ബസില്‍ സഞ്ചരിക്കവെ ഹൃദയാഘാതം വന്ന് മരിച്ച യുവതിയെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ 26 ഐഫോണുകൾ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത്.

ബ്രസീലിൽ ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച 20 -കാരിയുടെ ശരീരത്തില്‍ നിന്നും 26 ഓളം ഐഫോണുകൾ ഒട്ടിച്ചുവച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 29 -നാണ് സംഭവമെങ്കിലും യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടമാരാണ് ശരീരത്തില്‍ ഒട്ടിച്ച് വച്ച നിലയില്‍ 26 ഐഫോണുകൾ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതി ഫോണുകൾ കടത്തുകയായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞതായി ഡെയ്‌ലി മിറർ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോസ് ഡോ ഇഗ്വാസുവിൽ നിന്ന് സാവോ പോളോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നെന്നും പിന്നാലെ ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നെന്നും സഹയാത്രികർ പോലീസിനോട് പറഞ്ഞു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവതി കുഴഞ്ഞുവീണ് മരിക്കുന്നതിന് മുമ്പ് സഹായത്തിനായി അഭ്യര്‍ത്ഥിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍ ഗ്വാരുപുവാ നഗരത്തിൽ ബസ് നിർത്തിയപ്പോഴേക്കും യുവതി ബോധംകെട്ടു വീണുവെന്നും യാത്രക്കാർ കൂട്ടിച്ചേര്‍ത്തു. ഉടനെ തന്നെ ആംബുലന്‍സ് സ്ഥലത്തെത്തി യുവതിക്ക് അടിയന്തര ശുശ്രുഷ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അവര്‍ മരിച്ചിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. യുവതിക്ക് അപസ്മാരം ഉണ്ടായിരുന്നതായും ചില യാത്രക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

മൃതദേഹം ആശുപത്രയിലെത്തിച്ച് ഡോക്ടര്‍മാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് 26 ഓളം പൊതികൾ യുവതിയുടെ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയലിൽ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് 26 ഐഫോണുകൾ കണ്ടെത്തിയത്. അതോടെപ്പം യുവതിയുടെ ബാഗില്‍ നിന്നും നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. തുടര്‍ നടപടികൾക്കായി പോലീസ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ഐഫോണുകൾ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.