കൃത്യം 111 വര്‍ഷം മുമ്പ് ഈ ദിവസമാണ് ലോകത്തെ ഏറ്റവും വലിയ ദുരന്തപ്രതീകങ്ങളിലൊന്നായ ടൈറ്റാനിക് നീറ്റിലിറക്കിയത്. അവിശ്വസനീയ ആ ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. പി ആര്‍ വന്ദന എഴുതുന്നു
ഒരു ദുരന്തയാത്രയെ ഒരു അവിസ്മരണീയ പ്രണയകാവ്യമാക്കിയ കാമറൂണ്‍ കാരണം ജാക്കിന്റേയും റോസിന്റേയും എന്തെങ്കിലും ഓര്‍മകള്‍ക്കായി ആ കാഴ്ചവസ്തുക്കള്‍ക്കിടയില്‍ തെരയുന്ന സിനിമാഭ്രാന്തന്‍മാരുമുണ്ട്. നൂറ്റാണ്ട് പിന്നിടുമ്പോഴും ടൈറ്റാനിക് നൊമ്പരമാണ്. അവിശ്വസനീയതയും- പി ആര്‍ വന്ദന എഴുതുന്നു

കടലിനടിയില്‍ചെന്ന് ടൈറ്റാനിക് കാണാന്‍ അവസരം; ടിക്കറ്റ് നിരക്ക് ഇത്തിരി കടുപ്പമാണ്!
...............................
കൃത്യം 111 വര്‍ഷം മുമ്പ് ഈ ദിവസമാണ് ലോകത്തെ ഏറ്റവും വലിയ ദുരന്തപ്രതീകങ്ങളിലൊന്നായ ടൈറ്റാനിക് നീറ്റിലിറക്കിയത്. 1911 മെയ് 31-ന് ഉച്ചക്ക് പന്ത്രണ്ടേ കാലോടെ നീറ്റിലിറക്കിയ ആ അത്യാഡംബര കപ്പലിന്റെ കടലിലെ ട്രയല്‍ റണ്‍ 1912 ഏപ്രില്‍ രണ്ടിനായിരുന്നു. പത്താംതീയതി അത് ആദ്യയാത്ര നടത്തി. അതു കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍. 'കടലിലെ ഒഴുകുംകൊട്ടാരം' എന്നുവിളിക്കപ്പെട്ട കപ്പല്‍ അത്‌ലാന്റിക് മഹാസമുദ്രത്തിന്റെ അഗാധതയില്‍ മറഞ്ഞു. കടലില്‍ ഒഴുകിനടന്ന മഞ്ഞുമലയില്‍ തട്ടി ആ അത്യാഡംബരകപ്പല്‍ നിത്യദുരന്തപ്രതീകമായി കടലിന്നടിയില്‍ താണു.
കടലിന്റെ തണുപ്പിലും ഏകാന്തതയിലും ജീവന്‍ വെടിഞ്ഞത് ആയിരത്തി അഞ്ഞൂറിലധികം പേര്‍. മരിച്ചവരില്‍ ബ്രിട്ടനിലെ അതിസമ്പന്നരും പെടുന്നു. അമേരിക്കയില്‍ പുതിയ ജീവിതം സ്വപ്നം കണ്ടിറങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാരും മരിച്ചു. കപ്പലിന്റെറ വിവിധ നിലകള്‍ തീര്‍ത്ത 'ക്ലാസ് ഡിവൈഡ്' മഞ്ഞുമലയുടെ തണുത്ത കൂര്‍ത്ത അഗ്രങ്ങളില്‍ ഒളിഞ്ഞിരുന്ന മരണത്തിന്റെ കൈകള്‍ക്കുണ്ടായിരുന്നില്ല. ദുരന്തം മുന്നില്‍ നിന്ന് വന്നു നിക്കുമ്പോഴും പാതി ആളുകളുമായി താഴ്ത്തിയ ലൈഫ് ബോട്ടുകള്‍ മരണം മുന്നില്‍ കാണുമ്പോഴും മനുഷ്യര്‍ പിന്തുടരുന്ന ഉച്ചനീചത്വത്തിന്റെയും സങ്കുചിതത്വത്തിന്റേയും പച്ചയായ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. അതില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞ മൂന്നാംക്ലാസ് യാത്രക്കാരുടെ എണ്ണമാണ് ഈ പറയുന്നതിന് തെളിവ്.

...............................
വൈറ്റ് സ്റ്റാര്‍ ലൈന്‍ ആണ് ടൈറ്റാനിക് ഉടമസ്ഥര്‍. മേഖലയില്‍ ഒപ്പം മത്സരിക്കുന്ന ചില കമ്പനികള്‍ വേഗത കൂടിയ സര്‍വീസുകള്‍ ഇറക്കിയപ്പോള്‍ വൈറ്റ് സ്റ്റാറിന്റെ ചെയര്‍മാന്‍ മുന്നിലെത്താന്‍ തീരുമാനിച്ചത് വേറൊരു വഴി കണ്ടാണ്. ആഡംബരത്തിന്റെ അവസാനവാക്കായ അത്യുഗ്രന്‍ യാത്രാക്കപ്പലുകള്‍ ഇറക്കുക. മൂന്ന് കപ്പലുകള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചത്. ഒളിമ്പിക്, ടൈറ്റാനിക് പിന്നെ ബ്രിട്ടാനിക്ക്.
വര്‍ഷങ്ങളായി വൈറ്റ് സ്റ്റാറിന്റെ അടുപ്പക്കാരായ ഹാര്‍ലാന്റ് ആന്റ് വുള്‍ഫ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് ഈ കപ്പലുകളും നിര്‍മിക്കപ്പെട്ടത്. ബെല്‍ഫാസ്റ്റിലായിരുന്നു ഈ ശാല. അവിടത്തെ ഡിസൈന്‍ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന തോമസ് ആന്‍ഡ്രൂസ് ആണ് കപ്പലുകള്‍ രൂപകല്‍പന ചെയ്തത്. 1908 ജൂലൈയില്‍ ആന്‍ഡ്രൂസും കൂട്ടരും തയ്യാറാക്കിയ ഡിസൈന്‍ വൈറ്റ് സ്റ്റാര്‍ ലൈന് സമര്‍പ്പിച്ചു. അവരത് അംഗീകരിച്ച് നിര്‍മാണത്തിന് ധാരണയായി. ഏറ്റവും മുകളിലും താഴെയുമുള്ള രണ്ട് ഡെക്കുകള്‍ക്കിടയില്‍ ഇംഗ്ലീഷ് അക്ഷരമാലയുടെ ക്രമത്തിലും പേരിലും ആറ് നിലകള്‍. അത്യാഡംബര ക്യാബിനുകള്‍, ഭക്ഷണശാലകള്‍, ജിം, വായനാമുറി, സാധാരണ ക്യാബിനുകള്‍ തുടങ്ങി പല വിധത്തിലും സൗകര്യത്തിലുമുള്ള ക്രമീകരണങ്ങള്‍.

ടൈറ്റാനിക്ക് ദുരന്തം എങ്ങനെയുണ്ടായി; സംഭവത്തില്‍ 'ട്വിസ്റ്റായി' പുതിയ പഠനം
......................................
കൂട്ടത്തിലെ കേമന്‍മാര്‍ക്കുള്ള ക്യാബിനുകള്‍ രൂപകല്‍പന ചെയ്തത് അന്നത്തെ ഏറ്റവും വലിയ ഹോട്ടല്‍മുറികളുടേത് പോലെ. മൂന്നാംഗ്രേഡില്‍ പെട്ട ക്യാബിനുകള്‍ പോലും അന്നത്തെ മറ്റ് കപ്പലുകളുടേതിനേക്കാളും ഏറെ മെച്ചപ്പെട്ടതായിരുന്നു. ആഡംബരത്തിന്റെനയും സൗകര്യങ്ങളുടേയും അവസാനവാക്കായി തന്നെയാണ് ടൈറ്റാനിക് രൂപകല്‍പന ചെയ്യപ്പെട്ടതും നിര്‍മിക്കപ്പെട്ടതും. നിര്‍മാണരീതികളിലും സുരക്ഷാസംവിധാനങ്ങളിലുമെല്ലാം ഏറ്റവും കരുതലും ശ്രദ്ധയും കൊടുത്തുതന്നെ ഏതാണ്ട് 26 മാസം കൊണ്ട് അത് പണിതീര്‍ത്തു.
മരണത്തിലേക്കുള്ള യാത്രയില്‍ 880-ലധികം പേരായിരുന്നു കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. നേതൃസ്ഥാനം ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിനായിരുന്നു. മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നുണ്ടെന്ന് ചില മുന്നറിയിപ്പുകള്‍ അതുവഴി കടന്നുപോയ കപ്പലുകളില്‍ നിന്ന് കിട്ടിയിരുന്നു. പക്ഷേ ക്യാപ്റ്റന്‍ സ്മിത്ത് അതത്ര ഗൗനിച്ചില്ല. ടൈറ്റാനിക്കിന്റെ സംവിധാനങ്ങളിലെ വിശ്വാസം, ഒപ്പം കടലിലെ മഞ്ഞുപാളികള്‍ അത്ര കുഴപ്പക്കാരല്ലെന്ന് അനുഭവങ്ങളില്‍ നിന്നുള്ള അനുമാനം. രണ്ടുമാകാം കാരണം.
തൊട്ടടുത്ത് കണ്ട കൂറ്റന്‍ മഞ്ഞുമലയില്‍ നേരിട്ടിടിക്കാതെ കപ്പല്‍ തിരിച്ചെങ്കിലും കടലിന്നടിയില്‍ ഒളിച്ചിരുന്ന ഹിമശൈലാഗ്രം ടൈറ്റാനിക്കിന്റെ കീഴ്ഭാഗത്ത് മുറിപ്പാടുകളുണ്ടാക്കി. അതിലൂടെ ഇരച്ചുകയറിയ വെള്ളം ആ ജലകൊട്ടാരത്തിലാകെ വിള്ളലേല്‍പിച്ചു. മൂന്ന് മണിക്കൂര്‍ തികച്ചെടുത്തില്ല, ആ കൂറ്റന്‍ കപ്പല്‍ പിളര്‍ന്ന് കടലിന്റെ അഗാധതയിലേക്ക് താണു.

ജാക്കിനെ റോസ് രക്ഷിക്കാതിരുന്നത് എന്തെ? - ഉത്തരം ഇതാണ്
.............................
രക്ഷാസന്ദേശം കണ്ട് കപ്പലുകള്‍ അപകടസ്ഥലത്ത് എത്താന്‍ മണിക്കൂറുകളെടുത്തു. അങ്ങനെയെത്തിയ കര്‍പാത്യയിലേറി എഴുന്നൂറിലധികം പേര്‍ ന്യൂയോര്‍ക്ക് എന്ന ലക്ഷ്യസ്ഥാനത്ത് എത്തി. അവരെക്കാത്ത് രക്ഷാപ്രവര്‍ത്തകരും വിവരമറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളെല്ലാം പ്രധാനമായും കണ്ടെത്തിയത് ഒരേ ഘടകങ്ങളായിരുന്നു. ലൈഫ് ബോട്ടുകളുടെ എണ്ണം കുറവായിരുന്നു, ഐസ്ബര്‍ഗുകളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ എടുത്തില്ല, മഞ്ഞുപാളികള്‍ ഒഴുകി നടന്ന മേഖലയായിട്ടും അമിതവേഗത തുടര്‍ന്നു, ഇതായിരുന്നു ആ പൊതുഘടകങ്ങള്‍.
അപകടത്തില്‍ മരിച്ച ആയിരത്തിലധികം പേരില്‍ മുന്നൂറിലധികം പേരുടെ മാത്രം മൃതദേഹമാണ് കണ്ടെത്താനായത്. അത്‌ലാന്റിക്കിന്റെ തണുത്ത ആഴങ്ങളിലേക്ക് മുങ്ങിയ ടൈറ്റാനിക്കിന്റെു അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1985-ല്‍ അമേരിക്കന്‍ നാവികസേനയുടെ സഹായത്തോടെ ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആ ആഡംബരക്കപ്പലിന്റെ രണ്ട് മുറിക്കഷ്ണങ്ങള്‍ കണ്ടെത്തി.
ടൈറ്റാനിക് ദുരന്തം അത്‌ലാന്റിക്കിലുണ്ടാക്കിയ ഓളപ്പരപ്പുകള്‍ ലോകമെമ്പാടും വേദനയുടെയും അവിശ്വസനീയതയുടേയും പ്രതിഷേധത്തിന്റെയുമെല്ലാം അലയൊലികള്‍ തീര്‍ത്തു. പിന്നാലെ ബ്രിട്ടനും അമേരിക്കയുമെല്ലാം സംഭവം അന്വേഷിച്ചു. അതിന്റെയെല്ലാം ബാക്കിയായി കടല്‍യാത്രക്കുള്ള ചട്ടങ്ങള്‍ രൂപകല്‍പന ചെയ്യപ്പെട്ടു. 1914 -ല്‍ അങ്ങനെ തയ്യാറാക്കിയ International Convention for the Safety of Life at Sea അഥവാ SOLAS ഇന്നും കടലിലെ സുരക്ഷിതയാത്രക്കുള്ള മാനദണ്ഡമാണ്. ഐസ് ബര്‍ഗുകളുടെ നിരീക്ഷണത്തിനുമുണ്ടായി ചട്ടങ്ങള്‍.

ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സമുദ്ര അടിത്തട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നു; കാരണം ഇതാണ്.!
..........................
ടൈറ്റാനിക് ദുരന്തത്തെ കുറിച്ചുള്ള ആദ്യത്തെ സിനിമ അപകടം നടന്ന് ഒരു മാസമായപ്പോള്‍ തന്നെ ഇറങ്ങി, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡോറോത്തി ഗിബ്‌സണ്‍ തന്നെ നായികയായ Saved from the Titanic, പിന്നീട് 1958-ല്‍ ഇറങ്ങിയ A NIGHT TO REMEMBER ആണ് അപകടം ഏതാണ് പൂര്‍ണകൃത്യതയോടെ നിര്‍മിച്ചതെന്നാണ് വെയ്പ്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും വിജയിച്ചതും വര്‍ഷങ്ങള്‍ക്കിപ്പുറവം 1997-ല്‍ ജെയിംസ് കാമറോണ്‍ ഒരുക്കിയ ടൈറ്റാനിക്കും.
കലാരംഗത്തെ സൃഷ്ടികളല്ലാതെ ടൈറ്റാനിക്കിനും ടൈറ്റാനിക്ക് ദുരന്തത്തിനും കടലില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്കും വിവിധ ലോകനഗരങ്ങളിലും സ്മാരകങ്ങളുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടെടുത്ത നിരവധി വസ്തുക്കള്‍ ലോകത്തെ വിവിധ മ്യൂസിയങ്ങളിലുണ്ട്. ഒരു ദുരന്തയാത്രയെ ഒരു അവിസ്മരണീയ പ്രണയകാവ്യമാക്കിയ കാമറൂണ്‍ കാരണം ജാക്കിന്റേയും റോസിന്റേയും എന്തെങ്കിലും ഓര്‍മകള്‍ക്കായി ആ കാഴ്ചവസ്തുക്കള്‍ക്കിടയില്‍ തെരയുന്ന സിനിമാഭ്രാന്തന്‍മാരുമുണ്ട്. നൂറ്റാണ്ട് പിന്നിടുമ്പോഴും ടൈറ്റാനിക് നൊമ്പരമാണ്. അവിശ്വസനീയതയും.
