ജർമ്മനിയിൽ അസുഖ അവധിയിലായിരുന്ന അധ്യാപകൻ ടിവി പാചക മത്സരങ്ങളിൽ പങ്കെടുത്തത് വിവാദമായി. ഒരു വർഷത്തിലേറെയായി അവധിയിലായിരുന്ന ഡൊമിനിക് ഡബ്ല്യു എന്ന അധ്യാപകൻ, രണ്ട് പ്രമുഖ ഷോകളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

സിക്ക് ലീവെടുത്ത് അധ്യാപകൻ ടിവിയിലെ പാചക പരിപാടികളിൽ പങ്കെടുക്കുന്നത്, ജർമ്മനിയില്‍ വലിയ വാര്‍ത്താ പ്രധാന്യം നേടി. അസുഖ അവധിയെടുത്ത അധ്യാപകൻ ടിവിയിലെ പാചക മത്സരത്തില്‍ പങ്കെടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്. നിലവില്‍ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സര്‍ക്കാര്‍ സർവ്വീസിലായിരിക്കെ പഠനം, അസുഖം എന്നിവ ചൂണ്ടിക്കാട്ടി ദീർഘകാല അവധി എടുക്കുകയും ഈ കാലത്ത് മറ്റ് ജോലികൾ ചെയ്ത് പണം സമ്പാദിക്കുന്നതും പൊതു സമൂഹത്തോട് ചെയ്യുന്ന അനീതിയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ വിലയിരുത്തിയത്.

സ്കൂൾ അധ്യാപകൻ, പാചക വിദഗ്ദൻ

ഇംഗ്ലീഷ്, ഭൂമിശാസ്ത്ര അദ്ധ്യാപകനും സിവിൽ സർവീസുകാരനുമായ 35 വയസ്സുള്ള ഡൊമിനിക് ഡബ്ല്യു. ഒരു വർഷത്തിലേറെയായി അസുഖ അവധിയിലായിരുന്നു. എന്നാല്‍ ഇതേ കാലത്ത് അദ്ദേഹം കൊളോണിലെ രണ്ട് ജനപ്രിയ ടിവി പാചക പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. 2024 ഓഗസ്റ്റിൽ ജർമ്മനിയിലെ വിഒഎക്സ് ചാനലിൽ സംപ്രേഷണം ചെയ്ത യുകെയിലെ 'കം ഡൈൻ വിത്ത് മി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ദാസ് പെർഫെക്റ്റെ ഡിന്നർ ' എന്ന ഷോയിലാണ് ഡൊമിനിക് ആദ്യമായി പങ്കെടുത്തത്. ഈ പചകമത്സരത്തില്‍ അദ്ദേഹത്തിന് 3000 യൂറോ സമ്മാനം ലഭിച്ചു. (ഏകദേശം 2.7 ലക്ഷം രൂപ). പിന്നീട് 2025 ഏപ്രിലിൽ സെഡ്‍ഡിഎഫ് ചാനലിലെ ദി കിച്ചണ്‍ ബാറ്റിൽ എന്ന പരിപാടിയിലും പങ്കെടുത്തു.

വിമർശനം, അന്വേഷണം

ഇതോടെ ഒരു പാചകക്കാരന്‍ എന്ന നിലയില്‍ ടിവി ഷോകളിലൂടെ ഡൊമിനിക് ശ്രദ്ധേയനായി. പിന്നാലെയാണ് അദ്ദേഹം സ്കൂളില്‍ നിന്നും ദീർഘകാല അസുഖ അവധി എടുത്താണ് പാചക മത്സരങ്ങളില്‍ പങ്കെടുത്തതെന്ന വിവരം പുറത്ത് വന്നത്. ഇതോടെ ഡൊമിനിക്കിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നു. അധ്യാപകനെതിരെ അച്ചടക്ക അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് കൊളോൺ സിറ്റി അതോറിറ്റി സ്ഥിരീകരിച്ചു. ഒരു സർക്കാർ ജീവനക്കാരനായതിനാല്‍, ഡൊമിനികിന് പ്രത്യേക മുന്നറിയിപ്പുകളും ശമ്പളം കുറയ്ക്കൽ, സ്ഥലംമാറ്റം അല്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളും നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം സംഭവം വിവാദമായതോടെ തന്‍റെ രോഗത്തെ കുറിച്ചോ, ജോലിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ചോ പ്രതികരിക്കാന്‍ ഡൊമനിക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.