പാഞ്ഞെത്തിക്കൊണ്ടിരിക്കുകയായിരുന്നു. 

അവിടെ നിന്നും എഴുന്നേൽക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ല. ദേഹം മൊത്തം വേദനയും മരവിപ്പും പോലെ ആയിരുന്നു. കാലനക്കാനേ സാധിച്ചില്ല. 'അയ്യോ, ട്രെയിൻ വരുന്നു, ട്രെയിൻ വരുന്നു' എന്ന് ആരൊക്കെയോ അലറി വിളിക്കുന്നത് ടെ​ഗന് കേൾക്കാമായിരുന്നു. ആ സമയത്ത് പ്ലാറ്റ്‍ഫോമിൽ നിൽക്കുന്ന ഒരാളെ അവൾ‌ കണ്ടു. ട്രെയിൻ കാണാതിരിക്കാൻ അവൾ ആ മുഖത്തേക്ക് തന്നെ നോക്കി. ആ സമയത്ത് അയാളവളോട് 'കൈ തരൂ' എന്ന് പറഞ്ഞ് കൈനീട്ടി. അവൾ ആ കയ്യിൽ പിടിച്ചു. ട്രെയിൻ എത്തുന്നതിന് തൊട്ടു മുമ്പ് അയാൾ അവളെ പ്ലാറ്റ്‍ഫോമിലേക്ക് വലിച്ചു കയറ്റി. 

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ആന്റണി എന്നയാളായിരുന്നു അവളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ടെ​ഗൻ അപകടത്തിൽ പെട്ടത് കണ്ടപ്പോൾ അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നേ കരുതിയുള്ളൂ എന്ന് ആന്റണി പറയുന്നു. ഒപ്പം താൻ ശാരീരികമായി വളരെ സ്ട്രോങ്ങ് ആയ ഒരാളൊന്നുമല്ല എന്നും ആന്റണി സമ്മതിക്കുന്നുണ്ട്. 

ഏതായാലും ടെ​ഗനെ പ്ലാറ്റ്‍ഫോമിലെത്തിച്ച ശേഷം പ്രൊഫഷണലുകളുടെ പരിചരണം ഉറപ്പാക്കി അപ്പോൾ തന്നെ അയാൾ അവിടെ നിന്നും പോയി. ടെ​ഗനാണെങ്കിൽ മരണം മുന്നിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ കരഞ്ഞു കൊണ്ടേ ഇരിക്കുകയായിരുന്നു. ഏതായാലും പിന്നീട് ടെ​ഗനോ ആന്റണിയോ പരസ്പരം കണ്ടിട്ടേ ഇല്ല. എന്നാൽ, തന്നെ മരണത്തിൽ നിന്നും രക്ഷിച്ച ആ മനുഷ്യനെ ഓർക്കാതെ ഒരുദിവസം പോലും കടന്നു പോയിട്ടില്ല എന്ന് ടെ​ഗൻ പറയുന്നു. ഒടുവിൽ ഇരുവരും ടിവി ഷോയുടെ ഭാ​ഗമായി കണ്ടുമുട്ടിയപ്പോൾ ടെ​ഗൻ അയാളെ നന്ദിയോടെ കെട്ടിപ്പിടിക്കുകയായിരുന്നു. 

അല്ലെങ്കിലും മരണം മുന്നിലെത്തുമ്പോൾ നമുക്ക് ജീവിതത്തിലേക്ക് കൈത്താങ്ങാവാൻ പോകുന്നത് ആരാണെന്ന് എങ്ങനെ അറിയും അല്ലേ?