പുതിയ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കി നോട്ടുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
പുതിയ താമസ സ്ഥലത്തേക്ക് മാറിയാല്‍ കുറച്ച് ദിവസത്തേക്കെങ്കിലും ഒരു അസ്വസ്ഥത നമ്മളെ പിന്തുടരും. അയൽക്കാര്‍ ആരെക്കെയാണ്. അവരെങ്ങനെയാണ് എന്നൊക്കെയുള്ള ചിന്തകളാണ് അതിന് കാരണം. അയൽക്കാരെ ഒക്കെ പരിചയപ്പെട്ട് കഴിയുന്നതോടെ പകുതി അപരിചിതത്വം മാറിക്കിട്ടും. എന്നാല്‍ പുതിയ കാലത്ത് അപ്പാര്‍ട്ട്മെന്‍റ് ജീവിതത്തില്‍ കാര്യങ്ങൾ അല്പം കൂടി വ്യത്യസ്തമാണ്. അവിടെ ഫ്ലാറ്റിലെ പാര്‍ക്കിംഗ് സ്ഥലം മുതല്‍ പ്രശ്നങ്ങൾ ആരംഭിക്കുമെന്ന് പരാതിപ്പെട്ട ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
യുഎസിലെ പുതിയ അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറിയതിന് പിന്നാലെ തന്‍റെ പാര്‍ക്കിംഗ് സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് പ്രത്യക്ഷപ്പെട്ട കുറിപ്പുകൾ തന്നെ അസ്വസ്ഥമാക്കിയെന്ന് ഒരു യുവാവ് റെഡ്ഡിറ്റിലെഴുതി. ഒരാഴ്ച മുമ്പാണ് പുതിയ അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറിയത്. പിന്നാലെ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഒന്നിന് പുറകെ ഒന്നായി നിരവധി കുറിപ്പുകൾ. എല്ലാ കുറിപ്പുകളിലും ആവശ്യപ്പെട്ടത് പാര്‍ക്കിംഗ് സ്ഥലത്തിന്‍റെ ഉടമസ്ഥത.
അപ്പാര്‍ട്ട്മെന്‍റിൽ തനിക്ക് പാര്‍ക്കിംഗ് അനുവദിച്ച സ്ഥലത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, പിറ്റേന്ന് എത്തിയപ്പോൾ കാറിന്‍റെ മുന്‍ ഗ്ലാസിന് മുകളില്‍ ഒരു സ്റ്റിക്കി നോട്ട് കുറിപ്പ് ! പാര്‍ക്കിംഗ് സ്ഥലം കുറിപ്പെഴുതിയ ആളുടെതാണെന്നും താന്‍ അത് തട്ടിയെടുത്തെന്നുമായിരുന്നു കുറിപ്പ്. ആ കുറിപ്പിനെ അവഗണിച്ചപ്പോൾ പിറ്റേന്ന് മറ്റൊന്ന്. അങ്ങനെ ഓരോ ദിവസം ഓരോ കുറിപ്പുകളായി കാറിന്‍റെ ഗ്ലാസില്‍ പ്രത്യക്ഷപ്പെട്ടതോടെ താന്‍ അസ്വസ്ഥനായെന്ന് യുവാവ് എഴുതുന്നു.
ഒരു കുറിപ്പില്‍ , 'നിങ്ങളുടെ അയൽക്കാരനെ ബഹുമാനിക്കുക, അയാൾ പണമടച്ച സ്ഥലത്ത് പാർക്ക് ചെയ്യുന്നത് നിർത്തുക. ഇത് അങ്ങേയറ്റം മോശമാണ്, നന്ദി.' എന്നായിരുന്നു എഴുതിയിരുന്നത്. മറ്റൊരു കുറിപ്പില്‍, നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നെന്നും എന്നിട്ടും നിങ്ങളത് പരിഗണിച്ചില്ലെന്നും ഓർമ്മപ്പെടുത്തുന്നതായിരുന്നു. ഒപ്പം തന്‍റെ പാര്‍ക്കിംഗ് സ്പേസ് തിരികെ നല്‍കാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ കുറിപ്പില്‍ താന്‍ ഈ സ്ഥലത്തിന് പണം നല്‍കിയതാണെന്നും അത് തനിക്ക് ഉപയോഗിക്കണമെന്നുമുള്ള ഭീഷണി കലര്‍ന്നതായിരുന്നു. നാലാമത്തെ കുറിപ്പിൽ നിങ്ങൾക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള അധികാരമില്ല. നിങ്ങളുടെ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്യരുതെന്ന ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടു.
കുറിപ്പുകൾ തന്‍റെ മാനസികസ്വാസ്ഥ്യം ഇല്ലാതാക്കി. സ്റ്റിക്കി നോട്ടുകൾ ഓരോ ദിവസവും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ താന്‍ അപ്പാര്‍ട്ട്മെന്‍റ് അസോസിയേഷനുമായി ബന്ധപ്പെട്ടെന്നും യുവാവ് എഴുതി. അവര്‍ പാര്‍ക്കിംഗ് സ്ഥലത്തിന്‍റെ ഉടമസ്ഥത തനിക്ക് തന്നെ എന്ന് വ്യക്തമാക്കി. പിന്നാലെ തന്‍റെ കാറില്‍ താന്‍ തന്നെ ഒരു കുറിപ്പെഴുതി വച്ചെന്ന് യുവാവ് എഴുതി. ഈ സ്ഥലം എന്‍റെതാണെന്ന് ഓഫീസില്‍ വച്ച് ഞാന്‍ സ്ഥിരീകരിച്ചു. നിങ്ങൾക്ക് വേണമെങ്കില്‍ അവരോട് സംസാരിക്കാമെന്നായിരുന്നു ആ കുറിപ്പ്. മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ തന്‍റെ കാറില്‍ വച്ച കുറിപ്പ് കാണാനില്ലായിരുന്നെന്നും പുതിയ കുറിപ്പുകളൊന്നും പിന്നെ പ്രത്യക്ഷപ്പെട്ടില്ലെന്നും യുവാവ് എഴുതി. കുറിപ്പ് വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും തങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനെത്തി. ചിലര്‍ കാറ് മാറി വച്ചതാകുമെന്നും മറ്റ് ചിലര്‍ ഭീഷണിക്ക് വഴങ്ങിയാല്‍ പാര്‍ക്കിംഗ് സ്ഥലം വെറുതെ കിട്ടുമല്ലോയെന്ന് അവര്‍ കരുതിക്കാണുമെന്നും എഴുതി.


