മഴ പെയ്യുമ്പോൾ രണ്ട് ആനകൾ തങ്ങളുടെ ഇടയില്‍ ഒരു സ്ത്രീയെ മഴ കൊള്ളാതെ സംരക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

നകളെ ഭൂമിയിലെ ഏറ്റവും വൈകാരിക ബുദ്ധിശക്തിയുള്ള ജീവികളിൽ ഒന്നായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ. തായ്‌ലൻഡിലെ സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍റെ സ്ഥാപകയായ ലെക് ചൈലെർട്ട് പങ്കിട്ട ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 1,37,000-ത്തിലധികം ആളുകൾ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു.

മഴ പെയ്യുമ്പോൾ ചൈലെർട്ട് രണ്ട് ആനകൾക്കിടയിൽ നിൽക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ചൈലെർട്ട് മഴ അല്പം പോലും നനയാതിരിക്കാൻ ആനകൾ പരമാവധി അവരോട് അടുത്തുനിന്ന് സംരക്ഷണം നൽകുന്നത് കാണാം. ഇടയിൽ ആനകളിൽ ഒന്ന് തുമ്പി കൈകൊണ്ട് പരിശോധിച്ച് ചൈലെർട്ടിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു. ഫാ മായ് എന്നാണ് ഈ ആനയുടെ പേര് എന്ന് ചൈലെർട്ട് തന്നെ വീഡിയോയിൽ പറയുന്നു.

View post on Instagram

ഇൻസ്റ്റാഗ്രാമിൽ ഈ മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ട് ചൈലെർട്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 'കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, ഞങ്ങൾ കോൺക്രീറ്റ് തൂണുകൾക്ക് താഴെ അഭയം തേടി. മഴ മാറാൻ കാത്തിരിക്കുമ്പോൾ, ഞാൻ ആനകൾക്ക് മുന്നിൽ 'ഫാളിംഗ് റെയിൻ' എന്ന ഗാനം ആലപിക്കാൻ തുടങ്ങി. പാട്ടുകേട്ട് കേട്ട് ആകർഷിക്കപ്പെട്ട്, ആനകൾ ഒന്നൊന്നായി ഞങ്ങൾക്കരികിലേക്കെത്തി. മഴ നനയാതെ ഞങ്ങളെ സംരക്ഷിച്ചു. കൂട്ടത്തിൽ ഏറെ ശ്രദ്ധാലുവായിരുന്ന ഫാ മായ്, മറ്റ് ആനകൾ എന്നെ തള്ളിമാറ്റുമോയെന്ന് അവൾ ഭയപ്പെട്ടു. അതുകൊണ്ട് തുമ്പിക്കൈ ഉപയോഗിച്ച് എന്നെ അവൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു കൊണ്ടേയിരുന്നു, ഞാൻ സുരക്ഷിതയാണെന്ന് ഉറപ്പാക്കി. മഴ നിലച്ചപ്പോൾ, അവൾ എന്നെ ആൾക്കൂട്ടത്തിൽ നിന്ന് പെട്ടെന്ന് മാറ്റി, ശ്രദ്ധയോടെ പുറത്തേക്ക് നയിച്ചു. സൗമ്യമായ ഹൃദയവും ചിന്താശേഷിയുമുള്ള ഒരു ആനയാണ് ഫാ മായ് - എപ്പോഴും ജാഗ്രതയുള്ളവളാണ്. ആർക്കും ആവശ്യപ്പെടാവുന്ന ഏറ്റവും മികച്ച സംരക്ഷകയാണ് അവൾ.'

ചൈലെർട്ടിന്‍റെ കുറിപ്പും വീഡിയോയും വളരെ വേഗത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധിക്കപ്പെട്ടു. പിന്നലെ വീഡിയോ ലൈക്കുകൾ കൊണ്ടും കമന്‍റുകൾ കൊണ്ടും നിറഞ്ഞു. ഏറെ വൈകാരികമായ ഒരു കാഴ്ചയാണ് ഇതെന്നായിരുന്നു നിരവധിയാളുകൾ കുറിച്ചത്.