ഗുഡ്ഗാവിലെ ശുചീകരണ തൊഴിലാളികളെയും വീട്ട് ജോലിക്കാരെയും ഒരു ദിവസം മുതല്‍ കാണുന്നില്ലെന്ന് പരാതി. 

ഇന്ത്യയിലെ ആറാമത്തെ വലിയ നഗരവും ദില്ലിയുടെ ഉപഗ്രഹനഗരവുമായി കണക്കാക്കുന്ന ഗുര്‍ഗാവിൽ നിന്നും അസാധാരണമായ ഒരു പാരതി കഴിഞ്ഞ ദിവസം ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍, ഗുഡ്ഗാവിലെ ചില പ്രദേശങ്ങളില്‍ നിന്ന് വീട്ടുജോലിക്കെരെയും ശുചീകരണ തൊഴിലാളികളെയും കാണുന്നില്ലെന്നാണ് പരാതി. അതിനാല്‍ അടുക്കളയും പൊതു ഇടങ്ങളും ശൂന്യമാണെന്ന് റെഡ്ഡിറ്റില്‍ ചിലരെഴുതി. വേലക്കാരികളെ കാണാത്തതിനാല്‍ അടുക്കളയിലെ അടുപ്പുകൾ പണിമുടക്കി, ശുചീകരണത്തൊഴിലാളികളെത്താത്തതിനാല്‍ പൊതുഇടങ്ങളില്‍ മാലിന്യം കുന്നുകൂടിയെന്ന് ചില റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് കുറിപ്പുകളെഴുതിയത്. പെട്ടെന്നൊരു ദിവസം മുതല്‍ ഇവരെല്ലാം എവിടെ അപ്രത്യക്ഷമായെന്നാണ് താമസക്കാരും ചോദിക്കുന്നത്.

ഗുഡ്ഗാവിൽ, പ്രത്യേകിച്ച് ആർഡി സിറ്റിയിൽ വീട്ടുജോലിക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും പെട്ടെന്നുള്ള തിരോധാനം താമസക്കാരിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. ഞായറാഴ്ച മുതൽ തങ്ങളുടെ വീട്ടുജോലിക്കാരെയും പാചകക്കാരെയും കാണുന്നില്ലെന്നും നഗരത്തിലെ മാലിന്യ നീക്കം നടക്കുന്നില്ലെന്നും നിരവധി പേരാണ് പരാതിപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് ഇവരെല്ലാം എവിടെപ്പോയെന്ന് ചിലര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ തങ്ങളുടെ അടുക്കള പൂട്ടിയെന്നായിരുന്നു എഴുതിയത്.

ഞായറാഴ്ച മുതൽ ആർഡീ സിറ്റിയിൽ നാമെല്ലാവരും നേരിടുന്ന ഒരു പ്രശ്നമുണ്ട്, വീട്ടുജോലിക്കാരും പാചകക്കാരും പെട്ടെന്ന് അപ്രത്യക്ഷരായി, ഫോണുകളിൽ അവരെ ബന്ധപ്പെടാൻ കഴിയുന്നില്ല. മാലിന്യം ശേഖരിക്കുന്നയാൾ വരുന്നില്ല. എന്താണ് കാരണം? ഒരു ഗുഡ്ഗാവുകാരന്‍ അസ്വസ്ഥതയോടെ കുറിച്ചു. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇതിന് പിന്നാലെ നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയതിന്‍റെ ഫലമാണ് ഈ തിരോധാനമെന്ന് പലരും എഴുതിയത്. കുടിയേറ്റവകുപ്പും പോലീസും അപ്രതീക്ഷിത പരിശോധന നടത്തുകയാണ്, പ്രത്യേകിച്ചും ബംഗാളി സംസാരിക്കുന്ന പശ്ചിമേഷ്യക്കാരെയാണ് അന്വേഷിക്കുന്നതെന്നും ചിലരെഴുതി.

'ഇന്ത്യയിൽ നിന്നുള്ളവരാണെന്ന രേഖകൾ കാണിച്ചിട്ടും ആളുകളെ ബലമായി പിടിച്ചുകൊണ്ടുപോകുകയാണെന്ന് എന്‍റെ ദീദി ഇന്ന് എന്നോട് കരഞ്ഞു. എന്നിട്ട് അവർ അവരെ മർദിക്കുകയും ഫോണുകൾ ഓഫാക്കുകയും ചെയ്യെന്ന് ഒരു റെഡ്ഡിറ്റ് ഉപഭോക്താവെഴുതി. എന്നാല്‍, പോലീസിന്‍റെ പെരുമാറ്റവും നിർബന്ധിത അറസ്റ്റും ഭയന്ന് കുറച്ചുപേർ മാത്രമേ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നൊള്ളൂവെന്ന് മറ്റൊരാൾ എഴുതി. അതേസമയം ആളുമാറിയുള്ള അറസ്റ്റുകളും നടക്കുന്നുണ്ടെന്നായിരുന്നു മറ്റ് ചിലരെഴുതിയത്. എന്നാല്‍ പലരും പശ്ചിമബംഗാള്‍ സ്വദേശിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമെങ്കിലും അവരുടെ ബംഗാൾ ഉച്ചാരണത്തിന് ബംഗ്ലാദേശിനോടാണ് സാമ്യമെന്നും അറസ്റ്റുകളുണ്ടാകുമെന്നും മറ്റ് ചിലരുമെഴുതി. അതേസമയം കുടിയേറ്റ വകുപ്പോ പോലീസോ ഇത്തരം അറസ്റ്റുകളോട് പ്രതികരിച്ചിട്ടില്ല.