അമ്മയുമായി ഫോണിൽ സംസാരിക്കവെയാണ് സ്യൂട്ട്കേസിൽ തവളയെ കണ്ടത്. അപ്പോൾ തന്നെ അവൾ സ്യൂട്ട്കേസ് അടച്ചു വച്ചു. പിന്നീട് അവളും ഹൗസ്‍മേറ്റും കൂടി അത് ബാത്ത്‍റൂമിലേക്ക് കൊണ്ടുപോയി. സ്യൂട്ട്കേസ് തുറന്നു. 

തായ്‍ലാൻഡിൽ നിന്നും തിരികെ വന്ന ഒരു സർവകലാശാലാ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു -ഒരു പോക്കാന്തവള. കാർഡിഫിലേക്ക് 5000 മൈൽ ഈ തവള സഞ്ചരിച്ചത് ഒരു ഷൂവിനകത്തിരുന്നാണത്രെ. ഇപ്പോൾ ഉര​ഗങ്ങളെ പരിചരിക്കുന്ന സംഘത്തിന്റെ അടുത്ത് തവള സുരക്ഷിതമാണ്. 35 മണിക്കൂർ നീണ്ട യാത്രയായിരുന്നു തവളയ്ക്ക്. അതും ആകാശത്തിലൂടെയും റോഡിലൂടെയും. എന്നാൽ, അതിന്റെ ആരോ​ഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്ന് വിദ​ഗ്ദ്ധർ പറയുന്നു. 

ഹന്ന എന്ന ഇരുപതുകാരിയുടെ ബാ​ഗിനകത്താണ് തവള സ്ഥാനം പിടിച്ചത്. കാർഡിഫ് യൂണിവേഴ്‍സിറ്റി വിദ്യാർത്ഥിനിയായ ഹന്ന തായ്‍ലൻഡിൽ തന്റെ അമ്മായിയെ സന്ദർശിക്കാൻ പോയതായിരുന്നു. അവിടെ ഒരു മാസം ഇം​ഗ്ലീഷും പഠിപ്പിച്ചു. ശനിയാഴ്ച രാത്രി അവൾ തിരികെ ഹീത്രൂ എയർപോർട്ടിലെത്തി തന്റെ സ്റ്റുഡന്റ്സ് റൂമിലേക്ക് പോയി. പിറ്റേന്ന് രാവിലെയാണ് സ്യൂട്ട്കേസ് തുറന്നത്. 

അമ്മയുമായി ഫോണിൽ സംസാരിക്കവെയാണ് സ്യൂട്ട്കേസിൽ തവളയെ കണ്ടത്. അപ്പോൾ തന്നെ അവൾ സ്യൂട്ട്കേസ് അടച്ചു വച്ചു. പിന്നീട് അവളും ഹൗസ്‍മേറ്റും കൂടി അത് ബാത്ത്‍റൂമിലേക്ക് കൊണ്ടുപോയി. സ്യൂട്ട്കേസ് തുറന്നു. അപ്പോഴാണ് ഒരു തവള അവരെയും നോക്കി കൊണ്ട് അതിന്റെ മൂലയ്ക്കിരിക്കുന്നത് കണ്ടത്. എയർപോർ‌ട്ടിൽ വച്ച് അവളുടെ സ്യൂട്ട്കേസ് സ്കാൻ ചെയ്തതാണ്. എന്നിട്ടും എങ്ങനെ അത് അതിന്റെ അകത്ത് ഇരുന്നു എന്നത് ഹന്നയെ സംബന്ധിച്ച് അത്ഭുതം തന്നെ ആയിരുന്നു. 

ഹന്നയും സുഹൃത്തുക്കളും കൂടി അതിന് റോബർട്ട് എന്ന് പേരിട്ടു. എന്നാലും അതിന് യോജിച്ചൊരു വീട് ആവശ്യമായിരുന്നു. അങ്ങനെ അവർ RSPCA (Royal Society for the Prevention of Cruelty to Animals) വെബ്‍സൈറ്റിൽ പരതി. എന്നാൽ, തായ്‍ലൻഡിൽ നിന്നും എത്തുന്ന തവളയെ കുറിച്ച് അതിൽ എവിടെയും ഒന്നും പറയുന്നില്ലായിരുന്നു. പിന്നീട് ഫേസ്ബുക്കിൽ നോക്കി ഒരിടം കണ്ടെത്തി. ടോർഫെനിലായിരുന്നു അത്. ഉര​ഗങ്ങളെ സംരക്ഷിക്കുന്ന ഒരിടം. അങ്ങനെ ഒടുവിൽ അവിടെ നിന്നും പ്രതിനിധി എത്തി റോബർട്ടിനെ കൊണ്ടുപോയി. 

ഹന്നയ്ക്കാണെങ്കിൽ ഇപ്പോഴും ഇത്രയും ദൂരം തന്റെ സ്യൂട്ട്കേസിൽ ഒരു തവള സഞ്ചരിച്ചു എന്നത് വിശ്വസിക്കാനായിട്ടില്ല.