പശ്ചിമ ബംഗാൾ സ്വദേശിയില്‍ നിന്നും വിവിധ വിലാസങ്ങളിലും പേരുകളിലുമായി മൂന്ന് ആധാർ കാർഡുകളും ഒരു പാന്‍ കാർഡുമാണ് കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിലായ ഇമാമുദ്ദീന്‍ അന്‍സാരി, ഇന്ത്യയുടെ ആധാര്‍. പാന്‍ കാര്‍ഡുകളുടെ വിശ്വാസ്യതയെയും ആധികാരികതയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വീണ്ടും തുടക്കമിട്ടു. അൻസാരിയിൽ നിന്ന് മൂന്ന് ആധാർ കാർഡുകളും ഒരു പാൻ കാർഡും യുപി പോലീസ് കണ്ടെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇയാൾ മറ്റൊരു പേരില്‍ രണ്ട് വര്‍ഷത്തോളമായി ഒരു ക്ഷേത്രത്തില്‍ താമസിച്ച് വരികയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉത്തർപ്രദേശിലെ ഷാംലിയിലെ താന ഭവൻ പ്രദേശത്തെ മാന്തി ഹസൻപൂർ ഗ്രാമത്തിലെ ശനി മന്ദിറിൽ ബാബ ബംഗാളി എന്നും ബാലക്നാഥ് എന്നുമുള്ള വ്യാജ പേരുകളില്‍ ജീവിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി താന ഭവൻ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടർന്ന് ക്ഷേത്രം റെയ്ഡ് ചെയ്ത പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. പരിശോധനയില്‍ ഇമാമുദ്ദീന്‍ അന്‍സാരിയിൽ നിന്നും വ്യത്യസ്ത പേരുകളിലും വ്യത്യസ്ത വിലാസങ്ങളിലുമുള്ള മൂന്ന് ആധാര്‍ കാർഡുകളും ഒരു പാന്‍ കാര്‍ഡുമാണ് കണ്ടെത്തിയത്. ആധാർ കാർഡിൽ 'ബംഗ്ലാനി നാഥ്' എന്ന പേരും സഹാറൻപൂരിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട വിലാസവും ഉണ്ടായിരുന്നു. മറ്റ് രണ്ട് ആധാർ കാർഡുകളിലും പാൻ കാർഡിലും ഇമാമുദ്ദീൻ അൻസാരി എന്ന യഥാര്‍ത്ഥ പേരിലുമായിരുന്നു. ഈ കാര്‍ഡുകളിൽ പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ വിലാസവുമാണ് നല്‍കിയിരിക്കുന്നത്.
വ്യാജ രേഖകൾ നിർമ്മിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഷംലി എസ്പി രാംസേവക് ഗൗതം മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അൻസാരിയുടെ വിലാസം പരിശോധിക്കുന്നതിനായി പോലീസ് സംഘം പശ്ചിമ ബംഗാളിലേക്ക് തിരിച്ചു. ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും വ്യാജ ആധാർ കാർഡ് എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. മതപരിവർത്തന രേഖകളോ ബാങ്ക് അക്കൗണ്ടുകളോ മറ്റ് സംശയാസ്പദമായ രേഖകളോ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.


