കാഞ്ഞിരപ്പള്ളിയിലും കാണ്‍പൂരിലും പൊലീസ് കള്ളനായപ്പോള്‍, കള്ളനെ പിടിച്ചത് ഇരുട്ടത്തും കണ്‍തുറന്നിരുന്ന സിസിടിവി ക്യാമറയാണ്. രണ്ടിടത്തെയും പൊലീസുകാരുടെ മോഷണം പുറത്തുവന്നത് സിസിടിവി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വഴിയാണ്.
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും രാത്രിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച സംഭവത്തിനു പിന്നാലെ, യു പിയിലെ കാണ്‍പൂരിലും സമാനസംഭവം. രാത്രിയില്‍ ഡ്യൂട്ടിക്കിറങ്ങിയ പൊലീസുകാരനാണ് ഇവിടെ മോഷണം നടത്തിയത്. എന്നാലിവിടെ, പൊലീസുകാരന്‍ അടിച്ചു മാറ്റിയത്, മാമ്പഴമല്ല, ഒരു മൊബൈല്‍ ഫോണാണ്. മാമ്പഴം മോഷ്ടിച്ചത് കടയില്‍നിന്നാണെങ്കില്‍, യുപിയിലെ പൊലീസുകാരന്‍ ഫോണ്‍ അടിച്ചുമാറ്റിയത് കടയ്ക്കു പുറത്തുള്ള വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന കടയുടമയുടെ കീശയില്‍നിന്നാണ്. മാമ്പഴം മോഷിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തതു പോലെ, കാണ്‍പൂരിലെ പൊലീസുകാരനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
രണ്ട സംഭവങ്ങളിലും വേറെയും സമാനതകളുണ്ട്. കാഞ്ഞിരപ്പള്ളിയിലും കാണ്‍പൂരിലും പൊലീസ് കള്ളനായപ്പോള്‍, കള്ളനെ പിടിച്ചത് ഇരുട്ടത്തും കണ്‍തുറന്നിരുന്ന സിസിടിവി ക്യാമറയാണ്. രണ്ടിടത്തെയും പൊലീസുകാരുടെ മോഷണം പുറത്തുവന്നത് സിസിടിവി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വഴിയാണ്. ഈ സിസിടിവി ദൃശ്യങ്ങള്‍ അതിവേഗം വൈറലായതിനെ തുടര്‍ന്നാണ് രണ്ടു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ക്കെതിരെ നടപടി വന്നത്.
സെപ്തംബര്‍ മുപ്പതിന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍നിന്നും ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബ് പത്തു കിലോ മാമ്പഴം മോഷ്ടിച്ചത്. അതുകഴിഞ്ഞ് കൃത്യം എട്ടു ദിവസങ്ങള്‍ക്കു ശേഷമാണ് യുപിയിലെ കാണ്‍പൂര്‍ മഹാരാജ്പൂര്‍ പ്രദേശത്തെ ചാത്ത്മാര ഇന്റര്‍സെക്ഷനില്‍ നെറ്റ് പട്രോള്‍ ഡ്യൂട്ടിക്കിറങ്ങിയ പൊലീസുകാരന്‍ മോഷണം നടത്തിയത്. മഹാരാജ്പൂര്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ തയിപാത് പ്രഗേഷ് സിംഗാണ് മോഷണം നടത്തിയത്. ഒരു ഹോംഗാര്‍ഡിനൊപ്പമാണ് ഇയാള്‍ പട്രോളിംഗിനിറങ്ങിയത്. റോഡിലൂടെ നടന്നു പോവുന്ന ഇയാള്‍ വഴിയരികിലെ ഒരു കടയുടെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാളുടെ കീശയില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. കടയുടമയായ നിതിന്‍ സിംഗിന്റെ കീശയില്‍നിന്നാണ് പൊലീസുകാരന്‍ ഫോണ്‍ അടിച്ചുമാറ്റിയത്. രാത്രിയില്‍ ചരക്കിറക്കി കഴിഞ്ഞ്, കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍.

ഫോണ്‍ മോഷണം പോയതിനു പിന്നാലെ, നിതിന്‍ സിംഗ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ്, ഒരു പൊലീസുകാരന്‍ പമ്മിപ്പമ്മി വന്ന് കീശയില്‍നിന്നും ഫോണ്‍ എടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായി. വലിയ വാര്‍ത്തയുമായി അതിനുശേഷം ഈ വീഡിയോയ്‌ക്കൊപ്പം ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മോഷ്ടാവായ പൊലീസുകാരനെ കണ്ടെത്തിയതും സസ്‌പെന്റ് ചെയ്തതും.
റോഡിലൂടെ മറ്റൊരു പൊലീസുകാരനൊപ്പം നടന്നു വരുന്ന കോണ്‍സ്റ്റബിള്‍ പ്രഗേഷ് സിംഗ് കട വരാന്തയിലേക്ക് കയറിപ്പോവുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ കിടന്നുറങ്ങുകയായിരുന്ന ആളുടെ പോക്കറ്റില്‍നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുന്നതും അതിനു ശേഷം മറ്റേ പൊലീസുകാരനൊപ്പം സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിനു ശേഷം മോഷണത്തിനു കൂട്ടു നിന്ന കുറ്റത്തിന് ഹോംഗാര്‍ഡിനെയും സസ്‌പെന്റ് ചെയ്തതായി യു പി പൊലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ച പത്തുകിലോ മാമ്പഴമാണ് പൊലീസുകാരന്‍ മോഷ്ടിച്ചത്. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലെ കടയില്‍ സൂക്ഷിച്ച മാമ്പഴം പി വി ഷിഹാബ് എന്ന പൊലീസുകാരന്‍ മോഷ്ടിച്ചത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, ഒളിവില്‍ പോയ ഷിഹാബിനെ കണ്ടെത്താനാവാതെ പൊലീസ് വലഞ്ഞിരുന്നു. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഷിഹാബിനെതിരെ കേസ് എടുത്തിരുന്നു. ആ കേസില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച ശേഷമായിരുന്നു മാമ്പഴ മോഷണം
