പൂർണ്ണ ആരോഗ്യമെന്നത് ശാരീരിക ആരോഗ്യം മാത്രമല്ലെന്നും അത് മാനസികവും ബുദ്ധിപരവുമായ ആരോഗ്യം കൂടിയാണെന്ന് ഈ രംഗത്ത് ഗവേഷണം ചെയ്യുന്ന ഇന്ത്യന്‍ വംശജനായ ഡോ. അവിനീഷ് റെഡ്ഢി അവകാശപ്പെട്ടുന്നു.
ദീർഘായുസ്സ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ. ദീർഘായുസ്സിന്‍റെ താക്കോൽ ശാരീരിക ആരോഗ്യം മാത്രമല്ല തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവർത്തനം കൂടിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം പറയുന്നു.
2022 മുതൽ ദീർഘായുസ്സിനെ കുറിച്ച് പഠനം നടത്തിവരുന്ന ഡോക്ടർ അവിനീഷ് റെഡ്ഡിയാണ് വൈജ്ഞാനിക ബുദ്ധിയുമായി ബന്ധപ്പെട്ട ഈ നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. തലച്ചോറിന്‍റെ ആരോഗ്യം ഉൾപ്പെടെ ആരോഗ്യത്തിന്‍റെ എല്ലാ മേഖലകളിലും രോഗികളെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക മെഡിക്കൽ പ്രാക്ടീസിന് അദ്ദേഹം ഇപ്പോൾ നേതൃത്വം നൽകുകയാണ്.
സിഎൻബിസിയുമായുള്ള സംഭാഷണത്തിൽ ഡോ. റെഡ്ഡി തന്‍റെ ആഴ്ചതോറുമുള്ള വ്യായാമ ദിനചര്യ വിശദീകരിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം സ്ട്രെങ്തനിംഗ് വ്യായാമത്തിനും. മൂന്ന് ദിവസം കാർഡിയോ വ്യായാമത്തിനും താൻ സമയം കണ്ടെത്തുന്നതായാണ് ഇദ്ദേഹം പറയുന്നത്. ടെന്നീസ്, ബാഡ്മിൻറൺ തുടങ്ങിയ സ്പോർട്സ് ഗെയിമുകൾ കൈ - കണ്ണുകളുടെ ഏകോപനം എന്നിവ മെച്ചപ്പെടുത്തുകയും പാർക്കിൻസൺസ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക ക്ഷേമവും ദീർഘായുസ്സിന് പ്രധാനമാണെന്ന് ഇന്ത്യൻ വംശജനായ ഡോക്ടർ പറഞ്ഞു. ശക്തമായ സാമൂഹിക ബന്ധങ്ങൾ ദീർഘവും സന്തോഷകരവുമായ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ , കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തുന്നതിന് താൻ മുൻഗണന നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്‍റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡ്ഡി ശുപാർശ ചെയ്തു. പച്ചക്കറികൾ കഴിക്കുന്നതാണ് ഉത്തമമെന്നും കൂടാതെ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
