വിവാഹ ആഘോഷത്തിനിടെ ഭക്ഷണത്തിന് മുന്നില്‍ ഇരിക്കവെയാണ് ഇയാൾ ആകാശത്തേക്ക് തന്‍റെ കൈത്തോക്കില്‍ നിന്നും നിറയൊഴിക്കുന്നത്.
വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടയാൾ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളും നിലവില്‍ ജയില്‍ വാസം കഴിഞ്ഞ് ഇറങ്ങിയ നരേല സ്വദേശിയായ പവൻ ഖത്രി എന്ന ചാച്ചിയാണെന്ന് പോലീസ് പറഞ്ഞു.
ദില്ലി പോലീസ് തന്നെ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ മൂന്നാല് ആളുകളോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന പവൻ ഖത്രി തന്‍റെ കൈത്തോക്ക് മുകളിലേക്ക് ഉയർത്തി വെടിവയ്ക്കുന്നത് കാണാം. ഈ സമയം ഇയാളുടെ പിന്നില്‍ ഒരാൾ നില്‍ക്കുന്നതും കാണാം. മേശപ്പുറത്ത് ഭക്ഷണങ്ങൾ നിരത്തിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹത്തിനെത്തിയവരുടെ മുന്നില് ഷോ കാണിക്കാനാണ് ഇയാൾ ആകാശത്തേക്ക് വെടിവച്ചതെന്നും ഇയാളില്‍ നിന്നും ഒരു പിസ്റ്റളും രണ്ട് ലൈവ് വെടിയുണ്ടകളും കണ്ടെടുത്തെന്നും പോലീസ് പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അറസ്റ്റിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഖാത്രി തന്‍റെ പേരില്‍ നിരവധി ക്രിമിനല്‍ കുറ്റങ്ങൾ ഉണ്ടെന്നും നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലീസിനോട് സമ്മതിച്ചു. 2024 -ലാണ് ഇയാൾ അവസാനമായി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തന്‍റെ സാന്നിധ്യവും ആധിപത്യവും അറിയിക്കാനാണ് ഇയാൾ വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവച്ചതെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തായി ദില്ലി പോലീസ് അറിയിച്ചു. ആയുധം എവിടെ നിന്ന് ലഭിച്ചെന്നും ഇയാളുടെ സംഘത്തില്‍ എത്രപേരുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാമെന്നും പോലീസ് അറിയിച്ചു.


