എട്ട് കുറ്റകൃത്യങ്ങളുടെ പരമാവധി ശിക്ഷയായ വധശിക്ഷ എടുത്ത് കളഞ്ഞു. എന്നാല്‍ പത്ത് കുറ്റങ്ങളുടെ പരമാവധി ശിക്ഷയായി വധശിക്ഷ നിലനിർത്തുകയും ചെയ്ത്  വിയറ്റ്നാം. 

ടുത്ത മാസം മുതൽ എട്ട് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ നിർത്തലാക്കുമെന്ന് വിയറ്റ്നാം പാർലമെന്‍റ് ബുധനാഴ്ച പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർത്തലാക്കുന്നതിനുള്ള ക്രിമിനൽ കോഡിലെ ഭേദഗതി നേരത്തെ തന്നെ രാജ്യത്തെ നിയമനിർമ്മാണ സമിതിയായ ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇളവ് നൽകുന്ന കുറ്റകൃത്യങ്ങളിൽ അഴിമതിയും സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു നിയമപരിഷ്കരണം ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് 12 ബില്യൺ ഡോളറിന്‍റെ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വ്യവസായിയായ യുവതിയുടെ ജീവൻ രക്ഷിക്കാൻ ആണെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം.

പൊതുസ്വത്ത് നശിപ്പിക്കൽ, വ്യാജ മരുന്ന് നിർമ്മാണം, സമാധാനത്തിന് ഭീഷണി ഉയർത്തൽ, അധിനിവേശ യുദ്ധങ്ങൾക്ക് തുടക്കമിടൽ, ചാരവൃത്തി, മയക്കുമരുന്ന് കൈവശം വയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾ ഇനിമുതൽ വധശിക്ഷ ലഭിക്കില്ലെന്നാണ് വിയറ്റ്നാം ഔദ്യോഗിക വാർത്താ ഏജൻസി അറിയിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾക്ക് ഇനി ലഭിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവായിരിക്കും. ഇതുവരെ വനശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും വധശിക്ഷ നടപ്പാക്കാത്തവരുടെ ശിക്ഷ ഇനി ജീവപര്യന്തം തടവായി കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ തടവിൽ കഴിയുന്നവരിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയും റിയൽ എസ്റ്റേറ്റ് ഡെവലപ്പർ വാൻ തിൻ ഫാറ്റ് ഹോൾഡിംഗ്സ് ഗ്രൂപ്പിന്‍റെ ചെയർവുമണുമായ ട്രൂങ് മൈ ലാനും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷമാണ് സാമ്പത്തിക തട്ടിപ്പിന് ഇവർക്ക് വധശിക്ഷ വിധിച്ചത്. ട്രൂങ് മൈ ലാനെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായാണ് സർക്കാർ ഇത്തരത്തിൽ ഒരു നിയമപരിഷ്കരണം ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഇതിനോട് സർക്കാരോ ട്രൂങ് മൈ ലാനിന്‍റെ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല.

കൊലപാതകം, രാജ്യദ്രോഹം, തീവ്രവാദം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നിവയുൾപ്പെടെ പത്ത് കുറ്റകൃത്യങ്ങൾ വിയറ്റ്നാമിൽ വധശിക്ഷയ്ക്ക് വിധേയമായി തുടരുമെന്ന് റിപ്പോർട്ട് പറയുന്നു. മയക്കുമരുന്ന് കടത്തും വധശിക്ഷാ കുറ്റമായി തുടരും. വിയറ്റ്നാമിൽ വധശിക്ഷാ ഡാറ്റ ഒരു സംസ്ഥാന രഹസ്യമാണ്, അതുകൊണ്ടുതന്നെ രാജ്യത്ത് നിലവിൽ എത്ര പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല. 2011 -ൽ ഫയറിംഗ് സ്ക്വാഡുകൾ നിർത്തലാക്കിയതിന് ശേഷം മാരകമായ കുത്തിവെപ്പ് നൽകിയായിരുന്നു വിയറ്റ്നാം വധശിക്ഷ നടപ്പിലാക്കിയിരുന്നത്.