ഇറ്റാലിയൻ ഫിറ്റ്നസ് ട്രെയിനറായ ലോറ മെസ്സി, അനുയോജ്യനായ പങ്കാളിയെ കണ്ടെത്താനാവാതെ ഒടുവിൽ സ്വയം വിവാഹം കഴിച്ചു. 'സോളോഗമി' എന്നറിയപ്പെടുന്ന ഈ പ്രവൃത്തി ആത്മസ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായി മാറി.
തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കാത്തിരുന്ന് മടുത്ത യുവതി, ഒടുവിൽ സ്വയം വിവാഹം കഴിച്ചതിലൂടെ വാർത്തകളിൽ ഇടം പിടിച്ചു. ഇറ്റാലിയൻ യുവതിയും ഫിറ്റ്നസ് ട്രെയിനറുമായ ലോറ മെസ്സിയാണ് സ്വയം വിവാഹം കഴിച്ച് വാർത്തകളിൽ ഇടം പിടിച്ചത്. 'സോളോഗമി' (sologamy) എന്നറിയപ്പെടുന്ന ഈ പ്രവൃത്തി, വിവാഹത്തെക്കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകൾക്ക് വിരുദ്ധമായി, സ്വയം സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. യുവതി വധുവിന്‍റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും, ഇത് നെറ്റിസൺസിനിടയിൽ (netizens) വലിയ ചർച്ചയാവുകയും ചെയ്തു.
സമിശ്ര പ്രതികരണം
ചടങ്ങിൽ 70 പേരോളം അതിഥികളായി പങ്കെടുത്തു. മറ്റൊരാളെ ആശ്രയിച്ചായിരിക്കരുത് സ്വന്തം സന്തോഷവും പൂർണ്ണതയും എന്ന് തോന്നിയതിനാലാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്നാണ് ലോറ അവകാശപ്പെടുന്നത്. പരമ്പരാഗത വിവാഹ ചടങ്ങുകളിലെ പല ഘടകങ്ങളും ഈ ചടങ്ങിലുണ്ടായിരുന്നു. സ്വയം വളരുന്നതിനും, ആത്മാഭിമാനം ഉയർത്തുന്നതിനും, തന്നോട് തന്നെയുള്ള പ്രതിബദ്ധതയ്ക്കുമുള്ള പ്രതിജ്ഞയാണ് വധു ചടങ്ങിൽ എടുത്തത്.
സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ഉയരുന്നത്. പല ഉപയോക്താക്കളും ഇതിനെ സ്റ്റീരിയോടൈപ്പുകളെ തകർക്കുന്ന, ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു ധീരമായ പ്രവൃത്തിയായാണ് കണ്ടത്. "ആത്മാഭിമാനം ആഘോഷിക്കാനുള്ള ഒരു മാർഗം" എന്നും, അനാവശ്യമായ സാമൂഹിക സമ്മർദ്ദങ്ങളെ തള്ളിക്കളയുന്ന ഒരു പ്രവൃത്തിയെന്നും വിശേഷിപ്പിച്ചു. എന്നാൽ, ചിലർ ഇതിനെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തള്ളിക്കളഞ്ഞു. ഇതിന് നിയമപരമായോ പ്രായോഗികപരമായോ യാതൊരു വിലയുമില്ലെന്നും അവർ വാദിച്ചു.
മിക്ക രാജ്യങ്ങളിലും സോളോഗമി നിയമപരമായി അംഗീകരിക്കാത്തതിനാൽ, ഈ ചടങ്ങിന് വൈകാരികവും സാമൂഹികവുമായ പ്രാധാന്യം മാത്രമേയുള്ളൂ, നിയമപരമായ പ്രത്യാഘാതങ്ങളില്ല. ഈ പ്രതികരണങ്ങൾക്കിടയിൽ ഒരു തമാശരൂപത്തിലുള്ള പ്രതികരണവും വൈറലായി. യുവതിക്ക് ഇനി എല്ലാ വാദപ്രതിവാദങ്ങളിലും വിജയിക്കാൻ കഴിയുമെന്നും കാരണം വിയോജിക്കാൻ ഒരു പങ്കാളി ഇല്ലാത്തത് കൊണ്ട് അവൾക്ക് എല്ലാ തർക്കങ്ങളിലും വിജയിക്കാൻ കഴിയുമെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
മുന്‍ മാതൃകകൾ
സോളോഗമി വാർത്തകളിൽ ഇടം നേടുന്നത് ഇത് ആദ്യമായിട്ടല്ല. 2022-ൽ ഗുജറാത്തിൽ നിന്നുള്ള ക്ഷമ ബിന്ദു എന്ന യുവതി സ്വയം വിവാഹം കഴിച്ചത് ഇന്ത്യയിൽ ഈ വിഷയം വീണ്ടും ശ്രദ്ധേയമാക്കിയിരുന്നു. താൻ എപ്പോഴും ഒരു വധുവാകാൻ ആഗ്രഹിച്ചിരുന്നുവെന്നും, അതിന് ഒരു ഭാര്യയാകേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ച് കൊണ്ട് അവർ ഒരു ഹിന്ദു വിവാഹ ചടങ്ങ് തന്നെ നടത്തി. ജപ്പാൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ ചടങ്ങുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യം സ്വീകരിക്കാനും പരമ്പരാഗത പ്രതീക്ഷകളെ തള്ളിക്കളയാനുമുള്ള ഒരു മാർഗമായിട്ടാണ് ഇവർ സ്വയം വിവാഹം കഴിച്ചത്.


