റോഡുവശത്ത് വിശ്രമിക്കുകയായിരുന്ന കൂറ്റന്‍ മുതലയെ പിടികൂടിയ കഥ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലെഴുതിയപ്പോൾ അത് വൈറല്‍.

നോർത്ത് കരോലിനയിലെ ഓൺസ്ലോ കൗണ്ടിയിലെ ഓൾഡ് 30 റോഡിന് സമീപത്ത് കണ്ടെത്തിയത് 400 പൗണ്ട് ഭാരവും 10 അടി നീളവുമുള്ള കൂറ്റന്‍ മുതല. ഇര വിഴുങ്ങി മയങ്ങിക്കിടക്കുകയായിരുന്നു അവന്‍. വഴിയാത്രക്കാര്‍ വിളിച്ച് അറിയിച്ചതനുസരിച്ച് ഓൺസ്ലോ കൗണ്ടി പോലീസ് സ്ഥലത്തെത്തി. ഒപ്പം കരോലിന വൈൽഡ് ലൈഫ് റിസോഴ്സ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമെത്തി. പെപ്പെ ദി ഗേറ്റർ എന്ന് പേരുള്ള മുതലയായിരുന്നു അത്. ഇരുവിഭാഗം ഉദ്യോഗസ്ഥരും ഏറെ ശ്രമിച്ചതിന് ശേഷം മുതലയെ പിടികൂടുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

മുതല പിടിത്തത്തിന്‍റെ കഥ ഷെരീഫ് ഓഫീസിന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചതോടെ വൈറലായി. 'പൗരാണിക കാലത്തെ കുറ്റവാളി' എന്നായിരുന്നു മുതലയുടെ പ്രവര്‍ത്തിയെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വിശേഷിപ്പിച്ചത്. ഈ വിശേഷണം സമൂഹ മാധ്യമ ഉപയോക്താകളെ ഹരം കൊള്ളിച്ചു. പെപ്പെ എന്ന ഗേറ്ററിനെ പൗരാണിക കാലത്തെ കുറ്റവാളിയെന്ന് അഭിസംബോധ ചെയ്തത് നിരവധി പേരുടെ ശ്രദ്ധനേടി.

'ഓൺസ്ലോ കൗണ്ടി ഡെപ്യൂട്ടികൾ പൗരാണിക കാലത്തെ ഒരു കുറ്റവാളിയെ പിടികൂടി. 2025 മെയ് 28 ബുധനാഴ്ച, ഓൺസ്ലോ കൗണ്ടിയിലെ ഡെപ്യൂട്ടികളും എൻ‌സി വന്യജീവി വിഭവ കമ്മീഷൻ ഓഫീസർമാരും ഓൾഡ് 30 റോഡിലെ ഇരട്ട മഞ്ഞ വരയ്ക്ക് സമീപം അലഞ്ഞ് തിരിയുകയായിരുന്ന പൗരാണിക കാലത്തെ ഒരു കുറ്റവാളിയുമായി ഏറ്റുമുട്ടി. റോഡുകളിൽ അലഞ്ഞ് തിരിയുകയോ വിശ്രമിക്കുകയോ ചെയ്യരുത് എന്ന മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് മുതല റോഡില്‍ വെറുതെ വിശ്രമിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

350-400 പൗണ്ട് ഭാരവും ഏകദേശം 10 അടി നീളവുമുള്ള പെപ്പെ ദി ഗേറ്ററിനെതിരെ, ശരിയായ രേഖകൾ കൈവശമില്ലാത്ത ഒരു ദിനോസർ ആണെന്ന സംശയം, വെയിലത്ത് കുളിക്കാനുള്ള ഉദ്ദേശ്യത്തോടെ പൊതുജനങ്ങൾക്കിടയിൽ അലഞ്ഞുതിരിയൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഗേറ്റർ വിലങ്ങിടാൻ വിസമ്മതിച്ചെങ്കിലും അദ്ദേഹത്തിന്‍റെ അഭിമാനം കണക്കിലെടുക്കാന്‍ ഡെപ്യൂട്ടികൾ തയ്യാറായില്ല. എങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗേറ്ററെ സുരക്ഷിതമായി മാറ്റിപാര്‍പ്പിച്ചു. ഇല്ല, അവന് തോക്ക് എടുക്കാന്‍ കഴിഞ്ഞില്ല.' കുറിപ്പിനൊപ്പം നിരവധി ഫോട്ടോകളും ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ടു. അതിലൊന്നില്‍ മുതലയുടെ മുഖത്ത് ചാക്ക് ഇട്ടശേഷം അതിന് മുകളില്‍ കയറി ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രമായിരുന്നു. മുതലയെ പിടികൂടിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്.