തെരുവിലൂടെ നടന്ന് പോകുന്ന വൃദ്ധനെ ഒറ്റക്കുത്തിന് ഭിത്തിയിലേക്ക് തെറിപ്പിച്ച് തെരുവ് കാള. 

ദില്ലി നഗരത്തില്‍ തെരുവ് പട്ടി വിഷയം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പഞ്ചാബിലെ ഫാസിൽക്കയിൽ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. തെരുവിലൂടെ നടന്നുവരുന്ന ഒരു വൃദ്ധനെ എതിരെ വന്ന ഒരു തെരുവ് കാള ഒറ്റക്കുത്തിന് ഭിത്തിയിലേക്ക് തെറിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

ആഗസ്റ്റ് 10 -ന് വൈകുന്നേരം ഫാസിൽക്കയിലെ ബാങ്ക് കോളനി പ്രദേശത്താണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ 70 വയസുള്ള ഒരു വൃദ്ധന്‍ കൈയിലൊരു ഊന്നുവടിയുമായി നടന്നു വരുന്നത് കാണാം. ഇടയ്ക്ക് തന്‍റെ മുന്നിലെത്തിയ കാളയെ അദ്ദേഹം ഊന്നുവടിയുമായി അകറ്റാന്‍ ശ്രമിക്കുന്നു. എന്നാല്‍ കാള അദ്ദേഹത്തെ വിടാതെ നില്‍ക്കുന്നു. ഈ സമയം വൃദ്ധന്‍ കാളെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നത് കാണാം. പെട്ടെന്ന് കാള അനായാസമായി തല താഴ്ത്തി ഒന്ന് ഉയര്‍ത്തുന്നു. ഇതോടെ വൃദ്ധന്‍ ഒന്നരയാൾ ഉയരത്തിലേക്ക് തെറിച്ച് അടുത്തുള്ള ഒരു വീടിന്‍റെ ചുമരില്‍ അടിച്ച് താഴെ വച്ചിരുന്ന ഇഷ്ടിക കട്ടകൾക്ക് മുകളിലേക്കും പിന്നാലെ താഴെയ്ക്കും വീഴുന്നു.

Scroll to load tweet…

പിന്നാലെ കാള ഒന്നുമറിയാത്ത പോലെ മുന്നോട്ട് നടന്ന് നീങ്ങുന്നു. സംഭവം കണ്ട് ദൂരെയായി ഒരു കുട്ടിയും ഒരു സ്ത്രീയും നില്‍ക്കുന്നത് കാണാം. എന്നാല്‍, ഇരുവരും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാള അവരുടെ നേര്‍ക്ക് നടന്നു നീങ്ങുമ്പോൾ വീഡിയോ അവസാനിക്കുന്നു. ഈ സമയം ചലനമറ്റ രീതിയില്‍ വൃദ്ധന്‍ തെരുവില്‍ കിടക്കുന്നതും കാണാം.

ബാങ്ക് കോളനി നിവാസിയായ രാംരാജ് (70) എന്നയാള്‍ക്കാണ് കാളയുടെ കുത്ത് കിട്ടിയത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ അദ്ദേഹത്തിന് ഒരു കൈയ്ക്കും ഒരു കാലിനും ഒടിവുണ്ടായിരുന്നു. തലയിൽ മൂന്നോ നാലോ തുന്നലുകൾ ഇടേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്ര ദര്‍ശനത്തിനായി പൂക്കൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു അദ്ദേഹമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് കാള അക്രമിച്ചത്.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണങ്ങൾ വർദ്ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ദില്ലി - എൻസിആറിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് പോലെ കാളകളെയും പശുക്കളെയും തെരുവുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.