തുടർച്ചയായ ഓൺലൈൻ ട്രോളിംഗിനെ തുടർന്ന് രാജസ്ഥാനി ഇൻഫ്ലുവൻസർ അനിത ബിഷ്ണോയി ഇൻസ്റ്റാഗ്രാം ലൈവിനിടെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറ്റൊരു ഇൻഫ്ലുവൻസറുടെ നേതൃത്വത്തിൽ സംഘടിത ആക്രമണം നടന്നതായി ഭർത്താവ് ആരോപിച്ചു. അനിത നിലവിൽ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർച്ചയായ ഓൺലൈൻ ട്രോളിംഗും വ്യക്തിപരമായ സമ്മർദ്ദവും കാരണം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സും ആരാധകരുമുണ്ടായിരുന്ന ഇൻഫ്ലുവൻസർ അനിത ബിഷ്ണോയി ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ചു. ഇവർ നിലവിൽ ജോധ്പൂരിലെ എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണ്. അനിത ബിഷ്ണോയിയ്ക്ക് രാജസ്ഥാനിലെ മറ്റൊരു ഇൻഫ്ലുവൻസറിൽ നിന്ന് നിരന്തരം പീഡനവും മറ്റുള്ളവരിൽ നിന്ന് ഭീഷണിയും നേരിടേണ്ടിവന്നിരുന്നതായി ഇവരുടെ ഭർത്താവ് ആരോപിച്ചു.
'ഇനി നിങ്ങൾ എന്നെ കാണില്ല'
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാം ലൈവ് ചെയ്തതിന് പിന്നാലെയാണ് അനിത വിഷം കഴിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ലൈവ് ഷോയിൽ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ അപകീർത്തികരമായ പരാമർശം നടത്തുണ്ടെന്നും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അനിത ആരോപിച്ചിരുന്നു. "എന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നവരോട്, മരിക്കുക എളുപ്പമല്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ, പക്ഷേ, എന്‍റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല. നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ, നേരിട്ട് വന്ന് എന്നോട് സംസാരിക്കുക. അല്ലെങ്കിൽ, പോലീസ് എന്ത് വേണമെങ്കിലും കൈകാര്യം ചെയ്യും." അതിന് പിന്നാലെ 'നിങ്ങളുടെ സഹോദരിയെ ഇനി കാണില്ലെന്ന' തരത്തിലുള്ള ഒരു സന്ദേശവും അവർ പങ്കുവച്ചു. ഇതോടെ അനിതയും സമൂഹ മാധ്യമ ആരാധകർ അസ്വസ്ഥരായി.
സംഘടിത ആക്രമണം
മലറാം എന്ന മറ്റൊരു ഉള്ളടക്ക സൃഷ്ടാവ് വളരെക്കാലമായി അനിതയെ ലക്ഷ്യം വച്ചിരുന്നെന്ന് അനിതയുടെ ഭർത്താവ് ദിനേശ് ബിഷ്‌ണോയ് ആരോപിച്ചു. ഇയാൾ മറ്റുള്ളവരോടും അനിതയ്ക്കെതിരെ സംസാരിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ ഇതൊരു സംഘടിത ആക്രമണമായി മാറിയെന്നും ദിനേശ് ആരോപിച്ചു. മകൻ വിളിച്ച് പറഞ്ഞപ്പോഴാണ് അനിത വിഷം കഴിച്ച കാര്യം താൻ അറിയുന്നതെന്നും ദിനേശ് പറഞ്ഞു. അനിത ഇപ്പോൾ ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
സംസ്കാരം, മൂല്യങ്ങൾ, സാമൂഹിക മാറ്റം എന്നിവയെക്കുറിച്ചുള്ള സന്ദേശം ഉൾക്കൊള്ളുന്ന ഒരു സമൂഹ മാധ്യമ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് അനിതയ്ക്കെതിരെ ട്രോളിംഗ് ആരംഭിച്ചതെന്ന് കുടുംബാംഗങ്ങൾ കരുതുന്നു. രാജസ്ഥാന്റെ പാരമ്പര്യങ്ങൾ, നാടോടി സംസ്കാരം, സാമൂഹിക അവബോധ സംരംഭങ്ങൾ, സമൂഹ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഉള്ളടക്കത്തിലൂടെ അനിത ബിഷ്‌ണോയി ഒരു ഗണ്യമായ ഓൺലൈൻ സാന്നിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ഏകദേശം 13 ലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ ആറര ലക്ഷത്തോളം ഫോളോവേഴ്‌സുമുള്ള ഇൻഫ്ലുവൻസറാണ് അനിത ബിഷ്ണോയി.


